കാരുണ്യത്തിന്റെ ഡബിള്‍ ബെല്‍
കണ്ണൂര്‍: ജില്ലയിലെ നിരത്തുകളില്‍ ഇന്നലെ മുഴങ്ങിയത് കാരുണ്യത്തിന്റെ ഡബിള്‍ ബെല്‍. പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ജില്ലയിലെ ആയിരത്തോളം സ്വകാര്യ ബസുകളാണ് സഹായയാത്ര നടത്തിയത്. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍, ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളില്‍ ജില്ലയിലുള്ള 1200ഓളം ബസുകളില്‍ 1000 ബസുകളാണ് ഇന്നലെ കാരുണ്യയാത്ര നടത്തിയത്. ബാക്കിയുള്ള ബസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ യാത്ര നടത്തിയിരുന്നു.
യാത്രയിലൂടെ സമാഹരിച്ച തുക അടുത്തമാസം ആറിന് സംസ്ഥാന ഭാരവാഹികള്‍ ഏറ്റുവാങ്ങി സംഘടനകള്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
കണ്ണൂര്‍-കൂത്തുപറമ്പ്, ഇരിട്ടി-തലശ്ശേരി, പയ്യന്നൂര്‍-കണ്ണൂര്‍ തുടങ്ങിയ റൂട്ടിലോടുന്ന ബസുകളും പ്രാദേശീക റൂട്ടില്‍ ഓടുന്ന മറ്റ് ബസുകളും നേരത്തെ ദുരിതാശ്വാസ സഹായയാത്ര നടത്തിയിരുന്നു. നാല്‍പതിനായിരം രൂപ വരെയാണ് കൂത്തുപറമ്പ് റൂട്ടിലെ യാത്രയുടെ കലക്ഷന്‍. വ്യത്യസ്ഥ ദിവസങ്ങളില്‍ ബസുകള്‍ സഹായയാത്ര നടത്തുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നതിനാലാണ് ഒരു ദിവസം മാത്രമായി നടത്തിയത്. ബസുകള്‍ക്ക് ഇന്ധന ചിലവും ഒരു തൊഴിലാളിക്ക് 200 രൂപ കൂലിയായും ലഭിക്കും. ബാക്കി തുക ദുരിതാശ്വാസ നിധിയിലേക്ക് അടക്കും.
എത്ര പണം ലഭിച്ചുവെന്ന് അടുത്ത ദിവസം പുറത്തുവിടുമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ നടത്തിയ സഹായ യാത്ര കലക്ടര്‍ മിര്‍ മുഹമ്മദലി ഫ്‌ളാഗ് ഓഫ് ചെയ്തു. പി.കെ പവിത്രന്‍, വി.ജെ സബാസ്റ്റ്യന്‍, കെ.കെ വിനോദ് കുമാര്‍ പങ്കെടുത്തു. ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ യാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."