മലഞ്ചെരുവില്‍ നിന്ന് ആകാശത്തേക്കുള്ള വഴികള്‍
ഐഡി ഫ്രഷ് എന്നത് ഒരു കമ്പനിയുടെ മാത്രം നാമമല്ല. അത് കനല്‍വഴികളിലൂടെ നടന്ന് വിജയത്തിന്റെ ഉത്തുംഗതയില്‍ തങ്ങളുടെ നാമം കൊത്തിവെച്ച വയനാട്ടുകാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ വിജയചരിത്രത്തിന്റെ വിലാസം കൂടിയാണ്. ഒരു കമ്പനിയുടെ വിജയഗാഥ ഒരു ദേശത്തിന്റെയും അവിടെയുള്ള സാഹസികരായ ചെറുപ്പക്കാരുടെ സ്ഥിരോല്‍ത്സാഹത്തിന്റെയും ജീവിതകഥയായി മാറുന്ന രസതന്ത്രം നമുക്ക് ഐഡി ഫ്രഷില്‍ കാണാം. ആ കഥ നമുക്ക് ഇങ്ങിനെ വായിക്കാം..
സാഹസികനായി പി.സി മുസ്തഫ
പണ്ടുപണ്ടൊരിക്കല്‍ ഒരു ഗ്രാമത്തില്‍ ഒരു ബാലനുണ്ടായിരുന്നു. വയനാട്ടിലെ കല്‍പ്പറ്റയില്‍ ഒരു പാവപ്പെട്ട കര്‍ഷക കുടുംബത്തില്‍ അഹമ്മദ്- ഫാത്തിമ ദമ്പതികളുടെ നാലുമക്കളില്‍ ഒരാളായി പിറന്ന പി.സി മുസ്തഫ ദാരിദ്ര്യത്തിന്റെ ഭൂതകാലം കടന്ന് സമ്പന്നതയുടെ മടിത്തട്ടിലെത്തിയതിനു പിന്നില്‍ അവിശ്വസനീയമായ ഒരു അത്ഭുതകഥകളുമില്ല. അസാധ്യമായി ഒന്നുമില്ലെന്ന ചിന്തയില്‍ നിന്നുള്ള ആത്മവിശ്വാസത്തിലൂടെ പ്രതിസന്ധികളോട് പടപൊരുതി നേടിയ സ്വാഭാവിക വിജയങ്ങള്‍ മാത്രമായിരുന്നു അത്. മഹത്തായ സ്വപ്‌നങ്ങള്‍ക്ക് പിന്നില്‍ ചുവടുവയ്ക്കുന്നവര്‍ക്കു ചരിക്കാനുള്ള ഒരു പ്രകാശ വഴി വെട്ടിത്തുറന്ന വേറിട്ട ഒരു ജീവിത സമരമായിരുന്നു. ഒരു പരാജയവും ജീവിതത്തിന്റെ അവസാന വാക്കല്ല എന്നും നമുക്ക് മുന്നോട്ടുള്ള ഒരു വഴി എപ്പോഴും സാധ്യമാണ് എന്ന ആത്മബോധ്യത്തില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജമായിരുന്നു എല്ലാ വിജയങ്ങള്‍ക്കു പിന്നിലും. ജീവിത സാഹചര്യങ്ങള്‍ മതിയായവിധം അനുകൂലമല്ലായിരുന്നതിനാല്‍ അത്ര സുന്ദരമായിരുന്നില്ല പ്രൈമറി പഠനകാലം. ആറാം ക്ലാസ്സില്‍ തോറ്റു പോയപ്പോഴാണ് തിരിഞ്ഞു നിന്ന് സ്വജീവിതത്തിലെ പരാജയങ്ങളോട് തന്നെ സമരം ചെയ്യാന്‍ കരുത്ത് നേടുന്നത്. വിജയിക്കണം, ലോകം കീഴടക്കണം എന്നത് പിന്നീട് ഒരു വാശിയായിരുന്നു. ആറാം ക്ലാസ്സില്‍ തോറ്റുപോയവനാണ് പിന്നീട് അതേ ക്ലാസ്സില്‍ സ്‌കൂളിലെ ഒന്നാം സ്ഥാനക്കാരനാകുന്നത്, അതൊരു വിജയയാത്രയുടെ തുടക്കമാവുകയായിരുന്നു.
