ഗ്രാമങ്ങളുടെ പുനര്‍നിര്‍മാണത്തിന് ആറ്റിങ്ങല്‍ ഗവ.ഐ.ടി.ഐയിലെ നൈപുണ്യകര്‍മ്മസേന
ആറ്റിങ്ങല്‍: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ഗ്രാമങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി ആറ്റിങ്ങല്‍ ഗവ.ഐ.ടി.ഐയിലെ നൈപുണ്യകര്‍മ്മസേന രംഗത്തൈത്തി.
പ്രിന്‍സിപ്പല്‍ സുജാതയുടെയും വൈസ് പ്രിന്‍സിപ്പല്‍ സുരേഷ് ബാബുവിന്റെയും നേതൃത്വത്തില്‍ പ്രായോഗികം പരിശീലനം നേടിയ കുട്ടികളും വികാസ്, ബാബു, പ്രസന്നകുമാരി, വിജയകുമാര്‍, സാബു, സാജിദ്, വിപിന്‍, സന്തോഷ്, രമേശ്, ശിവപ്രസാദ്, ബിജു, രാജേഷ്, രൂപേഷ്, പ്രവീണ്‍, അനു, ജയശ്രീ എന്നീ ജീവനക്കാരുള്‍പ്പെടെ അന്‍പതോളം പേരടങ്ങിയ വിവിധ സംഘങ്ങള്‍ കഴിഞ്ഞ ഓണനാളുകളിലുള്‍പ്പെടെയുള്ള ദിവസങ്ങളില്‍ ദുരിതബാധിത പ്രദേശങ്ങളിലെത്തി കേടായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വരുന്നു. ആറ്റിങ്ങല്‍ ഗവ.ഐ.ടി.ഐയിലെ നൂറോളം ജീവനക്കാരെയും വിവിധ ട്രേഡുകളില്‍ പ്രായോഗിക പരിശീലനം നേടിയ മുന്നൂറോളം കുട്ടികളെയും ചേര്‍ത്ത് പ്രളയബാധിത പ്രദേശങ്ങളിലെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി നൈപുണ്യകര്‍മ്മസേന രൂപീകരിച്ചിരുന്നു.
വിവിധ സംഘങ്ങളായി തുടര്‍ന്നുള്ള ദിവസങ്ങളിലും ഇവര്‍ അറ്റകുറ്റപ്പണികള്‍ ചെയ്യും. ഹരിത കേരളമിഷന്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം വീടുകളിലെ വയറിംഗ്, പ്ലംബിങ്, ഇലക്ട്രോണിക്‌സ്, എ.സി, ഫ്രിഡ്ജ്, കാര്‍പെന്ററി എന്നിവയിലെ അറ്റകുറ്റപ്പണികള്‍ കൂടാതെ ശുചീകരണ പ്രവൃത്തികളും ഇവര്‍ പൂര്‍ത്തിയാക്കും.
ഇന്‍ഡസ്ട്രിയല്‍ ട്രയിനിങ് വകുപ്പിലെ ഐ.ടി.ഐകളിലുള്ള ഇലക്ട്രിഷ്യന്‍, പ്ലംബര്‍, വയര്‍മാന്‍, ഇലക്ട്രോണിക്‌സ്, വെല്‍ഡര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, റെഫ്രിജറേഷന്‍ മെക്കാനിക് തുടങ്ങിയ ട്രേഡുകളിലെ 200 ല്‍പ്പരം അധ്യാപകരും 2000 ല്‍പ്പരം പരിശീലനം സിദ്ധിച്ച ട്രെയിനികളും ചേര്‍ന്ന് നൈപുണ്യ കര്‍മ്മസേന രൂപീകരിച്ച് ജില്ലാ കലക്ടര്‍ക്കും ഹരിത കേരള മിഷനും കൈമാറിയിരുന്നു. ഏതു സമയത്തും ആവശ്യാനുസരണം പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിലെ അറ്റകുറ്റപ്പണികള്‍ ഇവര്‍ സൗജന്യമായി പൂര്‍ത്തിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."