വാടകയ്‌ക്കെടുക്കുമെന്ന് ബജറ്റ് പ്രഖ്യാപനം കാര്‍ വാങ്ങാന്‍ വീണ്ടും ഉത്തരവ്
തിരുവനന്തപുരം: കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടാതെ മാസ വാടകയ്‌ക്കെടുക്കുന്ന സമ്പ്രദായം പ്രോത്സാഹിപ്പിക്കുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പ്രതിസന്ധികാലത്തും വന്‍ തുകമുടക്കി കാര്‍ വാങ്ങുന്നത് തുടരുന്നു.
ഗ്രാമവികസന കമ്മിഷണറേറ്റിലേക്ക് ഒരു ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങുന്നതിനാണ് കഴിഞ്ഞ ദിവസം അനുമതി നല്‍കി ഉത്തരവിറക്കിയത്. 2019-20ലെ ബജറ്റില്‍ വാഹനം വാങ്ങുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു.
എന്നാല്‍ അത് വാങ്ങിയില്ല. ഈ വര്‍ഷം ബജറ്റില്‍ പണം അനുവദിച്ചില്ലെന്നു മാത്രമല്ല കാര്‍ വാങ്ങരുതെന്നും വാടകയ്‌ക്കെടുത്ത് ഓടിക്കണമെന്നു നിര്‍ദേശിച്ചിക്കുകയും ചെയ്തു.
ഇത് മറികടന്നാണ് കഴിഞ്ഞ ബജറ്റിലെ പണം ഉണ്ടെന്നു ചൂണ്ടിക്കാട്ടി കാര്‍ വാങ്ങാന്‍ ഇപ്പോള്‍ പണം ചെലവഴിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങുന്നതിന് 17,54,498 രൂപയാണ് അനുവദിച്ചത്.
കാറുകള്‍ വാങ്ങുന്നതിനു പകരം മാസ വാടകയ്‌ക്കെടുക്കുക എന്നതാണ് നയമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി തോമസ് ഐസക്ക് പറഞ്ഞത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇ.ഇ.എസ്.എല്ലുമായി കരാര്‍ ഉണ്ടാക്കുകയും ഇലക്ട്രിക് കാറുകള്‍ വാടകയ്‌ക്കെടുക്കുന്നതിന് തയാറായാല്‍ 1000 വണ്ടിക്ക് 7.5 കോടി രൂപയെങ്കിലും ലാഭിക്കാനാകുമെന്നും ഇതിലൂടെ വര്‍ഷത്തില്‍ 1500 കോടിയുടെ അധികച്ചെലവെങ്കിലും ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."