ബിനീഷ് കോടിയേരിക്കെതിരേ കൂടുതല്‍ തെളിവുകള്‍: അന്വേഷണം വേണമെന്ന് യൂത്ത് ലീഗ്
കോഴിക്കോട്: മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്കുള്ള പങ്ക് കൂടുതല്‍ വ്യക്തമായെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിനീഷ് 2015 ല്‍ ബംഗളൂരുവില്‍ മണി എക്സ്ചേഞ്ച് തുടങ്ങിയിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കണം. ബി.ജെ.പി ഭരണകാലത്ത് ഈ സ്ഥാപനത്തിന് എങ്ങനെയാണ് ലൈസന്‍സ് ലഭിച്ചത്? ഏതൊക്കെ കറന്‍സികള്‍ വിനിമയം നടത്തിയെന്നും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. തെളിവുകള്‍ ഇ.ഡിക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
2018ല്‍ തിരുവനന്തപുരത്ത് തുടങ്ങിയ യു.എ.എഫ്.എക്സ് സൊല്യൂഷന്‍സ് പാര്‍ട്നര്‍ ബിനീഷിന്റെ ബിനാമിയാണെന്നും ഫിറോസ് ആരോപിച്ചു. യു.എ.എഫ്.എക്സ് സൊല്യൂഷന്‍സാണ് പണമിടപാടുമായി ബന്ധപ്പെട്ട് തനിക്ക് കമ്മിഷന് നല്‍കിയതെന്ന് സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന കസ്്റ്റംസിനു മൊഴി നല്‍കിയിരുന്നു. ഈ ഇടപാടില്‍ ബിനീഷിന്റെ പങ്കും അന്വേഷിക്കണം. യു.എ.എഫ്.എക്സ് സൊല്യൂഷന്‍സ് ഒറ്റത്തവണയും വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.മയക്കുമരുന്ന് കേസ് സംസ്ഥാന പൊലിസ് അന്വേഷിക്കാത്തത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ബിനീഷിനെ സി.പി.എം സംരക്ഷിക്കുകയാണ്. മയക്കുമരുന്ന് കേസില്‍ പിടിയിലായ കോക്കാച്ചി മിഥുന് എന്ന സിനിമ നടന്റെ കോള്‍ ലിസ്റ്റില്‍ ബിനീഷിന്റെ പേരുണ്ടായിരുന്നു. മയക്കുമരുന്ന് വിവാദം വഴി തിരിച്ച് വിടാനാണോ ബി.ജെ.പി ഒപ്പ് വിവാദം കൊണ്ടുവന്നതെന്ന് യൂത്ത് ലീഗ് സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വിശദമായി അന്വേഷണം നടത്തിയാല്‍ സ്വര്‍ണക്കടത്തിലടക്കം ബിനീഷിന്റെ പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്നും ഫിറോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."