ദേശീയ പാതയില്‍ പനംകുട്ടിയിലും വാഹന ഗതാഗതം പുനസ്ഥാപിച്ചു
അടിമാലി: ദേശിയപാത 185ല്‍ കത്തിപ്പാറക്കു പിന്നാലെ പനംകുട്ടിയിലേയും താല്‍ക്കാലിക നിര്‍മ്മാണം പൂര്‍ത്തിയായി.
വാഹനങ്ങള്‍ ഗതാഗതത്തിന് തുറന്ന് കൊടുത്തു. ദേശീയപാതയില്‍ രണ്ട് ഇടത്താണ് റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് പോയത്.കത്തിപാറയില്‍ കഴിഞ്ഞ ദിവസം ഗതാഗതം പുനസ്ഥപിച്ചിരുന്നു. പനംകൂട്ടിയില്‍ പാറപൊട്ടിച്ചാണ് പുതിയ റോഡ് നിര്‍മ്മിച്ചത്.ദേശീയപാത വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു പുനര്‍നിര്‍മ്മാണം. കഴിഞ്ഞ 15ന് ഉണ്ടായ കനത്തമഴയിലാണ് റോഡ് ഒലിച്ച് പുഴയില്‍ പതിച്ചത്. ഇതോടെ അടിമാലിയില്‍ നിന്നും ഇടുക്കി കട്ടപ്പന പ്രദേശത്തേയക്ക് രണ്ട് ആഴ്ച്ചയായി വാഹന സൗകര്യം ഉണ്ടായിരുന്നില്ല.കല്ലാര്‍കുട്ടി അണക്കെട്ട് പൂര്‍ണ്ണമായി തുറന്നു വിട്ടതോടെ ദേശിയപാതയിലേക്ക് മലവെള്ളം ഇരച്ചു കയറുകയും റോഡൊന്നാകെ ഒലിച്ചു പോകുകയുമാണ് ഉണ്ടായത്.
ഒരുവശത്ത് പുഴയും മറുവശത്ത് പാറയും ഉള്ളതിനാല്‍ സമാന്തരപാത നിര്‍മ്മിക്കുന്നതിനോ മണ്ണിടിച്ച് പാത വേഗത്തില്‍ ഗതാഗതയോഗ്യമാക്കുന്നതിനോ സാധിക്കാതെ വന്നു. നിലവില്‍ പാതയുടെ ഒരു വശത്തുയര്‍ന്നു നില്‍ക്കുന്ന പാറപൊട്ടിച്ച് വീതി വര്‍ധിപ്പിക്കുകയും റോഡ് ഒലിച്ചുപോയ ഭാഗത്ത് കല്ലും മക്കുമിട്ട് നികത്തി വാഹനം കടത്തിവിടാനുള്ള ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. കത്തിപ്പാറയിലേയും പനംകുട്ടിയിലേയും നിര്‍മ്മാണ ജോലികള്‍ അവസാനിക്കുകയും ചെറുതോണി പാലം ഗതാഗതയോഗ്യമാകുകയും ചെയ്താല്‍ മാത്രമേ അടിമാലി കട്ടപ്പന റൂട്ടില്‍ പഴയരീതിയില്‍ ബസ് സര്‍വ്വീസ് പുനരാരംഭിക്കാനാകു.
അതേസമയം പ്രധാനപാതകള്‍ ഗതാഗതയോഗ്യമാകുമ്പോള്‍ ഗ്രാമീണ റോഡുകള്‍ പലതും തകര്‍ന്നു തന്നെ കിടക്കുന്നു. മുതിരപ്പുഴ കൊന്നത്തടി റോഡിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി വേണമെന്ന ആവശ്യം നാട്ടുകാര്‍ മുമ്പോട്ട് വയ്ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."