അഴിമതിക്കാരായ മൂന്ന് 'മോദിമാര്‍' രാജ്യംവിട്ടു, അടുത്തത് നരേന്ദ്ര മോദിയെന്ന് സിദ്ധു
ലഖ്നൗ: ഇന്ത്യയില്‍ അഴിമതിക്കേസുകളില്‍ പ്രതികളായ മൂന്നുമോദിമാര് രാജ്യംവിട്ടെന്നും ഇത്തരം കേസുകളില്‍പ്പെട്ട് രാജ്യംവിടുന്ന നാലാമത്തെ മോദി നരേന്ദ്ര മോദിയായിരിക്കുമെന്നും മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവ്ജോത് സിങ് സിദ്ധു.
യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി മല്‍സരിക്കുന്ന റായ്ബറേലിയിലെ റിഫോം ക്ലബ്ബില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു പ്രചാരണറാലിയെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു സിദ്ധു. 2004 മുതല്‍ 2014 വരെയുള്ള തുടര്‍ച്ചയായ 10 വര്‍ഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നത് സോണിയാ ഗാന്ധിയുടെ ശ്രമഫലമാണെന്നും സിദ്ദു പറഞ്ഞു.
സോണിയാ ഗാന്ധിയില്‍ നിന്നാണ് എല്ലാവരും ദേശീയത എന്താണെന്നു പഠിക്കേണ്ടത്. ബി.ജെ.പിയോടു ചേര്‍ന്നു നില്‍ക്കുന്നവരെ ദേശീയവാദികളായും അതു വിടുന്നവരെ ദേശവിരുദ്ധരായുമാണ് അവര്‍ കാണുന്നത്. റാഫേല്‍ ഇടപാടിലെ അഴിമതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയത്തില്‍ കലാശിക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സിദ്ധു പറഞ്ഞു. കഴിഞ്ഞ 70 വര്‍ഷക്കാലത്തിനിടെ രാജ്യത്തു സാമ്പത്തിക വികസനമൊന്നുമുണ്ടായിട്ടില്ലെന്ന ബി.ജെ.പിയുടെ ആരോപണംതള്ളിയ സിദ്ധു, രാജ്യത്തിനാവശ്യമായ സൂചി മുതല്‍ വിമാനം വരെ ഈ 70 വര്‍ഷക്കാലത്തിനിടയിലാണ് ഉണ്ടായതെന്ന് ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."