പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് അധികൃതരുടെ അവഗണന
തൃക്കൂര്‍: കല്ലൂര്‍ പടിഞ്ഞാട്ടുമുറി, കനാല്‍ പരിസരം എന്നിവിടങ്ങളില്‍ പ്രളയക്കെടുതിയില്‍പ്പെട്ട അന്‍പതോളം വീട്ടുകാരെ അധികൃതര്‍ അവഗണിക്കുന്നതായി ആക്ഷേപം. പ്രളയത്തില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവര്‍ വിവിധ ദുരിതാശ്വാസ ക്യാംപുകളിലാണ് കഴിഞ്ഞിരുന്നത്. നാലു ദിവസം ക്യാംപില്‍ കഴിഞ്ഞ ഇവര്‍ക്ക് വീട്ടിലേക്ക് മടങ്ങുമ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ മാത്രമാണ് നല്‍കിയത്.
കിറ്റില്‍ നല്‍കിയ അഞ്ച് കിലോ അരി ഉപയോഗശൂന്യമായിരുന്നതായി വീട്ടുകാര്‍ പറയുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമഗ്രികള്‍ പോലും നല്‍കാതെ വീട്ടിലേക്ക് മടങ്ങേണ്ടിവന്ന ഇവരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ മറ്റിടങ്ങളിലാണ് താമസിക്കുന്നത്. അര്‍ഹമായ പരിഗണന ലഭിക്കാതായപ്പോള്‍ ഓണത്തിന് നല്‍കിയ ഭക്ഷണ പദാര്‍ഥങ്ങളടങ്ങിയ കിറ്റ് പലകുടുംബങ്ങളും അധികൃതര്‍ക്ക് മടക്കി നല്‍കി. നാലുദിവസം വെള്ളം കെട്ടിനിന്നതിനെ തുടര്‍ന്ന് ചില വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചുവെങ്കിലും പൂര്‍ണമായി തകര്‍ന്ന വീടിന് മാത്രമേ നഷ്ടപരിഹാരം നല്‍കാന്‍ കഴിയൂവെന്ന് പറഞ്ഞ് മടങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു . അര്‍ഹമായ പരിഗണന ലഭിക്കുന്നതിനായി എങ്ങോട്ടുപോകണമെന്നറിയാതെ നില്‍ക്കുകയാണ് ഈ കുടുംബങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."