HOME
DETAILS
MAL
പാലത്തായി പീഡനക്കേസ്; ബാലാവകാശ കമ്മിഷന് പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴിയെടുത്തു
backup
September 16 2020 | 04:09 AM
തലശേരി: ബാലാവകാശ കമ്മിഷന് പാലത്തായി പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴിയെടുത്തു.
ഇന്നലെ രാവിലെ ഒന്‍പതോടെയാണ് വീട്ടിലെത്തി കമ്മിഷന് ചെയര്മാന് കെ.വി മനോജ്കുമാറും അംഗമായ ശ്യാമള ദേവിയും മൊഴി രേഖപ്പെടുത്തിയത്.
മൊഴി രേഖപ്പെടുത്തല്‍ 10.20 വരെ നീണ്ടു. കേസന്വേഷണത്തിലെ അപാകതകള്‍ കുടുംബം കമ്മിഷന് മുന്നില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് തലശേരി കോടതി ഹാളില്‍ നടന്ന സിറ്റിങ്ങില്‍ ക്രൈംബ്രാഞ്ച് സി.ഐ ടി. മധുസൂധനന്റെയും നേരത്തെ കേസന്വേഷിച്ച പാനൂര്‍ സി.ഐയായിരുന്ന ടി.പി ശ്രീജിത്തിന്റെയും മൊഴി രേഖപ്പെടുത്തി. അടുത്ത സിറ്റിങ്ങില്‍ പാനൂര്‍ സി.ഐ ഇ.വി ഫായിസലിയുടെ മൊഴി രേഖപ്പെടുത്തും.
ഇരയായ പെണ്‍കുട്ടിക്ക് ധനസഹായം നല്കാന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ചെയര്മാന് കെ.വി മനോജ്കുമാര്‍ പറഞ്ഞു. പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് കമ്മിഷനു മുന്‍പാകെ വരുന്നത്.
കേസില്‍ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയില്‍ നല്കിയ ഹരജി കഴിഞ്ഞദിവസം തള്ളിയിരുന്നു.
ലോക്കല്‍ പൊലിസ് ചുമത്തിയ പോക്സോ വകുപ്പ് പിന്നീട് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
ശാസ്ത്രീയമായ തെളിവില്ലാത്തതിനാലാണ് പോക്സോ ഒഴിക്കിയതെന്നായിരുന്നു അന്വേഷണസംഘം കുറ്റപത്രത്തില്‍ പറയുന്നത്.
കേസന്വേഷണം ശരിയായ രീതിയിലല്ല പോകുന്നതെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."