ബാര്‍കോഴ: ചെന്നിത്തലയെ ലക്ഷ്യമിട്ട് കേരളാ കോണ്‍ഗ്രസ് മുഖപത്രം
കോട്ടയം: കെ.എം മാണിക്കെതിരേയുള്ള ബാര്‍കോഴ ഗൂഢാലോചനക്കുപിന്നില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെന്ന് പേരെടുത്ത് പറയാതെ കേരളാ കോണ്‍ഗ്രസ് മുഖപത്രത്തില്‍ ലേഖനം. 'പ്രതിച്ഛായ'യുടെ പുതിയ ലക്കത്തിലാണ് ചെന്നിത്തലയുടെ പേരെടുത്തുപറയാതെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. ഇതോടെ ബാര്‍കേസിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകളും മുഖപത്രത്തിലൂടെ ലേഖനങ്ങളുമായി കോണ്‍ഗ്രസിനെതിരായ ആരോപണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റി മറ്റൊരാള്‍ മുഖ്യമന്ത്രിയാകാന്‍ നടത്തിയ ഗൂഢശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതിനാണ് കെ.എം.മാണിയെ ഗൂഢാലോചനയ്ക്കും കേസിനും ഇരയാക്കിയതെന്ന് ലേഖനം ആരോപിക്കുന്നു. യു.ഡി.എഫിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ കെ.എം.മാണിക്കും കുഞ്ഞാലിക്കുട്ടിക്കും യു.ഡി.എഫിലെ മറ്റ് ഘടകകക്ഷി നേതാക്കന്‍മാര്‍ക്കും വ്യക്തമായ റോളുണ്ട്. രമേശ് ചെന്നിത്തലക്കൊപ്പം കൂട്ടുചേരാന്‍ കെ.ബാബുവിനെയും അടൂര്‍ പ്രകാശിനെയും പ്രേരിപ്പിച്ചതിന് പിന്നില്‍ ചില അബ്കാരി താല്‍പര്യങ്ങളാണെന്ന് കെ.എസ്.സി(എം) സംസ്ഥാനപ്രസിഡന്റ്് അഡ്വ.രാകേഷ് ഇടപ്പുരയുടെ ലേഖനത്തില്‍ പറയുന്നു.
ജി. കാര്‍ത്തികേയന്റെ ചികിത്സയുമായി ബന്ധപ്പെട് രമേശ് ചെന്നിത്തല അമേരിക്കയിലായിരിക്കെയാണ് ബിജു രമേശ് കെ.എം മാണിയെ ലക്ഷ്യമിട്ട് ആരോപണമുന്നയിച്ചത്. ഇതിന്റെ തൊട്ടടുത്തദിവസം നെടുമ്പാശേരിയില്‍ എത്തിയ രമേശ് ചെന്നിത്തല ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാതെ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയെന്നോണമാണ് കെ.എം.മാണിക്കെതിരേ ദ്രുതപരിശോധനക്ക് ഉത്തരവിട്ടത്.
ബാര്‍ അനുവദിക്കുന്ന വിഷയത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനിന്റെ പ്രധാനനിര്‍ദേശം നടപ്പിലാകണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട നടപടികളുടെ കരട് തയാറാക്കി നിയമവകുപ്പിന്റെ അനുവാദത്തോടെ വേണം അന്തിമതീരുമാനം എടുക്കാന്‍. ഇതുമാത്രമാണ് നിയമമന്ത്രിക്ക് ബാര്‍ അനുവദിക്കുന്നതുമായുള്ള ബന്ധം. ബന്ധപ്പെട്ട ഫയലില്‍ നിയമവകുപ്പുമായി ആലോചിച്ച് ഉടനടി തീരുമാനമെടുക്കണമെന്ന് എക്‌സൈസ് വകുപ്പ് തീരുമാനിച്ചു. എന്നാല്‍ ഈ ഫയല്‍ 13 ദിവസം കഴിഞ്ഞിട്ടും നിയമവകുപ്പില്‍ എത്തിയില്ലെന്നത് സംശയാസ്പദമാണ്. രമേശ് ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും ഇക്കാര്യം അറിയാവുന്നതുമാണ്.
ഇത്തരത്തില്‍ ഫയല്‍ ഇല്ലെന്ന കാര്യം മറച്ചുവെച്ച്, കെ.എം.മാണി മനപൂര്‍വം ഫയല്‍ പിടിച്ചുവച്ചതുകൊണ്ടാണ് മന്ത്രിസഭയില്‍ എത്താതിരുന്നതെന്നും അതിനാലാണ് വി.എം.സുധീരന് ഇടപെടാന്‍ അവസരം ലഭിച്ചതെന്നും ചില മന്ത്രിമാര്‍ ബിജുരമേശിനെ ധരിപ്പിക്കുകയും ഇവര്‍ ചേര്‍ന്ന് ആരോപണം ഉന്നയിക്കുകയുമായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."