ഓമ്‌നി വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മാതാവും മകനും മരിച്ചു
ബദിയഡുക്ക(കാസര്‍കോട്): ഓമ്‌നി വാന്‍ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു മാതാവും മകനും മരിച്ചു. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ മരുമകളെയും രണ്ട് പേരക്കുട്ടികളെയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തിഗെ ഉറുമി സ്വദേശികളും പെര്‍ള കണ്ണാടിക്കാനയില്‍ താമസക്കാരുമായ മുഹമ്മദിന്റെ ഭാര്യ ബീഫാത്തിമ (57), മകന്‍ അബ്ദുല്‍ ശരീഫ്(38) എന്നിവരാണ് മരിച്ചത്. ശരീഫിന്റെ ഭാര്യ ഖമറുന്നിസ (30) മക്കളായ ഷഹര്‍ബാന്‍ (6), ഷംന (10) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പെര്‍ള സീതാംഗോളി റോഡിലെ ബാഡൂര്‍ ഓണിബാഗിലുവിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. നിയന്ത്രണംവിട്ട വാന്‍ റോഡില്‍ നിന്നും സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. ശരീഫിന്റെ ഭാര്യാ സഹോദരന്‍ റഫീഖിന്റെ കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങായിരുന്നു ഇന്നലെ. ഇതില്‍ സംബന്ധിക്കുന്നതിനു വേണ്ടി പോകുന്നതിനിടയിലാണ് അപകടം. അപകട വിവരമറിഞ്ഞു ബദിയഡുക്ക പൊലിസും കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി വാനില്‍ കുടുങ്ങിയവരെ ഉടന്‍ പുറത്തെടുത്തു. ബീഫാത്തിമയും ശരീഫും സംഭവ സ്ഥലത്ത് വച്ച്തന്നെ മരിച്ചിരുന്നു. മുംബൈയില്‍ ഹോട്ടല്‍ ജീവനക്കാരനായ ശരീഫ് ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഉമറുല്‍ ഫാറൂഖ് സഹോദരനാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."