പിന്നീട് വിജയങ്ങള്‍ അവനു ഒരു ശീലമായി. എന്‍ജിനീയറിങില്‍ 63-ാം സ്ഥാനം, കംപൂട്ടര്‍ സയന്‍സ്, പിന്നീട് ഗേറ്റ് എക്‌സാമില്‍ സൗത്ത് ഇന്ത്യയിലെ ടോപ് റാങ്കുകളില്‍ ഒരാള്‍... അങ്ങനെ പോകുന്നു വിദ്യാഭ്യാസത്തിലെ വിജയത്തിന്റെ ഗ്രാഫ്. അവനവനിലുള്ള വിജയിയെ കഠിനപ്രയത്‌നത്തിലൂടെ സ്വയം കണ്ടെത്തുക മാത്രമാണ് ഉന്നതിയിലേക്കുള്ള വഴിയെന്ന് പി.സി മുസ്തഫ ലോകത്തിനു മുന്നില്‍ സ്വയം ഒരു അനുഭവ മാതൃകയായി കാണിച്ചുകൊടുക്കുകയായിരുന്നു.
ബംഗളൂരുവില്‍ മോട്ടോറോളയിലാണ് 1995 ല്‍ ആദ്യമായി ജോലി ചെയ്യുന്നത്. പിന്നീട് ജോലിയുടെ ഭാഗമായി അയര്‍ലണ്ടിലേക്ക് പോകുന്നു. വിശ്വാസം ജീവശ്വാസം പോലെ കൊണ്ടുനടന്ന മുസ്തഫ അഞ്ചുനേരം കൃത്യമായി നിസ്‌കരിക്കാനുള്ള സൗകര്യം ലഭിക്കാത്തതു കൊണ്ടാണ് അയര്‍ലണ്ടിനോട് ഗുഡ്‌ബൈ പറയുന്നത്. അയര്‍ലണ്ട് വിട്ടതിനു ശേഷം സൗദിയില്‍ നാലുവര്‍ഷം, പിന്നീട് ദുബായില്‍ രണ്ടുവര്‍ഷം. വീണ്ടും ബംഗളൂരുവില്‍ ഇന്റല്‍ കമ്പനിയില്‍.. അങ്ങനെ പോകുന്നു കരിയര്‍ യാത്രകള്‍. പിന്നീട് ഐ.ഐ.എം ബാംഗളൂരില്‍ നിന്ന് എം.ബി.എ ചെയ്തു. അപ്പോഴെല്ലാം ഉള്ളില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നൊരു സ്വപ്‌നം കൊണ്ടുനടന്നിരുന്നു. അങ്ങനെ ജോലി വിടുകയായിരുന്നു. സാധാരണ ഗതിയില്‍ അതൊരു സാഹസികതയായിരുന്നു. പരീക്ഷണങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും പാകപ്പെട്ട ഒരു മനസുണ്ടായിരുന്നു. അതിനെ പിന്തുണയ്ക്കാനും കൂടെ നില്‍ക്കാനും ഒരു ടീമുണ്ടായിരുന്നു. അതാണ് ജീവിതത്തെ തന്നെ മാറ്റി മറിച്ചത്.
