ഫോനി ചുഴലിക്കാറ്റ്: ഒഡിഷയില്‍ മരിച്ചത് 12 പേര്‍
ഭുവനേശ്വര്‍/കൊല്‍ക്കത്ത: ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരത്തുനിന്ന് ദുര്‍ബലമായി ബംഗാള്‍ വഴി ബംഗ്ലാദേശിലേക്ക് പ്രവേശിച്ചു. ഒഡിഷയില്‍ പുരിയിലും തലസ്ഥാന നഗരിയായ ഭുവനേശ്വറിലും കനത്ത നാശം വിതച്ചാണ് ഫോനി കടന്നുപോയത്.
സംസ്ഥാനത്ത് 12 ആളുകള്‍ മരിച്ചുവെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ഔദ്യോഗികമായി അറിയിച്ചു. 10,000 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് കശക്കിയെറിഞ്ഞു. മയൂര്‍ബഞ്ച് ജില്ലയില്‍ നാലുപേര്‍ക്കാണ് ജീവഹാനി നേരിട്ടത്. ഇതോടെയാണ് മരണ സംഖ്യ 12 ആയി ഉയര്‍ന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലക്ഷക്കണക്കിന് ജനങ്ങള്‍ ദുരിതബാധിതരായിട്ടുണ്ട്. നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡിഷയില്‍ എത്തും. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്ന അദ്ദേഹം ദുരിത മേഖലകള്‍ സന്ദര്‍ശിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
മണിക്കൂറില്‍ 170 മുതല്‍ 200 വരെ വേഗതയിലുള്ള കാറ്റില്‍ വീടുകളും കെട്ടിടങ്ങളും മരങ്ങളുമെല്ലാം നിലംപൊത്തി. വാര്‍ത്താവിനിമയ സംവിധാനം തകരാറിലായതോടെ പലയിടങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ പൂര്‍ണതോതില്‍ ലഭ്യമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലഫോണില്‍ സ്ഥിതിഗതികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. വെള്ളിയാഴ്ച രാത്രിതന്നെ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുായി ചര്‍ച്ച നടത്തിയിരുന്നു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ക്ഷേത്രങ്ങളുടെ നഗരിയെന്ന് അറിയപ്പെടുന്ന പുരിയിലാണ്.
വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായി നൂറുകണക്കിന് എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും ശ്രമം തുടരുകയാണ്. മരങ്ങള്‍ വീണ് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമവും സജീവമാക്കിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 12 ലക്ഷം ജനങ്ങളെയാണ് ഒഴിപ്പിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു. ചരിത്രത്തില്‍ ഇത്രയും പേരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഒഴിപ്പിച്ച ആദ്യ സംഭവമാണ് ഇതെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് അവകാശപ്പെട്ടു.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ഒഡിഷ തീരത്തുനിന്ന് ഫോനി ദുര്‍ബലമായി. ബംഗാളിലേക്ക് നീങ്ങിയ ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ബംഗാളിന്റെ പലയിടങ്ങളിലും കനത്ത മഴയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കിഴക്കന്‍ മിഡ്‌നാപൂര്‍ ജില്ലയിലെ തീരദേശമേഖലയില്‍നിന്ന് ആയിരങ്ങളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. 30 മുതല്‍ 40 കി.മീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.
ബംഗാള്‍ തീരം വഴി ബംഗ്ലാദേശിലേക്ക് നീങ്ങിയ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇന്നലെ 81 വിമാനങ്ങളാണ് റദ്ദാക്കിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വിസുകളാണ് റദ്ദാക്കിയത്. ഗുവാഹത്തി വിമാനത്താവളത്തില്‍ 59 വിമാനങ്ങളും അഗര്‍ത്തലയില്‍ എട്ടും വിമാന സര്‍വിസുകള്‍ റദ്ദാക്കി. ദിമാപൂര്‍, ലിലാബാരി എന്നിവിടങ്ങളില്‍ രണ്ടുവീതവും ദിബ്രുഗഡില്‍ നാലും ഇംഫാലില്‍ ആറും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
ഫോനി ചുഴലിക്കാറ്റ്: കേന്ദ്ര കാലാവസ്ഥാ
നിരീക്ഷണ കേന്ദ്രത്തിന് യു.എന്‍ അഭിനന്ദനം
ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റിന്റെ തീവ്രതയെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കിയതിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ അഭിനന്ദനം.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെതുടര്‍ന്ന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്കായത് ഫോനിയുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ സഹായകമായെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു.
ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ എല്ലാ വിധ മുന്‍കരുതലും സ്വീകരിക്കാന്‍ കഴിഞ്ഞത് മരണസംഖ്യയും അപകടങ്ങളും കുറയ്ക്കാന്‍ സഹായകമായി. ഇക്കാര്യവും ഐക്യരാഷ്ട്ര സംഘടന എടുത്തുപറഞ്ഞിട്ടുണ്ട്.
മുസ്്‌ലിം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കണം
പട്‌ന : റമദാനില്‍ മുസ്്‌ലിം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. കൂടുതല്‍ വെള്ളം, വൈദ്യുതി സംവിധാനം തുടങ്ങിയ കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സഹായകരമായ നടപടിയുണ്ടാകണമെന്നും ന്യൂനപക്ഷ കമ്മിഷന്‍ നഗരവികസന വകുപ്പിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."