മാനവീയം
മാളത്തില്‍ വെള്ളം കയറിയപ്പോള്‍ മൂര്‍ഖന്‍ പുറത്തുചാടി. ഒരു വിധത്തില്‍ നീന്തി അടുത്തുള്ള വീട്ടിലെത്തി. വീട് മുക്കാലും മുങ്ങിയിരിക്കുകയാണ്. മൂര്‍ഖന്‍ മേല്‍പ്പുരയില്‍ അഭയം തേടി. രക്ഷപ്പെട്ട ആശ്വാസത്തോടെ ചുറ്റും നോക്കിയപ്പോഴാണു തൊട്ടടുത്തുതന്നെ ഒരു ചങ്ങാതി തണുത്തുവിറച്ചിരിക്കുന്നതു കണ്ടത്. മറ്റാരുമല്ല, പറമ്പിലെ പൊന്തപ്പടര്‍പ്പില്‍ താമസമാക്കിയ ഒരു ചെങ്കീരി! മൂര്‍ഖന്റെ ഉള്ളൊന്നു കാളി. പക്ഷേ, കീരി തന്നെ കണ്ടിട്ടും കാണാത്ത മട്ടില്‍ ഇരിക്കുകയാണ്. അപ്പോഴതാ, മറ്റൊരാള്‍ കൂടി പ്രളയജലത്തില്‍ ഒഴുകിവരുന്നു. ചങ്ങാതി ഇടംവലം നോക്കാതെ പുരപ്പുറത്തേയ്ക്കു ചാടി ശരീരം കുടഞ്ഞു മുഖമുയര്‍ത്തി. മൂര്‍ഖനെ കണ്ടപ്പോള്‍ മൂപ്പരുടെ പാതിജീവന്‍ പോയി. പക്ഷേ, മൂര്‍ഖന്‍ അനങ്ങിയില്ല. ഒരു താപസനെപ്പോലെ പത്തിയൊതുക്കി ചുരുണ്ടുകൂടി.
സമയം കടന്നുപോയി. വെള്ളം ഉയര്‍ന്നുകൊണ്ടിരുന്നു. എലിയിരുന്ന സ്ഥലത്ത് വെള്ളമെത്തി. തൊട്ടടുത്തു പാമ്പാണ്. പക്ഷേ, മാര്‍ഗമെന്ത്? എലി രണ്ടും കല്‍പിച്ചു പാമ്പിന്റെ പുറത്തുചാടിയിരുന്നു. അപ്പോഴും പാമ്പ് അനങ്ങിയില്ല. വെള്ളം പാമ്പിരിക്കുന്ന ഉയരത്തിലും എത്തി. പാമ്പ് എലിയെയും ചുമന്നു കീരിയുടെ പുറത്തു കയറി. കീരി എതിര്‍പ്പൊന്നും കാണിച്ചില്ല.
അപ്പോഴതാ, ഒരാള്‍ നീന്തിവരുന്നു. അയാള്‍ മേല്‍പ്പുരയില്‍ കയറിനിന്നു. പുരപ്പുറത്തെ കാഴ്ച കണ്ട് അയാള്‍ ആദ്യം 'അയ്യോ' എന്നു നിലവിളിച്ചു പിറകോട്ടുമാറി. പിന്നെ, പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുവച്ച സ്മാര്‍ട് ഫോണ്‍ പുറത്തെടുത്തു ചറപറാന്നു പത്തിരുപത് ഫോട്ടോ എടുത്തു. അഞ്ചാറ് സെല്‍ഫിയും. അതിനുശേഷം പുരയിലേയ്ക്കു ചാഞ്ഞുനില്‍ക്കുന്ന ഒരു മരത്തിന്റെ ചില്ലയൊടിച്ചു മുന്നിനെയും തല്ലിക്കൊന്നു.
അനന്തരം അയാള്‍ താനെടുത്ത ഫോട്ടോ വിവിധ ഗ്രൂപ്പുകളില്‍ പോസ്റ്റു ചെയ്തുതുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."