കൊറോണക്കാലത്ത് കസേരകള്‍ ചെയ്യുന്നത്
സംഗമങ്ങളേതുമാവട്ടേ, മനുഷ്യരില്ലാത്ത ഒഴിഞ്ഞ കസേരകള്‍ പ്രഹസനമായിരുന്നു, പരിഹാസ്യമായിരുന്നു, കുറച്ചു മാസങ്ങള്‍ മുന്‍പ് വരെ. ഇപ്പോഴിതാ ഒഴിഞ്ഞ കസേരകളാണ് ആളുകള്‍ക്ക് പകരം ശബ്ദിക്കാന്‍ വേണ്ടി മൈതാനത്തിലിറങ്ങുന്നത്. കൊറോണാനന്തരം കാണുന്ന ന്യൂ നോര്‍മലിന്റെ ഒരു വശം.
വലിയൊരു പ്രതിഷേധ ചിത്രമാണ് ആദ്യത്തേത്. ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ പാര്‍ലമെന്റ് മന്ദിരമായ റെയ്ച്ച്സ്റ്റാഗിനു മുന്‍പില്‍ നിരത്തിയിട്ടിരിക്കുന്നത് 13,000 കസേരകളാണ്.
ഗ്രീക്ക് ദ്വീപുകളില്‍ കുടുങ്ങിക്കിടക്കുന്ന അഭയാര്‍ഥികളെ പ്രതിനിധീകരിച്ചാണ് ഇവിടെ കസേരകള്‍ 'അണിനിരന്നിരി'ക്കുന്നത്. ഗ്രീസിലെ ഓരോ ക്യാംപുകളിലും പതിനായിരങ്ങളാണ് ദുരിതംപേറി കഴിയുന്നത്. ഗ്രീസിലെ ഏറ്റവും വലിയ ക്യാംപായ ലെസ്‌ബോസ് ദ്വീപിലെ മോറിയയില്‍ ഈയിടെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 2800 പേര്‍ക്ക് മാത്രം തങ്ങാവുന്ന ഈ ക്യാംപില്‍ ഏതാണ്ട് 13,000 പേരുണ്ടെന്നാണ് കണക്ക്. ഗ്രീക്ക് ദ്വീപുകളിലെ മൊത്തം ക്യാംപുകളില്‍ 24,000 പേരുണ്ട്. 6,100 പേര്‍ക്ക് മാത്രം സൗകര്യമുള്ളിടത്താണിത്.
അഭയാര്‍ഥികള്‍ക്ക് യൂറോപ്പില്‍ ഇടമൊരുക്കണമെന്നും മാനുഷികമൂല്യം കുരുതികൊടുക്കരുതെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അടുത്ത ചിത്രം ഇസ്‌റാഈലില്‍ നിന്നുള്ളതാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,000 കടന്നപ്പോള്‍ അവരെ പ്രതീകാത്മകമായി ഒരുമിപ്പിക്കാന്‍ വേണ്ടിയാണ് തെല്‍ അവീവിലെ റാബിന്‍ ചത്വരത്തില്‍ ആയിരം കസേരകള്‍ നിരത്തിയിരിക്കുന്നത്. ഓരോ കസേരയിലും മരിച്ചവരുടെ പേരും ഒരു റോസാപ്പൂവും സമര്‍പ്പിച്ചിരിക്കുന്നു. ഈ പരിപാടിക്ക് മുതിര്‍ന്നാല്‍ നമുക്കിവിടെ കസേരകളും മൈതാനങ്ങളും മതിയാവാതെ വരും.
ഓര്‍മയുണ്ടോ,
അലന്‍ കുര്‍ദിയെ?
ബെര്‍ലിനിലെ പ്രധാന ട്രെയിന്‍ സ്റ്റേഷനു മുന്നില്‍ നിന്നുള്ളതാണ് കാഴ്ച. നിരവധി ചെരുപ്പുകളും ഷൂസും കൊണ്ടുള്ള ഒരു ഇന്‍സ്റ്റലേഷന്‍. അഞ്ചു വര്‍ഷം മുന്‍പ് ബോട്ട് അപകടത്തില്‍പ്പെട്ട് മരിച്ച അലന്‍ കുര്‍ദിയെന്ന മൂന്നു വയസുകാരന്റെ ഓര്‍മയ്ക്കായാണ് ഈ ഇന്‍സ്റ്റലേഷന്‍.
സിറിയന്‍ അഭയാര്‍ഥിയായ അലന്‍ കുര്‍ദിയെ ബോഡ്രമിലെ ടര്‍ക്കിഷ് റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ മുഖം പൂഴ്ത്തിയ നിലയില്‍ കണ്ടത് മറക്കാനാവാത്ത ചിത്രമാണ്. 2015 സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഇത്. യൂറോപ്പില്‍ എത്താന്‍ ശ്രമിക്കുന്ന അനേകായിരം അഭയാര്‍ഥികളുടെ അവസ്ഥ വിളിച്ചുപറയുന്നതായിരുന്നു നിലോഫര്‍ ഡെമിര്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം.
അകലമില്ലെങ്കിലും
മാസ്‌കുണ്ട്
പതിറ്റാണ്ടുകളായി ഗ്യാങ് അക്രമിസംഘങ്ങളുടെ ദുരിതം പേറുന്ന നാടാണ് എല്‍ സാല്‍വദോര്‍. പിടിച്ച് ജയിലിലിട്ടാല്‍ പോലും ഇവരുടെ അക്രമം തുടരും. 2019 ജൂണില്‍ അധികാരത്തിലേറിയ പ്രസിഡന്റ് നായിബ് ബുകെലെ കടുത്ത തീരുമാനമെടുത്തു, ഒരു നിലയ്ക്കും അക്രമികളോട് വിട്ടുവീഴ്ചയില്ലെന്ന്. എന്നാല്‍ വേണ്ടത്ര ജയിലുകള്‍ ഇവിടെയില്ല. അതൊന്നും കണക്കാക്കാതെ 18,051 പേരെ മാത്രം കൊള്ളാവുന്ന ജയിലുകളില്‍ ഇപ്പോള്‍ ഇട്ടിരിക്കുന്നത് 38,000 ത്തില്‍ അധികം പേരെ.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചതിന്റെ ചിത്രമാണിത്. മാസ്‌കുണ്ട്, ശാരീരിക അകലം പാലിക്കാന്‍ സ്ഥലം വേണ്ടേ! മറ്റ് അണുവിമുക്ത പരിപാടികളൊന്നും ഇല്ലെന്നും ആരോപണമുണ്ട്. നിറഞ്ഞുകവിഞ്ഞ ഇസാല്‍കോ ജയിലില്‍ സെര്‍ച്ച് ഓപ്പറേഷന്‍ നടക്കുന്നതിനിടെ പകര്‍ത്തിയാണ് ഈ ചിത്രം. തെരഞ്ഞെടുപ്പില്‍ തന്നെ സഹായിക്കാന്‍ വേണ്ടി ഗുണ്ടാ തലവന്മാരെ പുറത്തിറക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സെര്‍ച്ച് ഓപ്പറേഷന്‍ നടന്നത്.
പശുവിന്റെ പിറകിലെ
കണ്ണുകള്‍!
പശുക്കള്‍ക്കെതിരെ ദിനേനയെന്നോണം സിംഹം, പുലി ഇത്യാദി വന്യജീവികളുടെ ആക്രമണം. കര്‍ഷകരുടെ നിരന്തര പരാതിയെ തുടര്‍ന്ന് ശാസ്ത്രജ്ഞന്മാര്‍ ഗവേഷണം തുടങ്ങി. ഒടുവില്‍ അവര്‍ ഒരു വഴി കണ്ടെത്തി. അതാണ് ഈ ചിത്രത്തില്‍ കാണുന്നത്. പശുവിന്റെ പിറകില്‍ രണ്ട് കണ്ണുകള്‍ വരച്ചുകൊടുക്കുക!
ദക്ഷിണാഫ്രിക്കയിലെ ബോട്‌സ്വാനയിലാണ് സംഭവം. ശാസ്ത്രീയ കണ്ടുപിടുത്തമാവുമ്പോള്‍ പരീക്ഷണം ഉണ്ടാവുമല്ലോ. ആദ്യ ഘട്ടത്തില്‍ ഗവേഷകര്‍ 14 പശുക്കളില്‍ കണ്ണുകള്‍ വരച്ച് പരീക്ഷിച്ചുനോക്കി. നാലു വര്‍ഷമായി നടത്തിവന്ന പരീക്ഷണത്തില്‍, വ്യാജ കണ്ണുകള്‍ വരച്ചുകൊടുത്ത പശുക്കള്‍ മറ്റു പശുക്കളെ അപേക്ഷിച്ച് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതായി കണ്ടുവെന്നാണ് ഫലം.
പശുക്കള്‍ക്ക് വേണ്ടി ശാസ്ത്രജ്ഞരെ വച്ച് ഇത്രയും വര്‍ഷങ്ങളുടെ പഠനം നടത്തുമോയെന്ന സംശയമുണ്ടോ? ന്യായം. ഒരു പശു കൊല്ലപ്പെടുമ്പോള്‍ കര്‍ഷകന്‍ വേട്ടമൃഗത്തെ വേട്ടയാടിപ്പിടിക്കും, കൊല്ലും. അതു കാരണം ആഫ്രിക്കയില്‍ സിംഹങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് പഠനം. അവരെ സംരക്ഷിക്കണമെങ്കില്‍ പശുക്കളെ സംരക്ഷിക്കുകയാണ് എളുപ്പവഴിയെന്ന നിലയ്ക്കാണ് പഠനം കര്‍ഷകരോടൊപ്പമാക്കിയത്. 'സിംഹം പതിയിരുന്ന് ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന കൂട്ടത്തിലുള്ളതാണ്. ഇര തന്നെ കാണുന്നുണ്ടെന്ന് തോന്നുന്നതോടെ അവ ഉപേക്ഷിച്ചുപോവുന്നു'- ഓസ്‌ട്രേലിയയിലെ യൂനിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സ് ഗവേഷകസംഘത്തിലെ തലവന്‍ നീല്‍ ജോര്‍ദാന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."