മഴക്കെടുതി ധനസഹായം ആവശ്യപ്പെട്ട് റവന്യൂമന്ത്രിക്ക് വി.എസിന്റെ കത്ത്
പാലക്കാട് :മലമ്പുഴ മണ്ഡലത്തിലെ മഴക്കെടുതികള്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് കത്ത് നല്‍കി.
മലമ്പുഴയില്‍ 80 ലധികം വീടുകള്‍ പൂര്‍ണമായും 338 എണ്ണം ഭാഗികമായും തകര്‍ന്നിട്ടുള്ളതായി പ്രാഥമിക കണക്കുകള്‍ വിലയിരുത്തുന്നു. 1300 ഹെക്ടറിലധികം കൃഷിഭൂമിയാണ് നശിച്ചത്. നെല്‍കൃഷിയുടെ വിളനഷ്ടം മാത്രം 1113 ഹെക്ടറാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കാവില്‍പ്പാട്, ആണ്ടിമഠം, അങ്ക വാല്‍പറമ്പ്, കടുക്കാംകുന്നം, എന്നിവിടങ്ങളിലെയും മലമ്പുഴയിലെ പറച്ചാത്തി, അകമലവാരം, ഉള്‍പ്പെടെയുള്ള കോളനികളിലും മലവെള്ളപ്പാച്ചിലില്‍ വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പറച്ചാത്തിയിലും കൊമ്പുത്തൂക്കിയിലും ഉരുള്‍പൊട്ടലില്‍ മൂലം നാശനഷ്ടമുണ്ടായി.
മലമ്പുഴയിലെ മായപ്പാറ റോഡും, പാലവും ആറങ്ങോട്ട് കുളമ്പ്പാലം, കരിമന്‍കാട് വാരണിപ്പാലം എന്നിവ തകര്‍ന്നു. പലയിടങ്ങളിലും ജനവാസ പ്രദേശങ്ങള്‍ ഒറ്റപ്പെടുകയും വെള്ളത്തിനടിയിലാവുകയും ചെയ്തു. പുതുശേരി പഞ്ചായത്തിലെ ചെല്ലംകാവ്, ചുള്ളിമട, എന്നീ എന്നീ പ്രദേശങ്ങളിലെ ഏരികള്‍, അട്ടപ്പള്ളം-ശെല്‍വപുരം റോഡ്, വാളയാര്‍ നാല് സെന്റ് കോളനിയിലെ വീടുകള്‍, കൊടുമ്പില്‍ തോപ്പില്‍ തിട്ടയിലെ വീടുകള്‍ എന്നിവയും എലപ്പുള്ളി പഞ്ചായത്തിലെ ചുള്ളിമഠം റോഡ്, പുതുശേരിയിലെ മലബാര്‍ സിമന്റ്‌സിലെ മൈനിങ് മേഖലയിലേക്കുള്ള റോഡ് എന്നിവ പൂര്‍ണമായി തകര്‍ന്നു. ദുരിതബാധിതരെ പുനരധിവസിപ്പിക്കാനും കാര്‍ഷികനഷ്ടപരിഹാരം ഉള്‍പ്പെടെ അര്‍ഹരായവര്‍ക്ക് ധനസഹായം നല്‍കാനും ഉടന്‍ നടപടിയെടുക്കണമെന്നും വി.എസ്.ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."