മറ്റൊരു ഗ്രാമീണ ബാലന്‍ കണ്ട സ്വപ്‌നം
ഐഡിഫ്രഷിന്റെ വിജയകഥ പറയുമ്പോള്‍ വയനാട്ടിലെ ഒരു മലയോര ഗ്രാമത്തില്‍ നിന്ന് നാസര്‍ എന്ന ബാലന്‍ കണ്ട വലിയ ഒരു സ്വപ്‌നത്തെക്കുറിച്ചു കൂടി പറയാതെ പൂര്‍ത്തിയാവില്ല. ചെന്നലോട് എന്ന കൊച്ചു ഗ്രാമത്തില്‍ അലി- ആയിഷ ദമ്പതികളുടെ ഒന്‍പതു മക്കളില്‍ രണ്ടാമനായി പിറന്ന അബ്ദുല്‍ നാസര്‍ വയനാടിന് പുറത്തൊരു ലോകത്തെ സ്വപ്‌നം കാണാന്‍ തുടങ്ങിയിടത്തുനിന്നാണ് കഥ ആരംഭിക്കുന്നത്.
സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന സ്വപ്‌നത്തില്‍ നിന്നാണ് നാടുവിടാന്‍ തീരുമാനിക്കുന്നത്. അങ്ങനെയാണ് ഒരുനാള്‍ വിശേഷിച്ച് ഒരു ലക്ഷ്യവുമില്ലാതെ അപരിചിതമായ ബംഗളൂരു നഗരത്തിലെത്തുന്നത്. ജോലിതേടി ഒരുപാട് അലഞ്ഞതിനു ശേഷമാണ് ഒരു ടെക്‌സ്‌റ്റൈല്‍സില്‍ ക്ലീനിങ് തൊഴിലാളിയായി കയറുന്നത്. തുടര്‍ന്ന് അവിടെ സെയില്‍സ്മാനും ഫ്‌ളോര്‍ മാനേജരും ആയി പടിപടിയായി ഉയര്‍ന്നെങ്കിലും അതിലൊന്നും തൃപ്തി വരാതെ പുതിയ സ്വപ്‌നങ്ങളിലേക്ക് സാഹസികനായി ഇറങ്ങി നടക്കുകയായിരുന്നു. ഡ്രൈ ഫ്രൂട്‌സും സുഗന്ധ വ്യഞ്ജനങ്ങളും വില്‍ക്കുന്ന ഒരു കമ്പനിയുടെ ഉടമയുമായി പരിചയപ്പെടുന്നതും അവരുടെ കമ്പനിയില്‍ സെയില്‍സ് മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിക്കുന്നതും പിന്നീട് കച്ചവടത്തിന്റെ പങ്കാളിയാവുന്നതും അതിന്റെ ഉടമയാകുന്നതും അതിന്റെ തുടര്‍ച്ചകള്‍.
സ്വന്തം കാലില്‍ നില്‍ക്കാന്‍ ആയതോടെ നാസര്‍ ഒരു പലചരക്കുകട കൂടി ഇതിനോട് ചേര്‍ന്ന് തുടങ്ങി. സഹോദരന്മാരെ കൂടി ബംഗളൂരുവിലേക്ക് കൊണ്ടുപോയി. പിന്നീട് ബംഗളൂരുവില്‍ ഒരു ടീഷോപ്പ് തുടങ്ങുന്നു. സാധാരണക്കാരായ ആളുകളുടെ ഭക്ഷണ രീതി അടുത്തറിയുന്നു. അതിനോട് ചേര്‍ന്ന് ഇഡ്ഡലിമാവിന്റെ വിപണന സാധ്യത കണ്ടെത്തുന്നു. പുതിയ സ്വപ്‌നങ്ങള്‍ക്ക് ചിറകു മുളക്കുന്നു...
