ഭാരതപ്പുഴയിലേക്ക് ഒഴുക്കുന്ന മലിന ജലത്തില്‍ വിബ്രിയോ കോളറയുടെ സാന്നിധ്യം ജില്ലയില്‍ രണ്ടുപേര്‍ക്കുകൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു
മലപ്പുറം: കോളറ റിപ്പോര്‍ട്ട് ചെയ്ത കുറ്റിപ്പുറം ടൗണില്‍ നിന്നും ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടുന്ന മലിന ജലത്തില്‍ കോളറയ്ക്ക് കാരണമാകുന്ന വിബ്രിയോ കോളറയുടെ സാന്നിധ്യം കണ്ടെത്തി. ഇവിടെ നിന്ന് ശേഖരിച്ച മൂന്ന് സാംപിളുകളിലാണ് കോളറയ്ക്കു കാരണമാകുന്ന വിബ്രിയോ കോളറയുടെ സാന്നിധ്യം ആരോഗ്യവകുപ്പ് കണ്ടെത്തിയത്. കുറ്റുപ്പുറത്ത് കോളറ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രദേശത്തെ 15 ഇടങ്ങളില്‍ നിന്നു പരിശോധനക്കായി ആരോഗ്യ വകുപ്പ് വെള്ളത്തിന്റെ സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇത് പൂക്കോട് കാര്‍ഷിക സര്‍വകലാശാലയിലെ ഫുഡ് ക്വാളിറ്റി അഷ്വറന്‍സ് ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. പരിശോധനാ ഫലം വന്നതിന്റെ അടിസ്ഥാനത്തില്‍ അടച്ച ഹോട്ടലുകള്‍ ഉപാധികളോടെ നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ എസ്.വെങ്കടേശപതി അനുമതി നല്‍കി. അതേ സമയം ജില്ലയില്‍ ഇന്നലെ രണ്ടുപേര്‍ക്കുകൂടി ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഡിഫ്തീരിയ സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി. ഡിഫ്തീരിയ രോഗ ലക്ഷണങ്ങളോടെ അഞ്ചു പുതിയ കേസുകളാണ് ജില്ലയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ ഡിഫ്തീരിയ കേസുകളുടെ എണ്ണം 62 ആയിട്ടുണ്ട്. 5,429 കുട്ടികള്‍ക്കടക്കം ഇതുവരെ 13,6606 പേര്‍ക്ക് ടി.ഡി വാക്‌സിന്‍ നല്‍കിയതായി ഡി.എം.ഒ ഡോ.വി. ഉമര്‍ ഫാറൂഖ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."