അപകട ഭീഷണിയായ കെട്ടിടം ഭാഗികമായി പൊളിച്ചു നീക്കി
മാള: അഷ്ടമിച്ചിറയിലെ അപകട ഭീഷണിയുള്ള കെട്ടിടം ഭാഗികമായി പൊളിച്ചു നീക്കി. കാലപ്പഴക്കത്താല്‍ കെട്ടിടത്തിന്റെ ഓടുകളെല്ലാം ഇളകി വീണുകൊണ്ടിരിക്കുകയാണ്. കഴുക്കോലും പട്ടികയുമെല്ലാം ചിതലരിച്ചും ദ്രവിച്ചും നശിച്ചിരിക്കുകയാണ്.
നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിക്കൊടുവിലാണ് കെട്ടിടം ഭാഗികമായിട്ടാണെങ്കിലും പൊളിച്ചു നീക്കാന്‍ അധികൃതര്‍ തയാറായത്. ഏതു നിമിഷവും നിലം പൊത്താവുന്ന ഈ കെട്ടിട്ടം പൂര്‍ണമായി പൊളിച്ചു നീക്കി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കെട്ടിടം പൊളിഞ്ഞ് വീണാല്‍ വാഹന യാത്രക്കാരുടേയും കാല്‍നടക്കാരുടേയും ദേഹത്ത് വീണു അപകടം സംഭവിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. മാള കൊടകര ഹൈവേക്കരികില്‍ ഉരുണ്ടോളി ജങ്ഷനിലുള്ള ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഓടു മേഞ്ഞ കെട്ടിടം ഏറെ കാലമായി അപകട ഭീഷണിയിലായിരുന്നു.
കെട്ടിടത്തിന്റെ ഒരു ഭാഗം ഉരുണ്ടോളി ജങ്ഷനില്‍ നിന്ന് മാരേക്കാട് റോഡിലേക്ക് തള്ളി നില്‍ക്കുകയാണ്. ഈ ഭാഗത്ത് ചുമര്‍ ഇടിഞ്ഞതോടെ പൊതുമരാമത്ത് വകുപ്പ് ഇവിടെ അപകട ഭീഷണി അറിയിപ്പ് സ്ഥാപിച്ചിരുന്നു. ഇന്നലെ ജെ.സി.ബി ഉപയോഗിച്ച് കുറച്ച് ഭാഗം പൊളിച്ചു നീക്കി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ജീര്‍ണാവസ്ഥയിലായതോടെ ഇതില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ ഇവിടെ നിന്നു മാറിയിരുന്നു. ഈ കെട്ടിടം പുറംപോക്ക് ഭൂമിയിലാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. ഉരുണ്ടോളി മാരേക്കാട് റോഡില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നത് കാരണം ചിലപ്പോഴെല്ലാം ഗതാഗത തടസമുണ്ടാകാറുണ്ട് . പുറംപോക്ക് ഭൂമിലുള്ള ഈ കെട്ടിടം പൊളിച്ചു നീക്കി തല്‍സ്ഥാനത്ത് ഓട്ടോ സ്റ്റാന്റ നിര്‍മിക്കുകയാണങ്കില്‍ ഇതിന് പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."