പ്രളയത്തിനുശേഷം കടലില്‍ അയലപ്രളയം; അന്തംവിട്ട് മത്സ്യത്തൊഴിലാളികള്‍
കൊച്ചി: അയലയുടെ ലഭ്യത വന്‍തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് മത്സ്യവില കുത്തനെ ഇടിഞ്ഞു. മഹാപ്രളയത്തിനുശേഷം കടലില്‍ അയലയുടെ പ്രളയമാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അയലയുടെ വില കുത്തനെ ഇടിയുകയായിരുന്നു. ഇതേതുടര്‍ന്ന് വറ്റ, നെയ്മീന്‍, ആവോലി തുടങ്ങിയ മത്സ്യങ്ങളുടെ വിലയും ഇടിഞ്ഞിട്ടുണ്ട്. മത്തിക്കുമാത്രമാണ് വിലയുള്ളത്.
ട്രോളിങ്ങിനുതൊട്ട് മുന്‍പ് അയല ഒരു കിലോയ്ക്ക് 250-300 വിലയായിരുന്നെങ്കില്‍ ഇന്നലെ ഹാര്‍ബറില്‍ ഒരു കിലോ അയലയുടെ വില 25 രൂപയായിരുന്നു. മത്സ്യമാര്‍ക്കറ്റില്‍ ഒരു കിലോയ്ക്ക് 50-70 രൂപയായിരുന്നു ഇന്നലത്തെ വില. അയല വന്‍തോതില്‍ കുറഞ്ഞ വിലയ്ക്ക് വിറ്റുപോകുന്നതിനാല്‍ മറ്റുമത്സ്യങ്ങള്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്.
ഇതേതുടര്‍ന്ന് 1000 രൂപവരെ എത്തിയ നെയ്മീന്‍ 450 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം വിറ്റത്. കേര, ചൂര, ചെമ്മീന്‍, വേളൂരി എന്നിവയുടെ വിലയും പകുതിയിലേറെ ഇടിഞ്ഞു. 180 രൂപയുണ്ടായിരുന്ന കോരയ്ക്ക് 70 രൂപയാണ് ഇന്നലത്തെ വില. ചൂരയുടെ വില 120ല്‍ നിന്ന് 40 രൂപയായി ഇടിഞ്ഞു. 300 രൂപയുണ്ടായിരുന്ന പൂവാലന്‍ ചെമ്മീന് 100 രൂപയായി.
മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളില്‍ ഭൂരിഭാഗവും നിറയെ മത്സ്യങ്ങളുമായാണ് തിരിച്ചെത്തുന്നതെന്ന് ബോട്ടുടമകള്‍ പറയുന്നു. പ്രളയത്തിനുശേഷമാണ് ഇത്രയും കൂടുതല്‍ മത്സ്യങ്ങള്‍ ലഭ്യമാകുന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ ഇത് സ്വാഭാവിക പ്രതിഭാസം മാത്രമാണെന്ന് സി.എം.എഫ്.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് സുനില്‍ മുഹമ്മദ് പറഞ്ഞു.
1989ലും ഇതേ സാഹചര്യം നിലനിന്നിരുന്നു. അന്ന് ഒരു അയലയ്ക്ക് 10 പൈസ ആയിരുന്നുവില. അയലയ്ക്ക് നല്ല പ്രജനനം നടന്നിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ ലഭ്യത സൂചിപ്പിക്കുന്നത്്. കുഞ്ഞുവിരിഞ്ഞാല്‍ മൂന്നുമാസംകൊണ്ട് പിടിക്കാവുന്ന വലുപ്പത്തിലാകും. 14 സെ.മീ ആണ് അയല പിടിക്കാന്‍ അനുവദിക്കുന്ന വലുപ്പം. പ്രളയത്തെ തുടര്‍ന്ന് ശുദ്ധജലമാണ് കൂടുതലായി കടലില്‍ എത്തിയത്. ഉപ്പുവെള്ളത്തെ അപേക്ഷിച്ച് ശുദ്ധവെള്ളത്തിന് കനം കൂടുതലായതിനാല്‍ അത് മുകളില്‍ നില്‍ക്കും. അത് പിന്നെ കാറ്റിന്റെ ഗതിയനുസരിച്ച് കൂടിക്കലരും. അതിന് കുറച്ചുസമയമെടുക്കും. മുകളില്‍ മത്സ്യകുഞ്ഞുങ്ങളുണ്ടെങ്കില്‍ അവയ്ക്ക് നീന്തി രക്ഷപെടാനും സാധിക്കില്ല. ഇങ്ങനെ മേല്‍ത്തട്ടില്‍ വരുന്നത് കൂടുതലായും മത്തിയും അയലയുമാണ്. പക്ഷേ അയലയുടെ പ്രജനനം നേരത്തെ നടന്നതിനാലും വലുപ്പമെത്തിയതിനാലും സാരമായി ബാധിക്കില്ല. പക്ഷേ മത്തിയുടെ ലഭ്യതയെ വരുംനാളുകളില്‍ ഇത് ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
പൊള്ളുന്ന വില വര്‍ധനക്ക് ശേഷം ഇപ്പോള്‍ കുറഞ്ഞ വിലക്ക് മത്സ്യം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഉപഭോക്താക്കള്‍. അതേസമയം, കടലില്‍പോയി വള്ളം നിറയെ മത്സ്യവുമായി മടങ്ങിയിട്ടും ചെലവ് കാശുപോലും ലഭിക്കാത്തതിന്റെ വേദനയിലാണ് മത്സ്യത്തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."