ജ്വോഷ്വലിനും കാതറിനും സങ്കടക്കടല്‍ നീന്തി കടന്ന് സ്‌കൂള്‍ മുറ്റത്ത് വീണ്ടുമെത്തി
വടക്കാഞ്ചേരി: നഗരഹൃദയത്തിലെ ക്ലേലിയ ബാര്‍ബിയേറി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആറ് ബിയിലും ഒന്ന് ബിയിലും അധ്യാപകരായ സിസ്റ്റര്‍ അലീനയും ജിനിയും ഇന്നലെ ഹാജര്‍ വിളിച്ചപ്പോള്‍ ഹാജര്‍ പറയാന്‍ സഹോദരങ്ങളായ ജോഷ്വലും കാതറിനും ഉണ്ടായിരുന്നു.
കേരളത്തെ മുഴുവന്‍ സങ്കട കടലാക്കി മാറ്റിയ കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ജോഷ്വലും കാതറിനും ഇന്നലെ കാലത്ത് പിതാവ് പാറേക്കാട്ടില്‍ സജിയുടെ കരം പിടിച്ചാണ് ദുരന്ത അതിജീവനത്തിന് ശേഷം വീണ്ടും സ്‌കൂളിലെത്തിയത്.
ജോഷ്വല്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നെങ്കിലും കാതറിന് ഇത് പുതു വിദ്യാലയമാണ്. ദുരന്തം കവര്‍ന്ന സഹോദരി എയ്ഞ്ചലിനോടൊപ്പം കാതറിന്‍ തൃശൂര്‍ ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിച്ചിരുന്നത്. എയ്ഞ്ചലിന്റെ മരണം കാതറിനെ വല്ലാത്ത മാനസിക സമ്മര്‍ദത്തിലാക്കി. ക്ലേലിയയിലെ പ്രധാന അധ്യാപിക സിസ്റ്റര്‍ വിമലയും സഹ അധ്യാപകരും ദുരന്ത ശേഷം സജിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയപ്പോള്‍ കാതറിന്‍ പൊട്ടി കരഞ്ഞു. ചേച്ചി എയ്ഞ്ചലിന്റെ വിയോഗം അത്രയ്ക്കധികം തകര്‍ത്തിരുന്നു ആ കുഞ്ഞു മനസിനെ. ചേച്ചിയില്ലാതെ താന്‍ ഇനി സ്‌കൂളിലേയ്ക്ക് ഇല്ലെന്നു കുഞ്ഞ് കാതറിന്‍ വാശി പിടിച്ചപ്പോള്‍ സിസ്റ്റര്‍ വിമല ഏറെ പാടുപെട്ടാണ് കാതറിനെ സാന്ത്വനിപ്പിച്ചത്.
ചേട്ടനോടൊപ്പം ക്ലേലിയയിലേക്കുള്ള സിസ്റ്ററിന്റെ ക്ഷണമാണ് കാതറിന്റെ ഇപ്പോഴത്തെ സ്‌കൂള്‍ പു:നപ്രവേശനം. ദുരന്തം എല്ലാം തകര്‍ത്തവര്‍ക്ക് ബാഗ്, കുട, യൂണിഫോം, പുസ്തകങ്ങളെല്ലാം സ്‌കൂള്‍ അധികൃതര്‍ ഒരുക്കി വച്ചിരുന്നു.
സഹപാഠികള്‍ സ്‌നേഹത്തണലൊരുക്കിയാണ് ജോഷ്വലിനെയും കാതറിനേയും സ്വീകരിച്ചത്. ഓണ പരീക്ഷയ്ക്ക് വേണ്ടി തയാറെടുത്ത് കൊണ്ടിരിയ്ക്കുകയായിരുന്നു എയ്ഞ്ചല്‍. രാവിലെ നേരത്തെ എഴുന്നേറ്റു പഠിയ്ക്കുന്നതിനിടയിലാണ് ദുരന്തം കാലനായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."