പന്തളത്ത് ടി.കെ.എം ടെക്‌നിക്കല്‍ സെല്‍ തുറന്നു
കൊല്ലം: പ്രളയബാധിത പ്രദേശമായ പന്തളം കടയ്ക്കാട് എല്‍.പി സ്‌കൂളിന് സമീപം കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ സാങ്കേതിക വിദഗ്ധരും വിദ്യാര്‍ഥികളും ഒരു താല്‍കാലിക പ്രവര്‍ത്തന കേന്ദ്രം ആരംഭിച്ചു.
പ്രളയത്തില്‍ പ്രവര്‍ത്തന യോഗ്യമല്ലാതായ ഗൃഹോപകരണങ്ങളും ഇലക്ടോണിക് ഉപകരണങ്ങളും റിപ്പയര്‍ ചെയ്ത് പ്രവര്‍ത്തന യോഗ്യമാക്കുകയാണ് ലക്ഷ്യം.
ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ഒ. ഷീബയുടെയും വോര്‍ക്‌ഷോപ്പ് സൂപ്രണ്ട് ജയകുമാറിന്റേയും നേതൃത്വത്തില്‍ ഇരുപത് അംഗ സംഘമാണ് പ്രവര്‍ത്തിക്കുന്നത്.
മലിന ജലം കെട്ടി നിന്ന കടയ്ക്കാട് എല്‍.പി സ്‌കൂളിലെയും സമീപത്തുള്ള വീടുകളിലെയും കിണറുകളിലെ വെള്ളം സംഘം ശേഖരിച്ചു.
ഇവ കെമിക്കല്‍ എന്‍ജിനീയറിങ് ലാബില്‍ പരിശോധിച്ച് ആവശ്യമുള്ള ക്ലോറിനേഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി ഡോ. ഫെമിന അഭിപ്രായപ്പെട്ടു.
സ്‌കൂളിന്റെ കംപ്യൂട്ടര്‍ ലാബും വൈദ്യുതി സംവിധാനവും പ്രവര്‍ത്തന സജ്ജമാക്കും.
പന്തളം കുറമ്പല വില്ലേജ് ഓഫിസിലെ പ്രളയ സംബന്ധമായ വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോളജിലെ എം.സി.എ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കുന്നു.
പന്തളം മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരായ നൗഷാദ് റാവുത്തര്‍, ജാന്‍സി ബീഗം, കൃഷ്ണവേണി എന്നിവരുടെ സഹായത്തോടെയാണ് ക്യാംപിന്റെ പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."