അനിയന്ത്രിതമായ കരമണ്ണ് ഖനനം: റോഡ് വശങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍
കൊട്ടാരക്കര: നിയമം ലംഘിച്ച് നടന്ന കരമണ്ണ് ഖനനം മൂലം ഇപ്പോള്‍ പ്രധാന റോഡു വശങ്ങള്ളെല്ലാം മണ്ണിടിച്ചില്‍ ഭീഷണി നേരിടുകയാണ്.
മഴ ശക്തമായി നിലനിന്ന സമയത്ത് കൊട്ടാരക്കരയിലെ പ്രധാന റോഡുകളുടെ മിക്ക ഭാഗങ്ങളിലും മണ്ണിടിച്ചില്‍ നടന്നിരുന്നു. ഗതാഗത തടസ്സമുണ്ടായില്ല എന്നു മാത്രം.
മധ്യ കേരളത്തിലെ പ്രധാന പാതയായ എം.സി റോഡിന്റെ വശങ്ങളിലാണ് ശക്തമായ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നത്. മൈലം മുതല്‍ ആയൂര്‍ വരെയുള്ള ഭാഗങ്ങളില്‍ അപകടസാധ്യത വളരെ കൂടുതലാണ്.
മൈലം, കുന്നക്കര, ലോവര്‍ കരിക്കം, അപ്പര്‍ കരിക്കം, സദനന്ദപുരം, വാളകം , വയ്ക്കല്‍ ഭാഗങ്ങളില്‍ മഴക്കാലത്ത് ചെറിയ തോതില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു.
ഏത് സമയത്തും ഇടിഞ്ഞു തള്ളാമെന്ന സ്ഥിതിയും ചിലയിടങ്ങളില്‍ നില നില്‍ക്കുന്നു. എം.സി റോഡ് വശങ്ങള്‍ ചിലയിടങ്ങളില്‍ 50 ഉം 100 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഭാഗങ്ങളില്‍ വ്യാപകമായ രീതിയില്‍ കരമണ്ണ് ഖനനം നടന്നിരുന്നു. ഇപ്പോഴും തുടരുന്നുമുണ്ട്.
ഖനനം നടന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ അപകട ഭീഷണി നിലനില്‍ക്കുന്നത്. മണ്ണ് നീക്കം ചെയ്തു നിര്‍മിച്ച വീടുകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം ഇപ്പോള്‍ ഭീഷണി നേരിടുകയാണ്. വന്‍ രീതിയില്‍ മണ്ണിടിച്ചിലുണ്ടായാല്‍ ജീവനും സ്വത്തിനും തന്നെ നഷ്ടമുണ്ടായേക്കാം.
മണ്ണിടിച്ചില്‍ മൂലം എം.സി റോഡിലെ ഗതാഗതം തടസപ്പെടേണ്ടി വന്നാല്‍ അത് ജനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ദേശീയ പാതയില്‍ കിള്ളൂരും നെടുവത്തൂരും മണ്ണിടിച്ചില്‍ ഭീഷണി നിലവിലുണ്ട്.കൊട്ടാരക്കര ടൗണില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപം മണ്ണിടിഞ്ഞു വീണ് ഒരു ഹോട്ടല്‍ തകര്‍ന്നിരുന്നു.
ഇവിടെ രണ്ട് വീടുകള്‍ മണ്ണിടിച്ചാല്‍ ഭീഷണിയിലാണ് .ഒരേക്കറോളം സ്ഥലത്താണ് ഇവിടെ അടുത്ത കാലത്ത് കരമണ്ണിടിച്ചു കടത്തിയത്.പൊലിസ് സര്‍ക്കിളാഫിസിന്റ മൂക്കിന് താഴെയായിരുന്നു ഈ മണ്ണെടുപ്പ് നടന്നത്. കൊട്ടാരക്കര-പുത്തൂര്‍ റോഡില്‍ പത്തടിയിലും കോട്ടാത്തലയിലും മണ്ണിടിച്ചില്‍ ഭീഷണി നിലവിലുണ്ട്.
പത്തടിയില്‍ ഈ മഴക്കാലത്ത് കരമണ്ണ് ഖനം നടന്ന സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി. ഇവിടെയും വീടുകള്‍ ഭീഷണി നേരിടുന്നു. ഇവിടെയും റോഡിനോട് ചേര്‍ന്ന് ഒരേക്കറോളം സ്ഥലത്താണ് മണ്ണെടുപ്പ് നടന്നത്.
അനിയന്ത്രിതമായ മണ്ണെടുപ്പ് കിഴക്കന്‍ മേഖല നേരിട്ട് വരികയാണ്. റോഡിനും വീടുകള്‍ക്കും ജീവനും ഭീഷണിയായിട്ടും അധികൃതര്‍ക്കു കുലുക്കവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."