മോഹിച്ചത് ഒരൊറ്റ പന്ത്; കിട്ടിയത് മൂന്നെണ്ണം
കോഴിക്കോട്: ഒരൊറ്റ പന്താണ് അഫു (അഷ്ഫാഖ് മുഹമ്മദ്) മോഹിച്ചത്. എന്നാല്‍ കുഞ്ഞുമനസിന്റെ വലിയ നന്മയില്‍ കിട്ടിയത് മൂന്ന് കാല്‍പന്തുകള്‍. അതും മന്ത്രിയുടെ പക്കല്‍ നിന്ന്. കാല്‍പന്തുകളിയെ സ്‌നേഹിച്ചുതുടങ്ങുന്ന ഈ അഞ്ചുവയസുകാരന്‍ സ്വന്തമായി ഒരു ഫുട്‌ബോള്‍ വാങ്ങണമെന്ന ആഗ്രഹത്തില്‍ നാണയത്തുട്ടുകള്‍ ശേഖരിച്ചു വരികയായിരുന്നു.
അതിനിടെയാണ് പ്രളയദുരന്ത വാര്‍ത്ത ടി.വിയില്‍ കണ്ടത്. ഉടന്‍തന്നെ താന്‍ ശേഖരിച്ചുവച്ച നാണയത്തുട്ടുകള്‍ പ്രളയബാധിതരുടെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ നാളിതുവരെ താലോലിച്ച സ്വപ്നസാഫല്യത്തിന്റെ നിര്‍വൃതിയിലുമായി അവന്‍.
പ്രളയദുരിതബാധിതര്‍ക്ക് നഷ്ടപ്പെട്ട രേഖകളുടെ വിവരശേഖരണത്തിനുള്ള അദാലത്തിന്റെ ഭാഗമായി ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ യു.വി ജോസിനു നാണയത്തുട്ടുകള്‍ കൈമാറുകയായിരുന്നു. ഉടന്‍തന്നെ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ മൂന്നു ഫുട്‌ബോളും അഫുവിന് തിരികെ നല്‍കി. എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ് കോയ, ഡോ. എം.കെ മുനീര്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു.വി ജോസ്, സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, നെഹ്‌റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ എം. അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അഫു ഫുട്‌ബോള്‍ ഏറ്റുവാങ്ങിയത്.
അഫുവിന്റെ മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. നെഹ്‌റു യുവകേന്ദ്രയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും ചേര്‍ന്നാണ് ഈ അഞ്ചു വയസുകാരന്റെ സ്വപ്നം സഫലമാക്കിയത്.
കാരന്തൂര്‍ സെന്റ് അലോഷ്യസ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ദുരന്തഭൂമിയില്‍ കണ്ട കുഞ്ഞുമുഖങ്ങളെ ഓര്‍ത്താണ് അഫു തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതെന്ന് പിതാവ് പറഞ്ഞു. മുണ്ടിക്കല്‍താഴം സ്വദേശിയായ അഫ്‌റഫന്റെയും ബീഗം മെഹര്‍നിക്കിന്റെയും മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."