ഡ്രൈവര്‍ നിയമനം: കെ.എസ്.ആര്‍.ടി.സി നിലപാട് തിരുത്തണമെന്ന്
കൊച്ചി: കോടതി ഉത്തരവ് നിലനില്‍ക്കെ ഡ്രൈവര്‍ തസ്തികയിലേക്ക് നിയമനം നടത്താന്‍ കെ.എസ്.ആര്‍.ടി.സി തയാറാകുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2012ല്‍ പ്രസിദ്ധീകരിച്ച പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ കോര്‍പറേഷന്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. എണ്ണായിരത്തോളം ഒഴിവുകളിലേക്ക് നടത്തിയ പരീക്ഷയാണെങ്കിലും നാമമാത്രമായ നിയമനം മാത്രമേ ഈ ലിസ്റ്റില്‍ നിന്നും നടത്തിയിട്ടുള്ളു. ഒഴിവില്ലെന്ന കാരണമാണ് അതിന് കോര്‍പറേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ വിവരാവകാശനിയമപ്രകാരം ലഭിച്ചതനുസരിച്ച് 2455 സ്ഥിര ഡ്രൈവര്‍ ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമായി.
ഇതിന്റെ അടിസ്ഥാനത്തില്‍ 2013ല്‍ ഹൈക്കോടതിയെ സമീപിക്കുകയും 2015 ജൂലൈയില്‍ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കോടതി നിര്‍ദേശം കൊടുക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് 2015ല്‍ ഓഗസ്റ്റ് ആറിന് ഒഴിവുകള്‍ കോര്‍പറേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. കോടതിയുടെ ഇടക്കാല ഉത്തരവു വന്ന് ഒന്നേകാല്‍ വര്‍ഷത്തിനു ശേഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത്. എന്നിട്ടും അതിനിടെ ഉത്തരവ് നടപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സി തയാറായില്ല. അന്നത്തെ റിപ്പോര്‍ട്ടഡ് വേക്കന്‍സിയില്‍ നിന്നുവേണം ഡ്രൈവര്‍ നിയമനം നടപ്പാക്കേണ്ടതെന്ന് ഇപ്പോള്‍ ഡിവിഷന്‍ ബഞ്ചും ഉത്തരവിട്ടു. എന്നിട്ടും വിരമിക്കല്‍-സ്ഥാനക്കയറ്റ ഒഴിവുകളില്‍ നിയമനം നടത്താന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തയാറാകുന്നില്ല. എന്നാല്‍ ഒഴിവില്ലെന്നു പറയുന്ന കോര്‍പറേഷന്‍ 2012ലെ ലിസ്റ്റില്‍ നിന്നും 1200 ഓളം പേരെ ദിവസവേതനത്തില്‍ നിയമിക്കുകയും ചെയ്തു.
ഇതൊക്കെ സ്ഥിരജോലി പ്രതീക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകും. അതിനാല്‍ ലിസ്റ്റിന്റെ കാലാവധി അവസാനിച്ചെന്ന കാരണത്താല്‍ നിയമനം നടത്താതിരിക്കുന്ന നിലപാട് കോര്‍പറേഷന്‍ തിരുത്തണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."