ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കൂടുതല്‍ സ്ഥലങ്ങളില്‍ സമൂഹവ്യാപന സാധ്യതയെന്ന് വിദഗ്ധര്‍
തിരുവനന്തപുരം: ഉറവിടം വ്യക്തമല്ലാത്ത കേസുകള്‍ കൂടി വരുന്നതോടെ സംസ്ഥാനത്തിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ സമൂഹ വ്യാപനം നടന്നിരിക്കാമെന്ന നിഗമനവുമായി വിദഗ്ധര്‍.
കഴിഞ്ഞ 10 ദിവസത്തിനിടെ ഉറവിടം വ്യക്തമല്ലാത്ത 1,710 കേസുകളാണ് ഉണ്ടായത്. രോഗവ്യാപനം ഇനിയും ഉയരുമെന്നു കണക്കാക്കിയിരിക്കെ മരണനിരക്ക് പിടിച്ചു നിര്‍ത്താനാകും ആരോഗ്യവകുപ്പ് ഊന്നല്‍ നല്‍കുക.
മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞാല്‍ കുത്തനെ കൂടുന്ന കേസുകളില്‍ അമിത ആശങ്ക വേണ്ടി വരില്ലെന്നാണ് വിദഗ്ധ സമിതിയുടെ അടക്കം നിഗമനം.
കഴിഞ്ഞ പത്തു ദിവസത്തിനിടെ എല്ലാ ദിവസവും 100ന് മുകളിലാണ് ഉറവിടം ഇല്ലാത്ത കേസുകള്‍. ഓണ അവധികളില്‍ പരിശോധനകളും കേസുകളും കുറഞ്ഞിരുന്നപ്പോഴും ഉറവിടമില്ലാത്ത കേസുകള്‍ കുറഞ്ഞില്ല. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഇതാണ് സ്ഥിതി.
രോഗം വരുന്നവരില്‍ 60 ശതമാനം പേര്‍ക്കും ലക്ഷണങ്ങളും ഇല്ല. സംസ്ഥാനത്ത് സമ്പര്‍ക്കവ്യാപന തോത് എല്ലാ ദിവസവും 90 ശതമാനത്തിനും മുകളിലാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഇടങ്ങളില്‍ സമൂഹ വ്യാപനം നടന്നിരിക്കാമെന്ന നിഗമനം.
നിയന്ത്രണങ്ങള്‍ പരമാവധി നീക്കിയ ഓണ ദിവസങ്ങളില്‍ വ്യാപനം കൂടുമെന്ന് സര്‍ക്കാര്‍ കണക്കാക്കിയിരുന്നതാണ്. സംസ്ഥാനങ്ങള്‍ കടന്നുള്ള യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ അടക്കം പിന്‍വലിച്ചതും വ്യാപനം കൂട്ടും. സമൂഹ വ്യാപനം എന്ന സാങ്കേതികത കാര്യമാക്കാതെ വ്യാപന വേഗത കുറയ്ക്കാനായി നിലവിലെ ക്ലസ്റ്റര്‍, കണ്ടെയ്ന്‍മെന്റ് നിയന്ത്രണങ്ങള്‍ ശക്തമായി തുടരാണനാണ് സര്‍ക്കാര്‍ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."