വീടുകളില്‍ നിന്നും വെള്ളമിറങ്ങിയ ശേഷം മാത്രം ദുരിതബാധിതര്‍ ക്യാംപുകളില്‍ നിന്ന് ഒഴിഞ്ഞാല്‍ മതിയെന്ന് മന്ത്രി
ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ വീടുകളില്‍ നിന്നും വെള്ളമിറങ്ങിയ ശേഷം മാത്രം ക്യാംപുകളില്‍ നിന്ന് ഒഴിഞ്ഞുപോയാല്‍ മതിയെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. നിര്‍ബന്ധപൂര്‍വ്വം ആരെയും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലായെന്നും മന്ത്രി അറിയിച്ചു.
പാടശേഖരങ്ങളില്‍ മോട്ടോര്‍ നടത്തുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. മോട്ടോര്‍ നന്നാക്കുന്നതിന് അഡ്വാന്‍സ് തുക നല്‍കും. എത്രയും വേഗം പമ്പിംഗ് ആരംഭിക്കുവാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. ക്യാംപുകള്‍ സ്‌കൂളുകളില്‍ നിന്ന് ഒഴിവാക്കി ഉചിതമായ സ്ഥലങ്ങള്‍ കണ്ടെത്തി നിലവിലുള്ളവരെ താമസിപ്പിക്കും. സര്‍ക്കാര്‍ തന്നെ എല്ലാ ചിലവുകളും വഹിക്കും. ഈ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ക്യാംപുകള്‍ നിര്‍ത്തി വെയ്ക്കാന്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ല.
കുട്ടനാട് താലൂക്കിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും പതിനായിരം രൂപയും കിറ്റും നല്‍കും. കുട്ടനാട് താലൂക്കിന് പുറത്തുള്ള സ്ഥലങ്ങളില്‍ ക്യാംപുകളില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകള്‍ക്കും ഈ തുകയും കിറ്റും ലഭിക്കും. ഇതാണ് മന്ത്രിസഭാ തീരുമാനം. കാര്യങ്ങള്‍ അന്വേഷിച്ച് ഉദ്യോഗസ്ഥരെ സമീപിക്കുമ്പോള്‍ തെറ്റായ കാര്യങ്ങള്‍ പറയാന്‍ പാടില്ലാത്തതാണ്. അത് കര്‍ശനമായി നടപ്പിലാക്കണം.
ഭക്ഷ്യസാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും തട്ടിയെടുക്കുന്നുവെന്ന കാര്യം ശരിയല്ല. ചില സ്ഥലങ്ങളില്‍ ഉണ്ടാകുന്ന പ്രവണതയ്‌ക്കെതിരെ കേസെടുക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ക്യാംപിന്റെ നടത്തിപ്പിന് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
അവര്‍ അത് കൃത്യമായി നടത്താന്‍ തയ്യാറാകണം. സര്‍ക്കാര്‍ എല്ലാവരെയും സംരക്ഷിക്കുമെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
വീടുകളില്‍ എത്തുന്നവര്‍ പകര്‍ച്ചവ്യാധികളും അസുഖങ്ങളും പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യാനുസരണം ഇതിനായി ഡോക്ടര്‍മാരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. എന്‍.എച്ച്.എമ്മിന്റെ നേതൃത്വത്തില്‍ ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും അനുസരിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കുടിവെള്ളം എത്തിക്കുവാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."