രാജ്യം സാമ്പത്തിക തകര്‍ച്ചയില്‍
ഇന്ത്യന്‍ സമ്പദ്‌രംഗം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്ന് രണ്ടുവര്‍ഷം മുന്‍പ് തന്നെ ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറുമായിരുന്ന രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ മുന്‍ നിലപാടുകളെ സാധൂകരിക്കുന്നതാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികനിലയെന്ന് സര്‍ക്കാരിനും ബോധ്യപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് രാജ്യം സാമ്പത്തികമാന്ദ്യത്തിലാണെന്ന് കേന്ദ്രസര്‍ക്കാരും കഴിഞ്ഞ ദിവസം സമ്മതിച്ചത്.
2020-21 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ ജി.ഡി.പി ഇടിവ് 23.9 ശതമാനം രേഖപ്പെടുത്തിയത് ആശങ്കാജനകമാണെന്നും സര്‍ക്കാര്‍ എത്രയുംവേഗം ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്നും രഘുറാം രാജന്‍ ഇപ്പോഴും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതേ ആശങ്ക ദിവസങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ഗാന്ധിയും പ്രകടിപ്പിച്ചിരുന്നു. പതിവുപോലെ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും രാഷ്ട്രീയ പ്രതിയോഗിയുടെ ആരോപണമായാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ കണ്ടത്. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയാണ് ഇപ്പോഴുള്ളത്. ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ നടത്തിയ കണക്കെടുപ്പിലാണ് ഇത്രയും വലിയ തകര്‍ച്ച വ്യക്തമായത്.
രാജ്യത്ത് ഒരു വര്‍ഷം ഉല്‍പാദിപ്പിക്കുന്ന അന്തിമ ചരക്കുസേവനങ്ങളുടെ ആകെ വിപണി മൂല്യമാണ് ജി.ഡി.പി എന്ന സാമ്പത്തിക ഉല്‍പാദന സൂചിക കൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെ മൊത്തം വരുമാനമായും ചെലവായും ജി.ഡി.പിയെ കണക്കാക്കുന്നുണ്ട്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് രാജ്യത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ എത്തിക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റ വാഗ്ദാനം ഇത്തരമൊരു അവസ്ഥയില്‍ പുലരാത്ത സ്വപ്നമായി അവശേഷിക്കാനാണ് സാധ്യത. ഇത്തവണത്തെ സാമ്പത്തിക സര്‍വേയിലെയും ബജറ്റിലെയും പ്രധാന ലക്ഷ്യങ്ങളായി രേഖപ്പെടുത്തിയിരുന്നത് ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ ഇക്കോണമിയായി വളര്‍ത്തുമെന്നായിരുന്നു. ഇത് ദിവാസ്വപ്നമായി അവശേഷിക്കാനാണ് സാധ്യത. ജനസംഖ്യാനുപാതികമായി രാജ്യത്തെ ജനങ്ങള്‍ക്കിടയിലെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ വിതരണം എത്രമാത്രം നീതിയുക്തമാണെന്ന് പരിഗണിക്കുമ്പോള്‍ മാത്രമേ സാമ്പത്തികനില മനസിലാക്കാന്‍ കഴിയൂ. എന്നാല്‍, മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ വിതരണം ഇന്ത്യന്‍ ജനതയില്‍ നീതിയുക്തമായി വിതരണം ചെയ്യുന്നതില്‍ എന്‍.ഡി.എ സര്‍ക്കാര്‍ പരാജയമായിരുന്നു. 135.2 കോടി ജനങ്ങളുടെ ജീവിതം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ജി.ഡി.പിയായ 2.72 ട്രില്യണ്‍ ഡോളര്‍ മാത്രമാണ് ഇന്ത്യ ചെലവാക്കുന്നത്. മാനവ വികസന കാര്യത്തിലും ഇന്ത്യയുടെ സ്ഥാനം വളരെ പിറകിലാണ്. മാനവ വികസന കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സ്ഥാനം 129 ആണ്.
കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് അഞ്ച് ശതമാനത്തിന് മുകളിലായിരുന്നു വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത്. കൊറോണ വൈറസാണ് ഇന്ത്യയുടെ സാമ്പത്തികനില തകിടം മറിച്ചതെന്ന വാദം അംഗീകരിക്കാനാവില്ല. അങ്ങനെയാണെങ്കില്‍ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച അമേരിക്കയെയും ഇറ്റലിയെയും സാമ്പത്തിക തകര്‍ച്ച ഗുരുതരമായി ബാധിക്കേണ്ടതായിരുന്നില്ലേ. ലോകത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ കൊറോണ വൈറസ് പിറകോട്ട് വലിച്ചുവെന്നത് യഥാര്‍ഥ്യമാണ്. എന്നാല്‍, ഇന്ത്യയുടെ കാര്യത്തില്‍ ഇത് മാത്രമല്ല സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം. അമേരിക്കയില്‍ 9.5ഉം ഇറ്റലിയില്‍ ഇത് 12.4 ഉം വളര്‍ച്ചാ കുറവാണ് കൊറോണ കാലത്തും രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ ജി.ഡി.പി 35.35 ലക്ഷം കോടിയായിരുന്നത് 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 26.90 ലക്ഷം കോടിയില്‍ ചുരുങ്ങിയത് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം തന്നെ പുറത്തുവിട്ടിരിക്കുകയാണ്. രാജ്യം സാമ്പത്തിക തകര്‍ച്ചയിലാണെന്ന വസ്തുത ഭരണകൂടം തന്നെ സമ്മതിച്ചിരിക്കുകയാണെന്നര്‍ഥം. ഈ തകര്‍ച്ചാകാലത്ത് കാര്‍ഷികരംഗത്ത് അല്‍പം വളര്‍ച്ച ഉണ്ടായിയെന്നത് മാത്രമാണ് ആശ്വസിക്കാനായുള്ളത്.
എന്നാല്‍, രാജ്യത്തിന്റെ സാമ്പത്തികാടിത്തറ വ്യവസായം, വാണിജ്യം എന്നിവയുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. വ്യവസായ നിര്‍മാണ മേഖലയിലും വാണിജ്യരംഗത്തും വമ്പിച്ച ഇടിവാണ് രാജ്യം കഴിഞ്ഞവര്‍ഷങ്ങളില്‍ നേരിട്ടത്. അതായത് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കൊറോണ വൈറസിനെ മാത്രം പഴിചാരാനാവില്ലെന്ന് ചുരുക്കം. ആളോഹരി വരുമാനം കുത്തനെ കുറഞ്ഞതും തൊഴില്‍രഹിതര്‍ ക്രമാതീതമായി വര്‍ധിച്ചതും രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയ വസ്തുതകളാണ്. എന്നാല്‍, ധൂര്‍ത്തിന് ഒട്ടും കുറവ് വരുത്തിയതുമില്ല. ട്രംപിനെ അഹമ്മദാബാദില്‍ കൊണ്ടുവരാന്‍ കോടികള്‍ പൊടിച്ചത് ഒരു ഉദാഹരണം മാത്രം. കോര്‍പറേറ്റുകളെ അതിരറ്റ് സഹായിച്ചതും റാഫേല്‍ പോലുള്ള അഴിമതിയാരോപണങ്ങളും ഈ കാലത്ത് തന്നെയാണ് ഉണ്ടായത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ഇതെല്ലാം പ്രതികൂലമായി ബാധിച്ചു.
മന്‍മോഹന്‍ സിങ് രാജ്യം ഭരിച്ചപ്പോള്‍ 27 കോടി ജനങ്ങളെയാണ് തൊഴിലുറപ്പ് പദ്ധതി പോലുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പട്ടിണിയില്‍ നിന്ന് കരകയറ്റിയത്. ആഗോള പട്ടിണി സൂചികയില്‍ 102ാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍. പട്ടിണിയുടെ കാര്യത്തില്‍ അയല്‍രാജ്യങ്ങളായ പാകിസ്താനെക്കാളും നേപ്പാളിനെക്കാളും ശോച്യമാണ് നമ്മുടെ സ്ഥാനമെന്ന് ചുരുക്കം.
വര്‍ഷക്കാല പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ച ഉന്നയിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. ഈ ചോദ്യം ഒഴിവാക്കാനായിരിക്കുമോ വര്‍ഷകാല സമ്മേളനത്തില്‍ ചോദ്യോത്തരവേള തന്നെ വേണ്ടെന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് പ്രേരണയായത്. ചോദ്യോത്തരവേള ഒഴിവാക്കിയതിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിമാസം ആളുകളുടെ കൈയില്‍ പണം നേരിട്ടെത്തിക്കുക, തൊഴിലുറപ്പ് ദിനങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങി പല ആശ്വാസപദ്ധതികളും നടപ്പാക്കണമെന്ന് നേരത്തെതന്നെ പല സാമ്പത്തിക വിദഗ്ധരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എങ്കില്‍ മാത്രമേ സാമ്പത്തികമാന്ദ്യം കുറച്ചുകൊണ്ടുവരാന്‍ കഴിയൂവെന്നും അവര്‍ സര്‍ക്കാരിനെ ഉപദേശിച്ചു. ആശ്വാസപദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും വൈമുഖ്യം കാണിക്കുകയാണെങ്കില്‍ സാമ്പത്തികനില കൂടുതല്‍ പരിതാപകരമാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."