ബംഗളൂരു വന്നതുമുതലുള്ള പടിപടിയായുള്ള വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും തന്റെ ആത്മമിത്രവും ബന്ധുവുമായ പി.സി മുസ്തഫയുമായി തന്റെ ബിസിനസ് പദ്ധതികളും ആശയങ്ങളും സാധ്യതകളും ചര്‍ച്ച ചെയ്യുമായിരുന്നു. അങ്ങനെയാണ് ചെറിയ രീതിയില്‍ ഇഡ്ഡലി മാവിന്റെ വില്‍പ്പന പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നത്. പിന്നീട് പി.സി മുസ്തഫയുമായും തന്റെ സഹോദരങ്ങളുമായും ചേര്‍ന്ന് ബിസിനസിന്റെ പുതിയ സ്വപ്‌നങ്ങളിലേക്ക് ചുവടുവയ്ക്കുന്നു.
കഷ്ടപ്പാടുനിറഞ്ഞ ഒരു ഭൂതകാലത്തു നിന്ന് സ്വപ്രയത്‌നത്തിലൂടെ വിജയത്തിന്റെ ഉത്തുംഗതയിലേക്ക് നടന്നു കയറുകയായിരുന്നു ഐഡി ഫ്രഷ്. മുസ്തഫക്കും നാസറിനും ജാഫറിനുമൊപ്പം സെയില്‍സില്‍ നൗഷാദും പ്രൊഡക്ഷനില്‍ ഷംസുദ്ദീനും അവരുടേതായ രീതിയില്‍ കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നു. കമ്പനിയെ കെട്ടിപ്പടുക്കുന്നതിനും അതിനെ മുന്നോട്ട് നയിക്കുന്നതിനും ഈ സഹോദരങ്ങള്‍ ഓരോരുത്തരും തങ്ങളുടേതായ ഇടങ്ങളില്‍ സുപ്രധാനമായ പങ്കുവഹിച്ചതുകൊണ്ടാണ് ഐഡി ഫ്രഷ് ഇന്ന് ഒരു ലോകോത്തര ബ്രാന്റായി തല ഉയര്‍ത്തി നില്‍ക്കുന്നത്. കേവലം ദോശമാവും ഇഡ്ഡലിമാവും വിറ്റ് എങ്ങനെ കോടികളുടെ ക്ലബ്ബില്‍ കയറി എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു അത്ഭുത വാര്‍ത്തയാണ്. ഐഡി കമ്പനിയെ സംബന്ധിച്ചിടത്തോളം അത് ഈ കൂട്ടായ്മയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ സ്വാഭാവിക പരിണാമം മാത്രമാണ്.
വിജയവഴികള്‍
എങ്ങനെയും ലാഭമുണ്ടാക്കുക എന്നതല്ല മൂല്യാധിഷ്ടിതമായ ബിസിനസിലൂടെ ഹലാലായ ലാഭമുണ്ടാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. മതമൂല്യങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത ഒരു സംസ്‌കാരം ആയിരുന്നു അടിത്തറ. കൂടെ ബിസിനസ് പാഠങ്ങള്‍ കൂടി ചേര്‍ത്തപ്പോള്‍ ഞങ്ങള്‍ക്ക് മുന്നിലൊരു പദ്ധതി രൂപപ്പെടുകയായിരുന്നു. തുടക്കത്തില്‍ മാര്‍ക്കറ്റിലുള്ള വന്‍കിട കമ്പനികളോട് മത്സരിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന ഉത്തമ ബോധ്യം ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുന്ന, അതോടൊപ്പം ഞങ്ങളെ ആവശ്യമുള്ള ഒരിടം കണ്ടെത്തുകയായിരുന്നു ഞങ്ങള്‍ ആദ്യം.
