കോര്‍പറേഷന്‍ കൗണ്‍സില്‍ കോഴിക്കോട്ടും മൊബിലിറ്റി ഹബ്ബ് വരുന്നു
കോഴിക്കോട്: മലാപ്പറമ്പ് തൊണ്ടയാട് ബൈപാസില്‍ മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്ക് കോര്‍പറേഷന്‍ കൗണ്‍സില്‍ അനുമതി. നഗരസഭയ്ക്ക് സാമ്പത്തിക ബാധ്യതയില്ലാതെ മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കുമെന്നും മേയര്‍ വ്യക്തമാക്കി.
പദ്ധതിക്കായി 20 ഏക്കര്‍ സ്വകാര്യ ഭൂമി ഫ്രീസ് ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര പദ്ധതിയായ 'ബസ്‌പോര്‍ട്ട്' തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് മൊബിലിറ്റി ഹബ്ബ് നിര്‍മാണവുമായി മുന്നോട്ട് പോകാന്‍ അടിയന്തര നടപടിയെടുത്തത്. സ്ഥല ഉടമകളെ കൂടി പങ്കാളികളാക്കി നടപ്പാക്കുന്ന പദ്ധതിക്കായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നത് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനാണെന്നും മേയര്‍ അറിയിച്ചു. കൗണ്‍സിലില്‍ പത്താം നമ്പര്‍ അജണ്ടയായി വന്ന പദ്ധതി കൗണ്‍സിലിന്റെ ചര്‍ച്ചക്ക് വിട്ടില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
സ്ഥലം കൗണ്‍സിലര്‍ പോലും അറിയാതെ പദ്ധതിയുടെ പ്രാരംഭ നടപടികളിലേക്ക് കടന്നതിനെ കുറിച്ചും പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചു. പദ്ധതിയുടെ വിശദാംശങ്ങള്‍ അജണ്ടയില്‍ വിശദീകരിക്കാത്തതിനെ കുറിച്ച് പ്രതിപക്ഷം നേതാവ് പി.എം സുരേഷ്ബാബുചൂണ്ടിക്കാട്ടി.
കൂടിയാലോചിച്ച് നടപ്പാക്കേണ്ട പദ്ധതിയെ കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പദ്ധതി കോഴിക്കോടിന് നഷ്ടപ്പെടാതിരിക്കാനും തെരഞ്ഞെടുപ്പ് തിരക്കിനിടെയാണ് ചര്‍ച്ച നടന്നതെന്നും മേയര്‍ മറുപടിയായി പറഞ്ഞു. കോഴിക്കോട് നഗരപ്രദേശത്തിനായി സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാനിലെ പദ്ധതിയാണിതെന്നും കൗണ്‍സില്‍ നേരത്തെ അംഗീകരിച്ചതാണെന്നും മേയര്‍ വിശദീകരിച്ചു.
സെന്‍ട്രല്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ നഗരത്തില മീന്‍ മാര്‍ക്കറ്റുകളില്‍ ചീഞ്ഞ മത്സ്യങ്ങള്‍ വിറ്റതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വരും നാളില്‍ പരിശോധനകളിലൂടെ കര്‍ശന നടപടി സ്വീകരിക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കി. യു.ഡി.എഫിലെ കെ.ടി ബീരാന്‍കോയ ഈ വിഷയത്തില്‍ ശ്രദ്ധ ക്ഷണിച്ചതിനെ തുടര്‍ന്നാണ് ഐക്യകണ്‌ഠേന തീരുമാനമെടുത്തത്. ചീഞ്ഞ മത്സ്യങ്ങള്‍ വില്‍ക്കുന്ന വ്യാപാരികള്‍ക്കെതിരേ നടപടിയെടുക്കാന്‍ സ്ഥിരം സംവിധാനം വേണമെന്നാണ് ബീരാന്‍കോയ ശ്രദ്ധക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടത്. ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയിലെ ആരോഗ്യവിഭാഗവും ചേര്‍ന്ന് സംയുക്ത റെയ്ഡ് നടത്തുമെന്നും മേയര്‍ അറിയിച്ചു. മത്സ്യത്തില്‍ ഫോര്‍മാലിനും അമോണിയയും ചേര്‍ക്കുന്നുവെന്ന പരാതിയിലാണ് റെയ്ഡ് നടത്തിയത്.
പിടികൂടിയ മത്സ്യത്തിലെ രാസവസ്തുക്കളെ കുറിച്ചറിയാന്‍ വിശദമായ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചെന്നും റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.വി ബാബുരാജ് പറഞ്ഞു. ഫ്രീസറുള്ളതും അല്ലാത്തതുമായ മത്സ്യവ്യാപാര കേന്ദ്രങ്ങളിലും പരിശോധന വേണമെന്ന് പി.എം സുരേഷ്ബാബു നിര്‍ദേശിച്ചു. മുഴുവന്‍ മാര്‍ക്കറ്റുകളിലും ഉന്തുവണ്ടികളിലും പരിശോധന നടത്തണമെന്ന് പി. കിഷന്‍ചന്ദും ആവശ്യപ്പെട്ടു. വളരെ പഴക്കംചെന്ന മത്സ്യം സൂക്ഷിക്കുന്ന നഗരത്തിലെ മീന്‍ മാര്‍ക്കറ്റ് മോര്‍ച്ചറിക്ക് തുല്ല്യമാണെന്ന് സി. അബ്ദുറഹ്മാന്‍ ചൂണ്ടിക്കാട്ടി. റോഡില്‍ കുന്നുകാലി ശല്യം വര്‍ധിച്ചത് സംബന്ധിച്ച് വി.ടി സത്യനും മിനി ബൈപാസില്‍ മണ്ണ് നിറഞ്ഞതിനെ കുറിച്ച് നമ്പിടി നാരായണനും പെരുവമണ്ണാമൂഴിയില്‍നിന്ന് കനാല്‍ വെള്ളം എത്താത്തതിനെ കുറിച്ച് എം.സി ശ്രീജയും ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിനെ കുറിച്ച് എം.സി കുഞ്ഞാമുട്ടിയും തെരുവുവിളക്ക് കത്താത്ത വിഷയത്തില്‍ കെ. നിര്‍മലയും കൗണ്‍സിലിന്റെ ശ്രദ്ധ ക്ഷണിച്ചു.
സൗത്ത് ബീച്ചിലെ ലോറി സ്റ്റാന്‍ഡ് 15 ദിവസത്തിനകം വെസ്റ്റ്ഹില്‍ ബീച്ച് ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടതായും വെസ്റ്റ്ഹിലില്‍ നിലമൊരുക്കാന്‍ 1.90 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് എസ്റ്റിമേറ്റ് നല്‍കിയതായും മേയര്‍ അറിയിച്ചു. മഹിളാ മാളുമായി ബന്ധപ്പെട്ട അജണ്ട മാറ്റിവയ്ക്കുകയും മൊത്തം 30 അജണ്ടകള്‍ കൗണ്‍സില്‍ ഐക്യകണ്‌ഠേന പാസാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."