ബഹ്‌റൈനില്‍ ഭീകരരുടെ സ്‌ഫോടനശ്രമം സുരക്ഷാ സേന തകര്‍ത്തു; അഞ്ചു ഭീകരര്‍ പിടിയിലായി
മനാമ: ബഹ്‌റൈനില്‍ സ്‌ഫോടനപരമ്പര നടത്താനുള്ള ഭീകരരുടെ നീക്കം സുരക്ഷാ സേന തകര്‍ത്തു. സംഭവത്തില്‍ അഞ്ചു പേരെ പിടികൂടിയതായും പിടിയിലായവര്‍ക്ക് ഇറാനുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായും അഭ്യന്തരമന്ത്രാലയം അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് തീവ്രവാദഭീഷണിയുണ്ടെന്ന് തെളിഞ്ഞതായും ദുരൂഹമായ എന്തെങ്കിലും പൊതുജനങ്ങളുടെ കണ്ണില്‍പ്പെട്ടാല്‍ ഉടനെ 80008008 എന്ന ഹോട്ട് ലൈന്‍ നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്രകാരം തങ്ങളെ ബന്ധപ്പെടുന്നവരുടെയോ രഹസ്യവിവരങ്ങള്‍ അറിയിക്കുന്നവരുടെയോ പേരുവിവരങ്ങള്‍ പുറത്ത് വിടില്ലെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ സംഭവത്തില്‍ പിടിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു. അറബ് വംശജരായ മൊഹമ്മദ് അബ്ദുള്‍ ജലീല്‍ (28), മൊഹ്മൂദ് ജാസ്സിം (26), ജാസ്സിം മന്‍സൂര്‍ (25), അഹ്മദ് മൊഹമ്മദ് (23), ഖാലി ഹസ്സന്‍ (20) എന്നിവരാണ് പിടിയിലായിരിക്കുന്നത്. സംഘത്തിന് ഇറാഖിലും ഇറാനിലും വച്ച് പരിശീലനം ലഭിച്ചതായി സൂചനയുണ്ട്. ഇവരെ കൂടാതെ ഇവരുമായി ബന്ധപ്പെട്ട ചില കണ്ണികളെ കുറിച്ചും അന്വേഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
നിലവില്‍ പിടികൂടപ്പെട്ടവരില്‍ നിന്നും സൂക്ഷിക്കപ്പെട്ട നിലയിലുള്ള വന്‍ സ്‌ഫോടക വസ്തുശേഖരം കണ്ടെടുത്തിട്ടുണ്ട്. ഇവിടെ ഹമദ് ടൗണിന് സമീപത്തുള്ള വര്‍ക്ക് ഷോപ്പില്‍ നിന്നുമാണിവ പൊലിസ് കണ്ടെടുത്തത്. നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളടക്കമുള്ളവയാണിവ. കൂടാതെ ഇവരുടെ വീട്ടില്‍ നിന്നും വേറെയും ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. റിമോട്ട് കണ്‍ട്രോള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍, ബാറ്ററികള്‍, ഇലക്ട്രിക് ബോര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, ടെലിഫോണ്‍ ചിപ്പുകള്‍, ഇലക്ട്രോണിക് കീകളും വയറുകളും, കത്തികള്‍, പലതരം കറന്‍സികള്‍ തുടങ്ങിയവയും കണ്ടെത്തിയ വസ്തുക്കളില്‍ പെടുന്നു.
സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് രാജ്യത്ത് ഒന്നിലേറെ സ്ഥലങ്ങളിലായി ഉഗ്രസ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുകയും സൂക്ഷിക്കുകയും ചെയ്തതിന്റെ പേരിലാണിപ്പോള്‍ ഇവര്‍ക്കെതിരേ പ്രധാനമായും കേസ് ചുമത്തിയിരിക്കുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു. മറ്റു വിശദാംശങ്ങളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
അതേ സമയം പ്രതികള്‍ക്ക് ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡില്‍ നിന്നും ഇറാഖിലെ ഹിസ്ബുള്ളയില്‍ നിന്നും പരിശീലനം ലഭിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. പ്രതികളില്‍ ചിലരിക്കാര്യം സമ്മതിച്ചിട്ടുമുണ്ട്. ഇതു സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ പിന്നീട് പുറത്തുവിടും. പതികളില്‍ ഒരാളായ മൊഹമ്മദ് അബ്ദുള്‍ ജലീല്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്. ഇയാള്‍ക്ക് ഇറാനില്‍ സൈനിക പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പിസ്റ്റളുകളും മറ്റ് ആയുധങ്ങളും ഉപയോഗിക്കാനും, ബോംബ് നിര്‍മിക്കാനും, TNT, C4 തുടങ്ങിയ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കാനും ഇയാളെ പരിശീലിപ്പിച്ചതായാണ് അറിയുന്നത്. ഇറാനിലെ അഭയാര്‍ഥിയായ അലി അല്‍ മുസാവിയാണ് ഇയാള്‍ക്ക് പരിശീലനം നല്‍കിയിരുന്നതെന്നും ഇക്കാര്യം പ്രതി സമ്മതിച്ചതായും അധികൃതര്‍ അറിയിച്ചു.
മറ്റൊരു പ്രതിയായ മൊഹമ്മദ് ജാസ്സിമും ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഇയാള്‍ക്കും ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡില്‍ നിന്നും ഇറാഖി ഹിസ്ബുള്ളയില്‍ നിന്നും പരിശീലനം ലഭിച്ചിട്ടുണ്ട്. മറ്റൊരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ജാസ്സിം മന്‍സൂര്‍ ഒന്നാമനായ അബ്ദുല്‍ ജലീലില്‍ നിന്നും ബോംബ് നിര്‍മാണത്തിനുള്ള ബാറ്ററിയും മറ്റും വാങ്ങിയിരുന്നതായി സമ്മതിച്ചിട്ടുണ്ട്. നാലാം പ്രതി അഹമ്മദ് മൊഹമ്മദും അഞ്ചാം പ്രതി ഖലീല്‍ ഹസ്സനും വിദ്യാര്‍ഥികളാണ്. ഇവരുമായി ബന്ധപ്പെട്ട കണ്ണികളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. അതിനിടെ പ്രതികളുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് അറിയുന്നത്. പ്രതികളുടെ അറസ്സുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പുരോഗമിക്കുകയാണ്. നേരത്തെ ബോംബ് സ്‌ക്വാഡും, ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."