സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്: ജീവനക്കാരന് മരിച്ച നിലയില്‍; 5.8 കോടി രൂപയും 24 കോടിയുടെ സ്വര്‍ണവും പിടിച്ചു
കോയമ്പത്തൂര്‍: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 5.8 കോടി രൂപയും 24 കോടിയുടെ സ്വര്‍ണവും പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ്. ഏപ്രില്‍ 30നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള 70ലധികം കേന്ദ്രങ്ങളില്‍ ആദായനികുതിവകുപ്പ് തിരച്ചില്‍ ആരംഭിച്ചത്. ഇതില്‍ കോയമ്പത്തൂരിലുള്ള 22 കേന്ദ്രങ്ങളും മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഹോമിയോ മെഡികല്‍ കോളജും ഉള്‍പ്പെടുന്നു.
മാര്‍ട്ടിന്റെ ഹോമിയോ കോളജിലെ ജീവനക്കാരന് പളനിസ്വാമിയെ വെള്ളിയാഴ്ച മേട്ടുപ്പാളയം കാരമടയ്ക്കു സമീപമുള്ള ഒരു കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കോളജില്‍ 20 വര്‍ഷമായി കാഷ്യറായി ജോലിചെയ്തിരുന്ന പളനിസ്വാമിയെ ബുധനാഴ്ച ആദായ നികുതി വകുപ്പ് സംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ പളനിസ്വാമി കൈയിലെ ഞരമ്പ് മുറിക്കുകയും തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ഇയാളെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. ആദായ നികുതി വകുപ്പിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് പളനി സ്വാമി മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പളനിസ്വാമിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ കാരമട പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പോലിസ് അറിയിച്ചു. നാളെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തുമെന്നും പോലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."