മിഷന്‍ ക്ലീന്‍ വയനാട്: നാടിന് പുതിയ മുഖം
കല്‍പ്പറ്റ: മഴയില്‍ ചെളിപൂണ്ട വയനാടിനെ പുനര്‍നിര്‍മിക്കാന്‍ നാടൊന്നിച്ചതോടെ ജില്ലക്ക് പുതുമുഖമായി.
നാടിനെ പകര്‍ച്ചവ്യാധികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന ദൃഢനിശ്ചയത്തോടെ മുക്കാല്‍ ലക്ഷത്തോളം പേരാണ് ജില്ലയുടെ വിവിധയിടങ്ങളിലായി ശുചീകരണത്തിനിറങ്ങിയത്. ഇന്നലെ രാവിലെ എട്ട് മുതല്‍ വൈകുവോളം നടത്തിയ മിഷന്‍ ക്ലീന്‍ വയനാട് യജ്ഞത്തിന്റെ ഭാഗമായുള്ള ശുചീകരണത്തില്‍ നഗര,ഗ്രാമാന്തരങ്ങള്‍ കൂടുതല്‍ വൃത്തിയുള്ളതാവുകയും കുടിവെള്ള സ്രോതസുകള്‍ മാലിന്യമുക്തമാകുകയും ചെയ്തു.
ജില്ലയിലെ 23 പഞ്ചായത്തുകളിലെയും മൂന്ന് നഗരസഭകളിലെയും 512 വാര്‍ഡുകളിലാണ് ശുചീകരണം നടന്നത്. മണ്ണിടിച്ചിലിലും കുത്തൊഴുക്കിലും ഗതാഗതം തടസപ്പെട്ട പൊതു പാതകളിലെ മണ്ണ് നീക്കല്‍, ഓടകളും പൊതു ഇടങ്ങളും ശുചീകരിക്കല്‍, കിണറുകളിലെ ക്ലോറിനേഷന്‍, മാലിന്യനീക്കം, പുഴകളുടെയും ജല സ്രോതസുകളുടെയും ശുചീകരണം, പൊതു സ്ഥാപനങ്ങള്‍ വൃത്തിയാക്കല്‍ തുടങ്ങിയവയാണ് നടന്നത്. ശുചീകരണത്തിന് കുടുംബശ്രീയില്‍ നിന്ന് മാത്രമായി 40,000 ത്തോളം സ്ത്രീകള്‍ പങ്കെടുത്തു. ജില്ലയില്‍ നിന്നുള്ളവര്‍ക്ക് പുറമെ സമീപ ജില്ലകളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ സേവന സന്നദ്ധരായി ദൗത്യത്തില്‍ പങ്കെടുത്തു. മൂന്ന് താലൂക്കുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, മത, രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക സഘടനകള്‍, സ്ഥാപനങ്ങള്‍, ക്ലബുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്.
സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എം.ഐ ഷാനവാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണത്തിന് തുടക്കം കുറിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ചെയര്‍മാനായും ജില്ലാ കലക്ടര്‍ കണ്‍വീനറായും സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് കോഡിനേറ്ററുമായുള്ള സമിതിയാണ് ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. വാര്‍ഡ്തല ശുചിത്വ സമിതികള്‍ക്കായിരുന്നു അതത് പ്രദേശത്തെ ഏകോപന ചുമതല. ആരോഗ്യ വകുപ്പ്, ഹരിതകേരള മിഷന്‍, കുടുംബശ്രീ, ജില്ലാ ശുചിത്വ മിഷന്‍ എന്നിവരുടെ സഹകരണത്തോടെ നടത്തിയ പരിപാടി എല്ലായിടത്തുമുള്ള വലിയ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."