ഭൂമിക്കൊരു വലിയ കുട
മനുഷ്യന്റെ ചെയ്തികള്‍ ഭൂമിയുടെയും ജീവന്റെയും നിലനില്‍പ്പിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ആണവായുധങ്ങള്‍, ആഗോളതാപനം, ഓസോണ്‍ ശോഷണം തുടങ്ങിയ വിവിധ തരത്തിലുള്ള ഭീഷണികള്‍ ഭൂമിയുടെ നിലനില്‍പ്പിനെയും ഭാവിയേയും ചോദ്യം ചെയ്യുന്നു.
ഇന്നു ഭൂമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഓസോണ്‍ ശോഷണം. ഭൂമിയുടെ മേലാപ്പായ ഓസോണ്‍ പാളി സംരക്ഷണിക്കപ്പെടേണ്ടതിന്റെ ആവശ്യം ലോകത്തെ ബോദ്ധ്യപ്പെടുത്തുവാന്‍ വേണ്ടിയാണ് 1988 സെപ്റ്റംബര്‍ 16 മുതല്‍ എല്ലാ വര്‍ഷവും അതേ ദിവസം ഓസോണ്‍ ദിനമായി ആചരിക്കുവാന്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി തീരുമാനിച്ചത്.
മോണ്‍ട്രിയല്‍ ഉടമ്പടി
ഓസോണ്‍ പാളി സംരക്ഷണിക്കുന്നതു സംബന്ധിച്ച ചരിത്രപ്രസിദ്ധമായ മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ ലോകരാഷ്ട്രങ്ങള്‍ ഒപ്പുവച്ചത് 1987 സെപ്റ്റംബര്‍ 14 നാണ്. അന്ന് 24 രാഷ്ട്രങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 197 രാഷ്ട്രങ്ങള്‍ ഇതിനോടകം ഉടമ്പടിയില്‍ ഒപ്പുവച്ചു. 1992 സെപ്റ്റംബര്‍ 17ന് ഇന്ത്യയും ഈ ഉടമ്പടിയില്‍ ഒപ്പുവച്ചു. ഓസോണ്‍ പാളിയിലെ വിള്ളല്‍ കണ്ടെത്തിയിട്ട് 33 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. 1985-ല്‍ പുറത്തിറക്കിയ നേച്ചര്‍ എന്ന ഗവേഷണ ജേണലിലാണ് ഇതു സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത്. അന്റാര്‍ട്ടിക് മേഖലയിലാണ് ഓസോണ്‍ കവചത്തിലെ വിള്ളല്‍ ആദ്യമായി കണ്ടെത്തിയത്. ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ ശാസ്ത്രജ്ഞരായ ജോയ് ഫാര്‍മാന്‍, ബിയാന്‍ ഗാര്‍ഡിനര്‍, ജോനാതന്‍ ഷാങ്ക്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ് അതു കണ്ടെത്തിയത്.
എന്താണീ
ഓസോണ്‍
പാളി
മൂന്ന് ഓക്‌സിജന്‍ തന്മാത്രകള്‍ ചേര്‍ന്നാണ് ഓസോണ്‍ രൂപപ്പെടുന്നത്. സക്രിയവും അസ്ഥിരവുമായ വാതകമാണിത്. ഓക്‌സിജന്റെ അപരരൂപം തന്നെയാണ് ഓസോണ്‍ വാതകം. സ്വിറ്റ്‌സര്‍ലന്റിലെ ബേസല്‍ സര്‍വകലാശാലയിലെ പ്രൊഫസറായിരുന്ന ക്രിസ്ത്യന്‍ ഫ്രീഡ്രിച്ച് ഷോണ്‍ബെയ്ന്‍ എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് ഈ പുതിയ വാതകത്തിന് ഞാന്‍ മണക്കുന്നു (വാസനയുള്ളത്) എന്ന അര്‍ഥത്തില്‍ ഓസോണ്‍ എന്ന പേരു നല്‍കിയത്. തുടര്‍ന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജി.എം.ബി. ഡോബ്‌സണ്‍ ഓസോണിന്റെ ഘടനയും ഗുണങ്ങളും മനസിലാക്കി സ്ട്രാറ്റേസ്ഫിയറിലുള്ള ഓസോണിനെ അളക്കുന്നതിനുള്ള സ്‌പെക്‌ട്രോ ഫോട്ടോമീറ്റര്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഓസോണ്‍ പാളിയിലെ ശോഷണത്തെയാണ് വിള്ളല്‍ എന്നുപറയുന്നത്. ഓസോണിനെ സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനം വലിയ ഉത്സാഹത്തോടെ ഭാവി തലമുറയ്ക്കായി ഭൂമി മാതാവിനെ സംരക്ഷിക്കാനുള്ള ഓര്‍മ്മപ്പെടുത്തലായി കണ്ട് നാം പ്രവര്‍ത്തിക്കണം.