അങ്ങിനെയാണ് ഇഡ്ഡലിമാവ് ഉണ്ടാക്കി മാര്‍ക്കറ്റു ചെയ്യാന്‍ ആലോചിക്കുന്നത്. ആ സമയത്ത് ബംഗളൂരു പട്ടണത്തില്‍ എത്ര ഇഡ്ഡലി ആവശ്യമുണ്ടെന്നും അതിനു വേണ്ട മാവ് എങ്ങനെ സംഭരിക്കപ്പെടുന്നു എന്നതും ഞങ്ങള്‍ പഠനം നടത്തിയിരുന്നു. നിലവില്‍ അത്ര വലിയ രീതിയില്‍ അവ ഏകോപിപ്പിച്ച് കൊണ്ടൊരു ശൃംഖല ഇല്ല എന്ന് ഞങ്ങള്‍ മനസിലാക്കി. ശേഷം ആ മേഖലയില്‍ ചെറിയ ഒരു ഇടം ഞങ്ങള്‍ കണ്ടെത്തി അത് പടിപടിയായി വികസിപ്പിക്കുകയുമായിരുന്നു. പതിയെ ആയിരുന്നു ഐഡി ഫ്രഷിന്റെ തുടക്കം. പാക്കിങ് ആകര്‍ഷകമായിരിക്കണം, മാവ് ക്വാളിറ്റി ഉള്ളതായിരിക്കണം, സര്‍വിസ് കൃത്യനിഷ്ഠതയുള്ളതായിരിക്കണം എന്നുള്ളത് തുടക്കം മുതല്‍ ഞങ്ങള്‍ നിര്‍ബന്ധബുദ്ധിയോടെ പാലിച്ചിരുന്നു.
ഒറ്റമുറിയില്‍ 35,000 രൂപയുടെ മുതല്‍മുടക്കില്‍ ചെറിയ രീതിയില്‍ തുടങ്ങി മാര്‍ക്കറ്റിനെ പഠിച്ചു. പതിയെ പതിയെ മാര്‍ക്കറ്റിനു തങ്ങളെ ആവശ്യമാണെന്ന് മനസിലാക്കി ഒരു മാനുഫാക്ച്ചറിങ് ഫാക്ടറി തുടങ്ങി സംരംഭത്തെ വികസിപ്പിക്കുകയായിരുന്നു. ആദ്യം ചെറിയ രീതിയില്‍ ആറുമാസം പരീക്ഷണാടിസ്ഥാനത്തില്‍ ഒരു പ്ലാന്‍ നടപ്പിലാക്കുകയും അത് വിജയകരമാണെന്ന് മനസിലായതിനു ശേഷം പിന്നീട് അഞ്ചു വര്‍ഷത്തേക്ക് ഒരു പദ്ധതി തയ്യാറാക്കുകയും ചെയ്തു. അഞ്ചുവര്‍ഷത്തേക്ക് നാലായിരം കിലോ ഇഡ്ഡലിമാവ് എന്ന കണക്കുകൂട്ടലില്‍ പ്ലാന്‍ ചെയ്ത ഞങ്ങള്‍ക്ക് ആദ്യത്തെ മൂന്നുമാസം കൊണ്ടുതന്നെ ആയിരം കിലോ വില്‍ക്കാന്‍ കഴിഞ്ഞു. അപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായി, മുന്നില്‍ വലിയൊരു ലോകമാണ് തുറന്നു കിടക്കുന്നത് എന്ന്. ക്രമേണ ഐഡിഫ്രഷ് ബംഗളൂരുവില്‍ രണ്ടു ഫാക്ടറിയായി വളര്‍ന്നു. പിന്നീട് മംഗളൂരുവിലേക്കും ചെന്നൈയിലേക്കും മുംബൈയിലേക്കും ഹൈദരാബാദിലേക്കും കൂടി കമ്പനിയുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചു. തുടര്‍ന്ന് മൈസൂര്‍, തൃച്ചി, കാഞ്ചീവരം എന്നിവിടങ്ങളില്‍ വിലാസം അറിയിക്കുകയും വൈകാതെ ഐഡിയുടെ ബ്രാന്‍ഡ് നെയിം ഇന്ത്യയുടെ അതിരുകള്‍ കൂടി ഭേദിച്ച് അന്താരാഷ്ട്ര ബ്രാന്‍ഡ് ആയി മാറുകയും ചെയ്തു. എത്ര ലാഭം കുറഞ്ഞാലും നഷ്ടം സംഭവിച്ചാലും ഒരു കൃത്രിമ ചേരുവകളും ഉല്‍പ്പന്നങ്ങളില്‍ ചേര്‍ക്കുകയില്ല എന്നത് ഞങ്ങളുടെ ഒരു പോളിസിയാണ്. ആ നിര്‍ബന്ധത്തിലൂടെ തന്നെയാണ് ഞങ്ങള്‍ ഈ ഉയരങ്ങളില്‍ എത്തിയതും.
