HOME
DETAILS

ലൈലയെ മജ്‌നുവിന്റെ കണ്ണിലൂടെ കാണുക

  
backup
April 27 2019 | 18:04 PM

%e0%b4%b2%e0%b5%88%e0%b4%b2%e0%b4%af%e0%b5%86-%e0%b4%ae%e0%b4%9c%e0%b5%8d%e2%80%8c%e0%b4%a8%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf

 

ലൈലയോടുള്ള അതിരുകടന്ന പ്രണയമാണ് ഖൈസിനെ മജ്‌നുവാക്കിത്തീര്‍ത്തത്. പ്രണയാധിക്യത്താല്‍ അദ്ദേഹം ഭ്രാന്തനായി മാറുകപോലുമുണ്ടായി. പല കോണുകളില്‍നിന്നും അതിന്റെ പേരില്‍ നാനാവിധ പരിഹാസങ്ങളും ആക്ഷേപങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. എന്നിട്ടും അദ്ദേഹത്തിന് ഒരു കുലുക്കവുമുണ്ടായില്ല. ലൈലയെ തേടി അയാള്‍ രാവും പകലുമില്ലാതെ പലയിടത്തും അലഞ്ഞുതിരിഞ്ഞു.


ലൈല-മജ്‌നു പ്രണയക്കഥകള്‍ അറിയാനിടയായ അന്നത്തെ രാജാവിന് ഒരാഗ്രഹം. ഖൈസിനെപോലെയുള്ള ഒരാളെ ഇത്രമാത്രം കീഴടക്കിയ ആ സൗന്ദര്യറാണിയെ ഒന്നു കാണണം. അവളുടെ സൗന്ദര്യം എത്രയുണ്ടെന്നറിയണം..
രാജാവിന്റെ ആഗ്രഹമല്ലേ. അതൊരിക്കലും വിദൂരസ്വപ്നങ്ങളായിരിക്കില്ല. അന്നൊരിക്കല്‍ ആ സ്വപ്നം പൂവണിഞ്ഞു. രാജാവ് ലൈലയെ കണ്ടു. കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തിന്റെ ഉടമയായിരിക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷേ, ലൈലയെ കണ്ടതോടെ എല്ലാ സങ്കല്‍പങ്ങളും തകര്‍ന്നടിഞ്ഞു. കാണാന്‍ ചേലും കോലവുമില്ലാത്തൊരു കോലം... ഇവളാണോ ഖൈസിന്റെ ഹൃദയഭാജനം...! ഹൃദയഭാജനമാകാന്‍ പറ്റിയ ചരക്കുതന്നെ... രാജാവിനൊരു പുച്ഛം.


രാജാവ് അവളോട് ചോദിച്ചു: ''നീയാണോ ഖൈസിനെ ഭ്രാന്തനാക്കിയ പെണ്ണ്. നിന്നെക്കാള്‍ സൗന്ദര്യമുള്ള എത്രയെത്ര പെണ്ണുങ്ങളുണ്ടിവിടെ...!''
രാജാവിന്റെ പുച്ഛം നിറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ലൈല പറഞ്ഞു: ''മിണ്ടിപ്പോകരുത്. താങ്കള്‍ മജ്‌നുവല്ലല്ലോ. മജ്‌നുവിന്റെ കണ്ണുണ്ടായിരുന്നുവെങ്കില്‍ താങ്കള്‍ക്ക് എന്റെ സൗന്ദര്യം കാണാമായിരുന്നു. ആ സൗന്ദര്യം കണ്ടിരുന്നുവെങ്കില്‍ താങ്കള്‍ക്ക് മറ്റുള്ളതെല്ലാം പരമനിസാരമായി തോന്നുമായിരുന്നു..''


കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് എന്നു കേട്ടിട്ടില്ലേ. കാക്കേതരര്‍ക്ക് കാക്കക്കുഞ്ഞ് പേക്കുഞ്ഞായിരിക്കാം. പക്ഷേ, അത് കാക്കയോട് പറയേണ്ട.
ഇഷ്ടാനിഷ്ടങ്ങള്‍ ആപേക്ഷികമാണ്. ഒരാള്‍ക്ക് വിലപ്പെട്ട വസ്തു എല്ലാവര്‍ക്കും വിലപ്പെട്ടതാവണമെന്നില്ല. നിങ്ങളുടെ കണ്ണില്‍ സുന്ദരമായൊരു കാര്യം മറ്റൊരാളുടെ കണ്ണില്‍ വിരൂപമായിരിക്കാം. അങ്ങാടിയില്‍ കടലവിറ്റു നടക്കുന്ന കച്ചവടക്കാരനെ കാണുമ്പോള്‍ നിങ്ങള്‍ക്കൊരുപക്ഷേ ആ ജോലി നിസാരമായി തോന്നാം. എന്നാല്‍ ആ കച്ചവടക്കാരന്റെ കണ്ണും മനസുമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ജോലി കടലവില്‍പനയായിരിക്കും. കളിപ്പാവയ്ക്കു വേണ്ടി കരഞ്ഞാര്‍ക്കുന്ന കുട്ടി നിങ്ങള്‍ക്ക് ശല്യമായിരിക്കാം. കാരണം, കളിപ്പാവ നിങ്ങള്‍ക്കൊരു നിസാര വസ്തുവാണ്. എന്നാല്‍ അതിനെ കുട്ടിയുടെ കണ്ണിലൂടെ നോക്കിക്കാണാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ പ്രിയപ്പെട്ടതായി കാണുന്ന ബെന്‍സ് കാറിനെക്കാള്‍ വിലയുണ്ടാകും അതിന്. കന്നുപൂട്ടാന്‍ പോകുന്നവനെ കാണുമ്പോള്‍ അഭ്യസ്ഥവിദ്യനായ നിങ്ങള്‍ക്ക് വിഷമം തോന്നാം. എന്നാല്‍ നിങ്ങളെ കാണുമ്പോള്‍ കന്നുപൂട്ടുന്നവനും വിഷമം തോന്നാമെന്നു ചിന്തിച്ചാല്‍ പ്രശ്‌നം കഴിഞ്ഞു.
കാഴ്ചകളൊന്നാകാമെങ്കിലും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരിക്കും. ഓരോ കണ്ണും കാണുന്നത് ഒന്നല്ല; ഓരോന്നാണ്. അതിനാല്‍ ആരും ആരെയും നിന്ദിക്കുകയോ നിസാരപ്പെടുത്തുകയോ ചെയ്യരുത്. ലോകത്ത് നമുക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും കണ്ണുണ്ടെന്ന് നാം അംഗീകരിക്കണം. നാം നമ്മുടെ കണ്ണിലൂടെ മാത്രം നോക്കുമ്പോഴാണ് പലതും നിസാരമായി തോന്നുന്നത്. അതിനു പകരം വേറെ ചില കണ്ണിലൂടെ അവയെ നോക്കിക്കാണാന്‍ ശ്രമിച്ചാല്‍ അതു നിസാരമല്ല, സാരം തന്നെയാണെന്നു കാണാന്‍ കഴിയും.


