നഗരത്തിലെ വന്‍കിട വസ്ത്രവ്യാപാര സ്ഥാപനത്തില്‍ മേയറുടെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: കിഴക്കേകോട്ടയിലെ വന്‍കിട വസ്ത്രവ്യാപാര സ്ഥാപനത്തില്‍ മേയര്‍ വി.കെ.പ്രശാന്തിന്റെ മിന്നല്‍ പരിശോധന.
വസ്ത്രവ്യാപാര സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ അനുഭവിക്കുന്ന ദുരവസ്ഥയെ തുടര്‍ന്നാണ് മേയറും സംഘവും സ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തിയത്. താമസിക്കാനും പ്രാഥമികാവശ്യത്തിനും സൗകര്യങ്ങളില്ലാതെ മുന്നൂറോളം വനിതകളാണ് ഇവിടെ ദുരിതമനുഭവിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന തൊഴിലാളികളുടെ പരാതിയെ തുടര്‍ന്നാണ് മേയര്‍ പരിശോധനക്കെത്തിയത്.
തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെയുള്ള പെണ്‍കുട്ടികളാണ് ഇവിടെ ജോലിചെയ്യുന്നത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരവസ്ഥ ഇതിനുമുമ്പും പുറത്തുവന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് വ്യാപ്യാര സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്ന് തൊഴില്‍വകുപ്പ് ഉത്തരവ് നല്‍കിയിരുന്നു. സംസ്ഥാനത്തെ പല വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും ഈ ഉത്തരവിനെതുടര്‍ന്ന് സുരക്ഷിത അന്തരീക്ഷം സ്ത്രീ തൊഴിലാളികള്‍ക്ക് ഒരുക്കിയിരുന്നു. എന്നാല്‍ ഉത്തരവ് വന്നിട്ടും ദുരിതം പേറി ജോലി ചെയ്യേണ്ട സ്ഥിതിയുണ്ടെന്നാണ് ഇന്നലെയുണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
വനിതാ തൊഴിലാളികള്‍ കൂടുതലുള്ള വ്യാപ്യാര സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് അനുവദിക്കേണ്ട വിശ്രമസമയം, കുടിവെള്ള ലഭ്യത, ടോയ്‌ലറ്റ് സൗകര്യം, അവധി, തൊഴില്‍ സ്ഥലത്തെ സുരക്ഷ എന്നിവ സ്ഥാപന ഉടമകള്‍ ഉറപ്പു വരുത്തണമെന്ന് തൊഴില്‍ വകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തും വിധമാണ് ഈ സഥാപനത്തിന്റെ പ്രവര്‍ത്തനം. തൊഴില്‍ വകുപ്പിന്റെ നിര്‍ദേശങ്ങളൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. തീര്‍ത്തും മോശമായ സാഹചര്യത്തിലാണ് വനിതാ ജീവനക്കാര്‍ക്കുള്ള താമസ സൗകര്യമൊരുക്കിയിരുന്നത്.സ്ഥാപനത്തിന്റെ അഞ്ചാം നിലയിലുള്ള അലുമീനിയം റൂഫിട്ട സ്ഥലത്ത് 300 തൊഴിലാളികളും ഒരുമിച്ചാണ് ഉറക്കം. അതും ഇടുങ്ങിയ സ്ഥലത്ത് ഒന്നു തിരിയാന്‍ പോലും പറ്റാത്ത നിലയില്‍. ഇത്രയധികം വനിതകള്‍ താമസിക്കുന്ന സ്ഥലത്ത് വേണ്ട സുരക്ഷയും ഉറപ്പു വരുത്തിയിട്ടില്ല. ഒന്നു തട്ടിയാല്‍ താഴെ വീഴുന്ന അലൂമിനിയം ഷീറ്റുകള്‍ കൊണ്ടുള്ള മറയിലാണ് മുന്നൂറു പേരുടെയും സുരക്ഷിതത്വം.
പ്രാഥമിക സൗകര്യത്തിനാവട്ടെ ആകെ 14 ടോയ്‌ലറ്റുകള്‍ മാത്രമാണുള്ളത്. ജോലിക്കു പ്രവേശിക്കേണ്ട സമയം എല്ലാവര്‍ക്കും ഒരുപോലെയാണ്. ഈ സാഹചര്യം നിലനില്‍ക്കെ മുന്നൂറ് പേര്‍ക്കും കൂടി 14 ടോയ്‌ലറ്റുകള്‍ അപര്യാപ്തമാണ്. വര്‍ഷങ്ങളായി ഇതേ സാഹചര്യത്തിലാണ് ഇവിടെ സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്തു വരുന്നത്.
ദുരവസ്ഥയെക്കുറിച്ച് തൊഴിലാളികള്‍ അറിയിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ ഒമ്പത് മണിയോടെ മേയര്‍ പരിശോധന നടത്തിയത്. തൊഴിലാളികള്‍ക്ക് അടുത്ത 30 ദിവസത്തിനകം പുതിയ താമസ സൗകര്യം ഒരുക്കണമെന്ന് മേയര്‍ നോട്ടീസ് നല്‍കി. ഇതിനകം താമസ സൗകര്യം ഒരുക്കിയില്ലെങ്കില്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
വസ്ത്രവ്യാപ്യാര സ്ഥാപനത്തിലെ അവസ്ഥകള്‍ ചൂണ്ടിക്കാട്ടി നഗരസഭ തൊഴില്‍ വകുപ്പിന് കത്തു നല്‍കുമെന്ന് മേയര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ പി.ബിജു, ശശികുമാര്‍, സന്തോഷ്, സുനിത, വിനീത, സന്ധ്യാ റാണി, ജിഷ, ശ്രീകാന്ത്, തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."