14 ദിവസത്തിനിടെ മരണം 160: സംസ്ഥാനത്ത് കൊവിഡ് മരണനിരക്കുയരുന്നു
തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനിടെ ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് കൊവിഡ് മരണനിരക്കും ഉയരുന്നു.
ഇന്നലെ സ്ഥിരീകരിച്ച 15 മരണങ്ങളുള്‍പ്പടെ സംസ്ഥാനത്ത് ഈ മാസം മാത്രം സ്ഥിരീകരിച്ചത് 160 കൊവിഡ് മരണങ്ങളാണ്. ഓഗസ്റ്റില്‍ ആകെ 221 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ സെപ്റ്റംബറില്‍ മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്.
സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് 454 കൊവിഡ് മരണങ്ങളാണ്.
സെപ്റ്റംബര്‍ മൂന്നുമുതല്‍ ഇന്നലെ വരെ ദിനേനെ പത്തിന് മുകളിലാണ് മരണങ്ങള്‍. ഇതില്‍ ഭൂരിഭാഗവും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍. അതില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള 318 ആളുകളും 40നും 60നും ഇടയില്‍ പ്രായമുള്ള 111 പേരും 18നും 40നും ഇടയില്‍ പ്രായമുള്ള 21 പേരും 18 വയസില്‍ താഴെയുള്ള മൂന്നു പേരുമാണ് മരിച്ചത്.
ആകെ മരണത്തിന്റെ 70.16 ശതമാനം 60വയസിന് മുകളിലുള്ളവരും 24.83 ശതമാനം പേര്‍ 40നും 60നും ഇടയില്‍ പ്രായമുള്ളവരും 4.56 ശതമാനം പേര്‍ 18നും 40നും ഇടയില്‍ പ്രായമുള്ളവരും 0.46 ശതമാനം പേര്‍ 17 വയസിന് താഴെയുള്ളവരുമാണ്. ആകെ മരണത്തിന്റെ 64.92 ശതമാനം പേരും സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരാണ്.
29.84 ശതമാനം പേരുടെ രോഗ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആകെ മരണത്തിന്റെ 5.24 ശതമാനം പേര്‍ക്ക് മാത്രമാണ് യാത്രാ പശ്ചാത്തലമുള്ളത്.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മരണനിരക്ക് കുറവാണെങ്കിലും രോഗബാധ വര്‍ധിക്കുന്നതിനാല്‍ അതിനനുസരിച്ച് മരണനിരക്കും ഉയരുമെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ജൂലൈ വരെ സംസ്ഥാനത്തെ മരണനിരക്ക് 0.31 ശതമാനമായിരുന്നു ഇപ്പോള്‍ അത് 0.41 ശതമാനമായിട്ടുണ്ട്. കൊവിഡ് ബാധിതരായി നിലവില്‍ 80 പേര്‍ വെന്റിലേറ്ററിലും 251 പേര്‍ ഐ.സി.യുവിലും ചികിത്സയിലുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി
നിരക്കും ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 30,000 കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 2540 പേരടക്കം 30,486 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
രോഗബാധിതരുടെ എണ്ണമുയരുന്നതിനനുസരിച്ച് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയരുകയാണ്. ഇന്നലെ 22,279 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 2540 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ശനിയാഴ്ച പോസിറ്റിവിറ്റി നിരക്ക് 5.6 ശതമാനമായിരുന്നത് ഞായറാഴ്ച ഒന്‍പത് ശതമാനവും ഇന്നലെ 9.5 ശതമാനവുമായി ഉയര്‍ന്നു.
കഴിഞ്ഞ ആറു ദിവസമായി സംസ്ഥാനത്തെ ടെസ്റ്റുകളുടെ എണ്ണത്തിനനുസരിച്ച് പോസിറ്റിവിറ്റി റേറ്റും ഉയരുകയാണ്. 45,949 ടെസ്റ്റുകള്‍ നടത്തിയ ഒന്‍പതിന് 7.4, 40,014 ടെസ്റ്റുകള്‍ നടത്തിയ 10ന് 11.9, 35,056 ടെസ്റ്റുകള്‍ നടത്തിയ 11ന് 8.5, 43,954 ടെസ്റ്റുകള്‍ നടത്തിയ 12ന് 6.5, 34,786 ടെസ്റ്റുകള്‍ നടത്തിയ 13ന് 9, 22,279 ടെസ്റ്റുകള്‍ നടത്തിയ ഇന്നലെ 9.5 എന്നിങ്ങനെയാണ് പോസിറ്റിവിറ്റി നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."