കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം: പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ സന്നാഹം
കോഴിക്കോട്: പ്രളയാനന്തരം നഗരത്തില്‍ പിടിമുറുക്കാനിടയുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നഗരപരിധിയില്‍ രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങളുടെ സഹകരണത്തോടെ കര്‍മപദ്ധതികള്‍ നടപ്പാക്കും. എലിപ്പനിയെ നേരിടുന്നതിന്റെ ഭാഗമായി പ്രതിരോധ ഗുളികകള്‍ നല്‍കിത്തുടങ്ങിയതായി മേയര്‍ പറഞ്ഞു. എലിപ്പനി പ്രതിരോധത്തിനുള്ള 35,000 ഗുളികകള്‍ എത്തി. 23,000 എണ്ണം വിതരണം ചെയ്തു കഴിഞ്ഞു. 1.5 ലക്ഷം ഗുളികകള്‍ ഉടന്‍ എത്തുമെന്നും മേയര്‍ അറിയിച്ചു.
വെള്ളംകയറിയ വീടുകളിലെ കക്കൂസ് മാലിന്യം ശേഖരിക്കുന്ന പ്രവൃത്തി ഇന്നാരംഭിക്കും. ദുരിതാശ്വാസ ക്യാംപുകളിലെ കക്കൂസ് മാലിന്യവും അമൃത് പദ്ധതിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച് ശുചീകരിക്കും. റാം ബയോകെമിക്കല്‍ എന്ന സ്ഥാപനമാണ് സൗജന്യമായി മലിനജല ട്രീറ്റ്‌മെന്റ് നടത്തുക.
വെള്ളം കയറിയ വീടുകളിലെ ഉപയോഗശൂന്യമായ കിടക്ക, തുണി, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ സൗജന്യമായി നേരിട്ട് ശേഖരിക്കും. ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ വീടുകളിലെത്തി കണക്കെടുത്ത ശേഷമായിരിക്കും സംഭരണം. മാനസികമായി തകര്‍ന്നവരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ക്ലിനിക്കല്‍ സൈക്കളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കും. നഗരപരിധിയിലെ തകര്‍ന്നറോഡുകള്‍ ഉടന്‍ ഗതാഗതയോഗ്യമാക്കും.
വെള്ളപ്പൊക്ക ദുരിതം കൂടുതല്‍ നേരിട്ട ചെറുവണ്ണൂര്‍, ബേപ്പൂര്‍, തണ്ണീര്‍പന്തല്‍, മൂഴിക്കല്‍ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് സഹകരണത്തോടെ ഒരു മാസത്തെ മെഡിക്കല്‍ ക്യാംപുകള്‍ നടത്തും. വയലുകളിലും പൊതുസ്ഥലങ്ങളിലും വന്നടിഞ്ഞ മാലിന്യങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ എത്രയും വേഗം നീക്കം ചെയ്യുമെന്നും മേയര്‍ പറഞ്ഞു.
പ്രളയം ബാധിച്ചത്
52 വാര്‍ഡുകളില്‍
കോഴിക്കോട്: കോര്‍പറേഷനില്‍ 52 വാര്‍ഡുകളില്‍ പ്രളയക്കെടുതി ഗുരുതരമായി ബാധിച്ചെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍.
46 ക്യാംപുകളിലായി 2,949 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 12,885 പേരാണ് ക്യാംപുകളില്‍ കഴിഞ്ഞത്. 11,679 വീടുകളിലാണ് വെള്ളം കയറിയത്. ഇതില്‍ 7,599 എണ്ണം കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നേരിട്ട് ശുചീകരിച്ചു.
മറ്റുള്ളവ സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് ശുചീകരിച്ചത്. വെള്ളപ്പൊക്കത്തെതുടര്‍ന്ന് 22 പൊതുസ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 1,583 സന്നദ്ധ പ്രവര്‍ത്തകര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ അണിനിരന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമഗ്രികള്‍ വാര്‍ഡുകളിലേക്ക് എത്തിക്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ലീഗ് അംഗം മുഹമ്മദ് ഷമീല്‍ ചൂണ്ടിക്കാട്ടി. അതേസമയം ശുചീകരണ സാമഗ്രികള്‍ സ്റ്റോക്കുണ്ടെന്നും ആവശ്യക്കാര്‍ക്ക് ലഭിക്കാന്‍ തടസമില്ലെന്നും ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ് പറഞ്ഞു. ചെറുവണ്ണൂരില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയതായി ലീഗിലെ എം. കുഞ്ഞാമുട്ടി പറഞ്ഞു. കോര്‍പറേഷന്‍ പരിധിയില്‍ റവന്യൂ ജീവനക്കാരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. പി.എം സുരേഷ്ബാബു ആരോപിച്ചു.
കെ.ടി ബീരാന്‍കോയ, കെ.സി ശോഭിത, പി.സി രാജന്‍, എം. രാധാകൃഷ്ണന്‍, പ്രശാന്ത്, നമ്പിടി നാരായണന്‍, കറ്റടത്ത് ഹാജിറ, കെ. നിര്‍മല, പി. ബിജുലാല്‍, പി.കെ ശാലിനി, അഡ്വ. ഒ. ശരണ്യ, എം.സി അനില്‍കുമാര്‍, പി. കിഷന്‍ചന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
മത്സ്യത്തൊഴിലാളികളെ
മാറ്റിനിര്‍ത്തിയതില്‍
പ്രതിഷേധം
കോഴിക്കോട്: പ്രളയം കൂടുതല്‍ ബാധിച്ച ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ കോഴിക്കോട്ടെ മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരത്തു നടന്ന ആദരിക്കല്‍ ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസിലെ വി. റഹിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."