റെയില്‍വേയിലും കെ.എം.എം.എല്ലിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍
ചവറ (കൊല്ലം): റെയില്‍വേയിലും ചവറ കെ.എം.എം.എല്ലിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി.
തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി വിവേകാനന്ദ നഗറില്‍ അനിഴം വീട്ടില്‍ ഗീതാ റാണി എന്നറിയപ്പെടുന്ന ഗീതാ രാജഗോപാല്‍ (63), ചവറ കോട്ടയ്ക്കകം മാണു വേലിയില്‍ സദാനന്ദന്‍ ( 55) എന്നിവരാണ് പിടിയിലായത്. ഇരു സ്ഥാപനങ്ങളുടെയും സീലോട് കൂടിയ വ്യാജരേഖ ചമച്ചായിരുന്നു തട്ടിപ്പ്. റെയില്‍വേയിലെ ജോലിക്കായി ഒന്നര മുതല്‍ ആറര ലക്ഷം രൂപ വരെയും കെ.എം.എം.എല്ലിലെ നിയമനത്തിനായി രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപവരെയുമാണ് ഇവര്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നും വാങ്ങിയത്.
റെയില്‍വേയിലേക്ക് 11 പേര്‍ക്കും കെ.എം.എം.എല്ലില്‍ അഞ്ച് പേര്‍ക്കും ജോലി നല്‍കാമെന്ന് പറഞ്ഞാണ് പണം കൈപ്പറ്റിയത്. ജോലിക്കായി പണം നല്‍കിയ ഉദ്യോഗാര്‍ഥികള്‍ കെ.എം.എം.എല്ലില്‍ നിയമന ഉത്തരവുമായി എത്തിയപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലായത്. ഇവിടുത്തെ വിജിലന്‍സ് ഓഫിസര്‍ ഉത്തരവ് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ ചവറ പൊലിസില്‍ പരാതി നല്‍കി.
ഉദ്യോഗാര്‍ഥികളെന്ന വ്യാജേന പൊലിസ് ഗീതാ റാണിയുമായി ഫോണിലൂടെ ബന്ധപ്പെടുകയും പണം നല്‍കാനായി തിരുവനന്തപുരത്ത് എത്താമെന്ന് അറിയിക്കുകയും ചെയ്തു. ഗീതയ്ക്ക് പണം കൈമാറുന്നതിനിടെ ചവറ സി.ഐ എ.നിസാമുദ്ധീന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.
കോട്ടയ്ക്കകം സദാനന്ദനെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."