പുനര്‍നിര്‍മാണം പരിസ്ഥിതി സൗഹൃദമാകണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി
തിരുവനന്തപുരം: പ്രളയാനന്തരം സംസ്ഥാനത്ത് നടത്തുന്ന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദവും ജനപക്ഷവുമാകണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഇതിനായി നയതീരുമാനം മുതല്‍ നടത്തിപ്പുവരെ എല്ലാതലങ്ങളിലും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ജനകീയ കൂട്ടായ്മയും ജനകീയ സെമിനാറും സംഘടിപ്പിക്കുമെന്നും സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.
ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ അവധിക്കാലം കഴിയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന ഫ്‌ളാറ്റുകളും വീടുകളും ക്യാംപുകളാക്കി മാറ്റുക, ദുരിതബാധിതരായ മുഴുവന്‍ കര്‍ഷകരുടെയും കടം എഴുതിത്തള്ളുക, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുക, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കെ.എന്‍ രാമചന്ദ്രന്‍ , എസ്.ബാബുജി, ഇ.പി അനില്‍, പ്രസാദ് സോമരാജന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."