മുസ്ലിം ലീഗ് വനിതാ കൗണ്‍സിലറെ സി.പി.എം സംഘം വീട് കയറി ആക്രമിച്ചു
പയ്യന്നൂര്‍: തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിലുണ്ടായ എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു സംഘം സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുസ്ലിം ലീഗ് വനിതാ കൗണ്‍സിലറെ വീട് വളഞ്ഞ് ആക്രമിച്ചു. പരുക്കേറ്റ പയ്യന്നൂര്‍ നഗരസഭ തായിനേരി 33ാം വാര്‍ഡ് കൗണ്‍സിലര്‍ എം.കെ ഷമീമ(44), മകനും തായിനേരി എസ്.എബി.ടി.എം സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷഹബാസ്(19), മറ്റൊരു വിദ്യാര്‍ഥിയായ മുഹമ്മദ് സുഫൈദ് (17) എന്നിവരെ പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നൂറോളം സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വടിയും മറ്റ് ആയുധങ്ങളുമായി എത്തി വീട് വളയുകയും അകത്ത് കയറി ഷമീമയെയും മകനെയും ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഈ സമയം സംഭവം കണ്ട് തടയാന്‍ ശ്രമിച്ച ഷമീമയുടെ സഹോദരി സുബൈദക്ക് നേരെയും അക്രമികള്‍ കൈയേറ്റം നടത്തുകയും ചീത്ത പറയുകയും ചെയ്തതായി പരാതിയുണ്ട്. രാവിലെ സ്കൂളിലെത്തിയ എം.എസ്.എഫ് വിദ്യാര്‍ഥികളായ മുഹമ്മദ് ഷഹബാസിനെയും അഹമ്മദിനെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും മര്‍ദിച്ചവര്‍ മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് പ്രശ്നം പരിഹരിച്ചുവെന്നുമാണ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയത്. എന്നാല്‍ വൈകിട്ട് സ്കൂള്‍ വിട്ടതോടെ സംഘടിച്ചെത്തിയ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് പയ്യന്നൂര്‍ പൊലിസും എത്തിയിരുന്നു. ഇതിനിടെയാണ് സ്കൂളിന് തൊട്ടടുത്തുള്ള വനിതാ കൗണ്‍സിലറുടെ വീടാക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."