സുവര്‍ണ ജൂബിലി ആഘോഷത്തിലും മാറ്റമില്ലാതെ ഉമ്മന്‍ ചാണ്ടിയുടെ 'ഞായറാഴ്ച ദര്‍ബാര്‍'
കോട്ടയം: നിയമസഭാ സാമാജികത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുമ്പോഴും ഉമ്മന്‍ ചാണ്ടിയുടെ 'ഞായറാഴ്ച ദര്‍ബാറി'ന് മാറ്റമില്ല. കൊവിഡ് കാലമായിട്ടും സാമൂഹിക അകലം പാലിച്ച് കുഞ്ഞൂഞ്ഞിനെ കാണാന്‍ പുതുപ്പള്ളിക്കാര്‍ ഇന്നലെയും അതിരാവിലെ തന്നെ കാരോട്ടുവള്ളക്കാലില്‍ തറവാട്ടിലെത്തി. 1970 സെപ്റ്റംബര്‍ 17ന് പുതുപ്പള്ളിയുടെ നിയമസഭാ സാമാജികനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തുടങ്ങിയതാണ് ഞായറാഴ്ച ദര്‍ബാര്‍.
അര നൂറ്റാണ്ടു കാലം ഒരേ മണ്ഡലത്തെ തന്നെ നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി പ്രതിനിധീകരിക്കുന്നതിന്റെ വിജയമാതൃകകളില്‍ ഒന്നു മാത്രമാണ് പുതുപ്പള്ളിയിലെ ഈ ഞായറാഴ്ച ദര്‍ബാര്‍. ഞായറാഴ്ച എന്നൊരു ദിനമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ ഹാജരാണ്. ലാവോസിലെ വീഴ്ചയും കൊവിഡ്കാല ലോക്ക്ഡൗണും മാത്രമാണ് അതിനൊരു തടസ്സം സൃഷ്ടിച്ചത്. പതിവുകള്‍ ഇന്നലെയും തെറ്റിയില്ല. പുതുപ്പള്ളി പള്ളിയിലെ ഞായറാഴ്ചയിലെ ആദ്യ കുര്‍ബാനയില്‍ തന്നെ പങ്കെടുത്തു. പ്രാര്‍ഥനയ്ക്കു ശേഷം വീട്ടിലേക്കു മടക്കം. അവിടെ കാത്തിരുന്നവരുടെ പരാതികളും പരിഭവങ്ങളും ആവശ്യങ്ങളും ക്ഷമയോടെ കേട്ടു. എല്ലാത്തിനും പതിവുപോലെ തന്നെ പരിഹാരങ്ങളും നിര്‍ദേശിച്ചു. രാവിലെ 9.30 വരെ വീട്ടിലെ ദര്‍ബാര്‍ നീണ്ടു. വന്നവരെല്ലാം സംതൃപ്തരായി മടങ്ങിയതോടെ ഉമ്മന്‍ ചാണ്ടി മണ്ഡലത്തിലേക്കിറങ്ങി. മണര്‍ക്കാട് ഉള്‍പ്പെടെ ചടങ്ങുകളില്‍ പങ്കെടുത്തു. അവിടെ നിന്ന് നേരെ കടുത്തുരുത്തിയിലേക്ക്. കെ.പി.സി.സി നിര്‍മിച്ചു നല്‍കിയ ഭവനത്തിന്റെ പാലുകാച്ചല്‍ ചടങ്ങിലും പങ്കെടുത്തു.
ഉമ്മന്‍ ചാണ്ടിയെ കാണണമെന്നാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഞായറാഴ്ച കാരോട്ടുവള്ളക്കാലില്‍ തറവാട്ടിലേക്കു വരാം. ഏത് ആവലാതിക്കും അവിടെ പരിഹാരമുണ്ട്. രാഷ്ട്രീയക്കാരുടെ ഒ.സിയും നാട്ടുകാരുടെ കുഞ്ഞൂഞ്ഞുമായ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വരുന്ന 17ന് നിയമസഭാ സാമാജികത്വത്തിന്റെ 50 വര്‍ഷങ്ങള്‍ തികയ്ക്കുകയാണ്. ഒരേ മണ്ഡലത്തില്‍ നിന്ന് മാത്രം 11 തവണ ജയിച്ച് എം.എല്‍.എ ആയ സുവര്‍ണ വര്‍ഷങ്ങള്‍. അപൂര്‍വം ചിലര്‍ക്കു മാത്രം കഴിയുന്ന നേട്ടമാണണിത്. രാജ്യത്തെ ഒരു കോണ്‍ഗ്രസ് നേതാവിനും കഴിയാത്ത മികവ്. 13 തവണ പാലായുടെ സ്വന്തമായിരുന്ന കെ.എം മാണി 52 വര്‍ഷം എം.എല്‍.എ ആയി പ്രവര്‍ത്തിച്ചാണ് വിടപറഞ്ഞത്. മഹാരാഷ്ട്രയിലെ പെസന്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഗണപതറാവു ദേശ്മുഖ് ആണ് 11 തവണ ജയിച്ചു റെക്കോര്‍ഡ് സ്ഥാപിച്ച രാജ്യത്തെ മറ്റൊരു നിയമസഭാ സാമാജികന്‍. 56 വര്‍ഷം എം.എല്‍.എ ആയെങ്കിലും 1995ല്‍ അദ്ദേഹം തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
ആള്‍ക്കൂട്ടങ്ങള്‍ക്കു നടുവിലേ എന്നും ഉമ്മന്‍ ചാണ്ടിയെ കാണാനാവൂ. ആള്‍ക്കൂട്ടങ്ങളില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയില്ല. എം.എല്‍.എ ആയപ്പോഴും തൊഴില്‍, ആഭ്യന്തര, ധന വകുപ്പുകള്‍ ഭരിച്ച മന്ത്രിയായപ്പോഴും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി മാറിയപ്പോഴും ഉമ്മന്‍ ചാണ്ടി എന്നും ആള്‍ക്കൂട്ടങ്ങള്‍ക്കു നടുവില്‍ തന്നെ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായി മാറുമ്പോഴും ആ പതിവുകള്‍ക്കു മാറ്റമില്ല. കാറ്റും കോളും നിറഞ്ഞ രാഷ്ട്രീയരംഗത്ത് ആരോപണങ്ങളുടെ ശരശയ്യ തീര്‍ത്ത് എതിരാളികള്‍ കടന്നാക്രമിച്ചിട്ടും ഉമ്മന്‍ ചാണ്ടി ആടിയുലയാതെ നില്‍ക്കുന്നത് ഈ ജനകീയ കരുത്ത് കൊണ്ടു തന്നെയാണ്.
1970 സെപ്റ്റംബര്‍ 17ന് സി.പി.എമ്മിലെ സിറ്റിങ് എം.എല്‍.എ ഇ.എം ജോര്‍ജിനെ തോല്‍പ്പിച്ചു തുടങ്ങിയതാണ് ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പു പോരാട്ടം. പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം ഏറിയും കുറഞ്ഞുമിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടിയെ തോല്‍പ്പിക്കാന്‍ മാത്രമുള്ള ശക്തി എതിരാളികള്‍ നേടിയില്ല. 27ാം വയസില്‍ പുതുപ്പള്ളിയുടെ മനസു കീഴടക്കിയ ജൈത്രയാത്ര സുവര്‍ണ ജൂബിലിയിലൂടെ അതിവേഗം ബഹുദൂരം തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."