എസ്എഫ്ഐക്കെതിരെ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്.
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയുടെ കുറിപ്പ് പുറത്ത്.
സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നേതാക്കളില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായെന്നും അതിനു കൂട്ടാക്കാത്തതിനാല് തന്നെ ഒറ്റപ്പെടുത്തുകയാണെന്നും ആത്മഹത്യ പ്രേരണക്കു കാരണക്കാര്‍ യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പലും എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുമാണെന്ന് കുറിപ്പില്‍ പറയുന്നു. കുറിപ്പില്‍ എസ്എഫ്ഐ നേതാക്കളെ പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ട്.
പരീക്ഷയുടെ തലേ ദിവസം നേരത്തെ വീട്ടില്‍ പോകാനിറങ്ങിയപ്പോള്‍ എസ്എഫ്ഐ നേതാക്കള്‍ ശരീരത്തില്‍ പിടിച്ചു തടഞ്ഞു നിര്‍ത്തിയെന്നും ചീത്ത വിളിച്ചുവെന്നും കരഞ്ഞു പറഞ്ഞിട്ടു പോലും ക്ലാസിലിരുത്താതെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടുപോയെന്നും പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ പറയുന്നതായി പൊലിസ് പറഞ്ഞു. പരാതി പറഞ്ഞിട്ടും പ്രിന്‍സിപ്പല്‍ നടപടിയെടുത്തില്ലെന്നും കുറിപ്പില്‍ ആരോപിക്കുന്നു.
എന്നാല്‍ വിദ്യാര്‍ഥിയോ രക്ഷിതാക്കളോ ഇക്കാര്യം പൊലിസിനോട് പരാതിപ്പെട്ടിട്ടില്ല. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള നടപടികളെ കുറിച്ച് അന്വേഷിക്കുകയാണ് പൊലിസ്
അതേസമയം വിദ്യാര്‍ഥിനി പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. ആരോപണം പൂര്‍ണമായും തള്ളിക്കളഞ്ഞ് എസ്എഫ്ഐയും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."