ഐഡിയെ ജനപ്രിയമാക്കിയ
ക്യാംപയിനുകള്‍
Meet the neighbour എന്നൊരു ക്യാംപയിന്‍ ഐഡി ഫ്രഷ് ചെയ്തിരുന്നു. സാമൂഹിക ജീവിതത്തില്‍ നിന്നു വിഭജിക്കപ്പെട്ട് അണുകുടുംബങ്ങളായി ചുരുങ്ങിക്കൊണ്ടിരുന്ന പുതിയ തലമുറയ്ക്ക് നല്‍കിയ ഒരു നല്ല സന്ദേശം ആയിരുന്നു ഈ ക്യാംപയിന്‍. അയല്‍വാസിയെ വിളിച്ച് ഒരുനേരം ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ തയ്യാറുള്ളവര്‍ക്ക് അവരെ സല്‍ക്കരിക്കാന്‍ ഐഡി ഫ്രഷിന്റെ പ്രൊഡക്ടുകള്‍ സൗജന്യമായി നല്‍കുകയായിരുന്നു. ഐഡി ഫ്രഷിന്റെ ബ്രാന്‍ഡ് നെയിം പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും പുതിയൊരു ജാലകമാണ് സമൂഹത്തില്‍ തുറന്നിട്ടത്. അതൊരു വലിയ വിജയമായിരുന്നു.
മറ്റൊരു ക്യാംപയിന്‍ ആയിരുന്നു ഠൃൗേെ വെീു എന്നത്. ഉപഭോക്താവിന് നേരിട്ട് വന്ന് ആവശ്യമുള്ള സാധനങ്ങള്‍ കൈപ്പറ്റാനും പണം അവിടെയുള്ള ഒരു പെട്ടിയില്‍ നിക്ഷേപ്പിക്കാനുമുള്ള അവസരം ഒരുക്കുകയായിരുന്നു ഐഡിഫ്രഷ്. ഒരു നിരീക്ഷണ സംവിധാനങ്ങളുമില്ലാതെ ഒരു ജീവനക്കാരനുമില്ലാതെ ഇത്തരം ഔട്ട്‌ലെറ്റുകള്‍ ഞങ്ങള്‍ ഓഫീസുകളിലും ഫഌറ്റുകളിലും ആരംഭിച്ചു. ഞങ്ങളുടെ കസ്റ്റമേഴ്‌സായ നിങ്ങളെ ഞങ്ങള്‍ക്ക് വിശ്വാസമാണ് എന്ന സന്ദേശം ജനം ഏറ്റെടുത്തു.
പുതിയ ഉയരങ്ങളും സ്വപ്‌നങ്ങളുമായി ഐഡി ഫ്രഷ് ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. മുന്നോട്ടു പോകുംതോറും ഇനിയും അത്ഭുതങ്ങളുടെ നിരവധി വാതിലുകള്‍ തുറക്കുന്ന ജിന്നിന്റെ കൊട്ടാരം പോലെയാണ് ഇന്ന് ഐഡി ഫ്രഷ്. നമ്മുടെ ഭാവനയുടെ സാധ്യതകള്‍ അതിനു മതിയാകാതെ വരും. നാളെയെ കുറിച്ച് ഇന്ന് സംസാരിക്കുകയല്ല നാളെ ചെയ്തുകാണിക്കുക തന്നെയാണ് ഐഡി ഫ്രഷിന്റെ രീതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."