മുകളില്‍നിന്ന് താഴേക്കു നോക്കിയാല്‍ താഴെയുള്ളവരെല്ലാം താഴ്ന്നവരാണ്. എന്നാല്‍ താഴെയുള്ളവരുടെ നിലയിലേക്കു വന്നാല്‍ അവര്‍ താഴ്ന്നവരല്ല ഓരേ നിലവാരക്കാരോ ഉന്നത നിലവാരക്കാരോ ആയിരിക്കും.
എനിക്ക് താഴ്ന്നതായി തോന്നുന്നു എന്നേ പറയാവൂ. അല്ലാതെ അതു താഴ്ന്നതാണെന്നു വിധിക്കരുത്. നിങ്ങളുടെ മകന്‍ എനിക്ക് അസത്തായിരിക്കാം. പക്ഷേ, അവന്‍ അസത്തല്ല. നിങ്ങള്‍ക്ക് അവന്‍ അസറ്റ് തന്നെയാണ്. നിങ്ങളുടെ മുഖം എനിക്ക് വിരൂപമായിരിക്കാം. പക്ഷേ, ആ മുഖം വിരൂപമാണെന്ന് വിധിക്കാന്‍ എനിക്ക് അര്‍ഹതയില്ല. കാരണം, അത് നിങ്ങള്‍ക്ക് സുന്ദരമുഖമാവാം. രാജാവ് ലൈലയ്ക്ക് സൗന്ദര്യമില്ലെന്നു വിധിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ മുഖത്തു നോക്കി മിണ്ടിപ്പോകരുതെന്ന് ലൈല വിളിച്ചു പറഞ്ഞത്. ലൈല വിരൂപിയാണോ സുന്ദരിയാണോ എന്ന് നിരുപാധികം വിധിക്കരുതായിരുന്നു. കാരണം, അവള്‍ രാജാവിന് അസുന്ദരിയാണെങ്കിലും മജ്‌നുവിന് സുന്ദരിയായിരുന്നു.


വരന് തന്റെ പ്രതിശ്രുത വധു ഇണങ്ങുന്നവളാണെങ്കില്‍ ആ വിവാഹം നടക്കണം. മറ്റുള്ളവര്‍ക്ക് അവളിണങ്ങുന്നില്ലെന്നതിന്റെ പേരില്‍ അതു മുടക്കുന്നത് ദോഷകരമായി ഭവിച്ചേക്കും. വരനാണ് വധുവിനെ വേള്‍ക്കുന്നത്; മറ്റുള്ളവരല്ല. അതിനാല്‍ വരന്റെ കണ്ണിലൂടെ അവളെ നോക്കി തുടര്‍നടപടികള്‍ സ്വീകരിക്കലാണ് മാന്യത. ഓരോരുത്തരും സ്വന്തം കണ്ണിലൂടെ വധുവിനെ നോക്കിയാല്‍ വരന്മാര്‍ക്ക് വധുക്കളെ കിട്ടാത്ത ഗതി വരും.


മറ്റുള്ളവരുടെ ദൈവങ്ങളെ വിമര്‍ശിക്കാന്‍ പോകരുതെന്നതാണു മതവിധി. കാരണം, നമുക്ക് അവരുടെ ആരാധ്യന്മാര്‍ ഒന്നുമായിരിക്കില്ലെങ്കിലും അവര്‍ക്ക് അവ എല്ലാമെല്ലാമാണ്. അവരുടെ എല്ലാമെല്ലാമായവയെ നാം വിമര്‍ശിച്ചാല്‍ നമ്മുടെ എല്ലാമെല്ലാമായവയെ അവരും വിമര്‍ശിക്കാന്‍ തുടങ്ങും.
പരസ്പരം പങ്കുവയ്ക്കലുകളാവാം. സ്വന്തം കണ്ണിലൂടെ കണുന്നതോടൊപ്പം മറ്റുള്ളവന്റെ കണ്ണിലൂടെയും കാണാന്‍ ശ്രമിക്കുക. ഒട്ടുമിക്ക തര്‍ക്കങ്ങള്‍ക്കും അനര്‍ത്ഥങ്ങള്‍ക്കും ശമനം വരും, തീര്‍ച്ച.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago