പാര്‍ലമെന്റ് സമ്മേളനം: അവതരിപ്പിക്കുക 33 ബില്ലുകള്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങാനിരിക്കെ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നത് 33 ബില്ലുകള്‍. ഇതില്‍ 22 എണ്ണം പുതിയ ബില്ലുകളാണ്. 11 ബില്ലുകള്‍ നിലവിലുള്ള ഓര്‍ഡിനന്‍സുകളെ നിയമമാക്കാനുള്ളതാണ്. കൊവിഡ് കാലമായതിനാല്‍ അവധിയില്ലാതെ അടുത്ത മാസം ഒന്നു വരെ മാത്രമാണ് സമ്മേളനം ചേരുന്നത്. ഈ സമയത്തിനുള്ളില്‍ ഇത്രയും ബില്ലുകള്‍ അവതരിപ്പിക്കുകയും ചര്‍ച്ച പൂര്‍ത്തിയാക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.
മള്‍ട്ടി സ്‌റ്റേറ്റ് കോ ഓപ്പറേറ്റീസ് സൊസൈറ്റീസ് ബില്‍, ബൈലാട്രല്‍ നെറ്റിങ് ഫിനാന്‍സ് കോണ്‍ട്രാക്ട്‌സ് ബില്‍, ഫാക്ടറിങ് റെഗുലേഷന്‍ ബില്‍, പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ബില്‍, ജുവൈനല്‍ ജസ്റ്റിസ് ബില്‍ തുടങ്ങിയവയാണ് ഇതില്‍ ചിലത്. ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനുള്ള ബില്ലും കേന്ദ്രം തയാറാക്കിയിട്ടുണ്ട്. സമയക്കുറവുള്ളതിനാല്‍ സഭയില്‍ ചെറിയ രീതിയിലുള്ള ചര്‍ച്ചകളായിരിക്കും നടത്തുക. യഥാര്‍ഥ നിയന്ത്രണ രേഖയിലെ ഇന്ത്യാ-ചൈന പ്രശ്‌നങ്ങള്‍ സംബന്ധിച്ചു ചര്‍ച്ചയുണ്ടാകും. സഭാംഗങ്ങള്‍ക്കും പാര്‍ലമെന്റ് ജീവനക്കാര്‍ക്കും റിപ്പോര്‍ട്ടിങ്ങിനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ പാര്‍ലമെന്റിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. സാനിറ്റൈസറുകളും സ്ഥാപിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം, ഡി.ആര്‍.ഡി.ഒ എന്നിവ ചേര്‍ന്നാണ് പാര്‍ലമെന്റ് സമ്മേളനത്തിനുള്ള സൗകര്യമൊരുക്കുന്നത്. സുരക്ഷാ പരിശോധനക്കായി മാസ്‌ക് അഴിക്കാന്‍ എം.പിമാരോട് ആവശ്യപ്പെടില്ല. പകരം തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കും. ഇത്തവണ പൂര്‍ണമായും കടലാസ് രഹിത പാര്‍ലമെന്റ് സമ്മേളനമായിരിക്കും നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."