ലക്ഷണമില്ലാത്ത രോഗികളുടെ എണ്ണം കൂടുന്നു കൊവിഡ് വ്യാപനം തടയാന്‍ കാംപയിനുമായി ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലക്ഷണമില്ലാത്ത കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനാലും പലരും കൊവിഡ് പരിശോധനയ്ക്ക് വിമുഖത കാട്ടുന്നതിനാലും രോഗ വ്യാപനം തടയാന്‍ പൊതു കാംപയിന്‍ ആരംഭിക്കാന്‍ ആരോഗ്യ വകുപ്പ് ഒരുങ്ങുന്നു. രോഗ വ്യാപനം തടയുന്നതിനായി സ്വയം പരിചരണത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് ലക്ഷ്യം.
രോഗ മുന്നറിയിപ്പ്, പള്‍സ് ഓക്‌സിമീറ്ററിന്റെ ഉപയോഗം, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കണ്ടുപിടിക്കുക, നേരിയ ചുമ, തുമ്മല്‍ എന്നിവയുള്ളവരെ കണ്ടെത്തിയായിരിക്കും ബോധവല്‍ക്കരണം നടത്തുക. കൊവിഡ് സേനയുടെയും തദ്ദേശ സ്ഥാപനങ്ങള്‍ക്കുകീഴിലുള്ള വളണ്ടിയര്‍മാര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, ജനമൈത്രി പൊലിസ് എന്നിവരുടെയും സഹകരണത്തോടെയായിരിക്കും കാംപയിന്‍ നടത്തുക.
ലക്ഷണമില്ലാത്ത രോഗ ബാധിതരുടെ എണ്ണം എത്രയുണ്ടെന്ന് ഇതുവരെയും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. അഞ്ചുദിവസമായി പരിശോധനകളും കുറഞ്ഞിരിക്കുകയാണ്.
പരിശോധനകള്‍ വീണ്ടും കുറച്ച് ബോധവല്‍ക്കരണത്തില്‍ കൂടി വ്യാപനം തടയുകയാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം. നിയന്ത്രണങ്ങള്‍ നീക്കിയതോടെ ആരില്‍നിന്നും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അത്തരമൊരു സാഹചര്യത്തില്‍ സ്വയം പരിചരണം പരമപ്രധാനമാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
അതേസമയം, പരിശോധനകളില്‍നിന്ന് വിട്ടുനില്‍ക്കുന്നവര്‍ വഴി മറ്റുള്ളവര്‍ക്ക് രോഗം ബാധിക്കുമെന്ന ആശങ്കയും ആരോഗ്യ വകുപ്പിനുണ്ട്. പ്രായമായ ഒരു വലിയ വിഭാഗം പ്രമേഹം, കാന്‍സര്‍, മറ്റ് രോഗമുള്ളവരിലേക്ക് കൊവിഡ് വ്യാപിച്ചാല്‍ മരണസംഖ്യ കൂടുമെന്നാണ് വിലയിരുത്തല്‍.
ലക്ഷണങ്ങളില്ലാത്തവരിലോ മിതമായ ലക്ഷണങ്ങളുള്ളവര്‍ക്കോ നിശബ്ദ ഹൈപ്പോക്‌സിയ ഉണ്ടാകാനുള്ള സാധ്യതയുണ്ട് (രക്തകോശങ്ങളിലും ടിഷ്യൂകളിലും ഒരു വ്യക്തിയുടെ ഓക്‌സിജന്റെ അളവ് മുന്നറിയിപ്പ് അടയാളങ്ങളില്ലാതെ കുറയുന്നു).
ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് കാംപയിന്‍ നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."