സംരക്ഷണ കവചം
അന്തരീക്ഷത്തിന്റെ സംരക്ഷണ കവചമായാണ് ഓസോണ്‍ പ്രവര്‍ത്തിക്കുന്നത്. സ്ട്രാറ്റോസ്ഫിയറില്‍ കാണപ്പെടുന്ന ഓസോണ്‍ സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളെ ഭൗമോപരിതലത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു തടയുന്നു. ഭൂമിയുടെ അന്തരീക്ഷത്തില്‍ 10 മുതല്‍ 50 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഓസോണ്‍ പാളി കാണപ്പെടുന്നത്. ഭൂമിയിലുള്ള സകല ജീവജാലങ്ങള്‍ക്കും ഏറെ ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ 93.99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു.
വിള്ളല്‍ വീണാല്‍
മനുഷ്യര്‍ ഉല്‍പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ചില രാസവസ്തുക്കള്‍ തന്നെയാണ് ഓസോണെന്ന ജീവസംരക്ഷണ കവച(പാളി)ത്തിന് ക്ഷതമേല്‍പ്പിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ട വില്ലന്‍ സി.എഫ്.സികള്‍ അഥവാ ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകളാണ്. നൈട്രജന്‍ ഓക്‌സൈഡ്, കാര്‍ബണ്‍ ടെട്രോ ക്ലോറൈഡുകള്‍, മീഥൈല്‍ ബ്രോമൈഡ് ഇങ്ങനെ നീളുന്നു പട്ടിക. ഓസോണ്‍ പാളിക്ക് ക്ഷതം സംഭവിച്ചാല്‍ ഓസോണിന്റെ സാന്ദ്രത കുറയുകയും ശക്തി കൂടിയ അള്‍ട്രാവയലറ്റ് വിഷരശ്മികള്‍ ഭൂമിയില്‍ എത്താന്‍ ഇടയാകുകയും ചെയ്യും. ഇത് മനുഷ്യരില്‍ മാലിഗ്‌നന്റ് മെലാനോമ പോലുള്ള മാരകമായ ചര്‍മ അര്‍ബുദങ്ങള്‍, കണ്ണില്‍ തിമിരം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുകയും ജീവികളുടെ പ്രതിരോധശക്തി തകരാറിലാക്കുകയും ചെയ്യുന്നു. ആഹാര ചങ്ങലയുടെ ഏറ്റവും അടിത്തട്ടിലുള്ള ഫൈറ്റോ പ്ലാങ്ടണ്‍ എന്ന സമുദ്രസസ്യം തുടങ്ങി നെല്‍ച്ചെടിക്ക് നൈട്രജന്‍ ആഗിരത്തിന് സഹായിക്കുന്ന സയാനോ ബാക്ടീരിയകളെ വരെ ഇതുനശിപ്പിക്കുന്നു. കാര്‍ഷിക വിളകളുടെ വംശനാശവും സമുദ്ര ആവാസവ്യവസ്ഥയുടെ തകിടം മറിച്ചിലിനും കടല്‍ ജീവികളുടേയും മത്സ്യസമ്പത്തിന്റെ തകര്‍ച്ചയ്ക്കും ഇത് വഴിവയ്ക്കും.
വര്‍ഷം തോറും നാല് ശതമാനം
1980 മുതല്‍ വര്‍ഷം തോറും 4% എന്ന തോതില്‍ ഓസോണ്‍ ശോഷണം സംഭവിക്കുന്നു എന്നാണ് കണക്ക്. അമേരിക്കല്‍ ഗവേഷകരായ ഡേവിഡ് ഹോഫ്മാന്‍, സൂസന്‍ സോളമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തലുകള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."