യമനിലെ ഹജ്ജാഹ് പ്രവിശ്യയില്‍ പോരാട്ടം കനക്കുന്നു; 140 വിമതര്‍ കൊല്ലപ്പെട്ടു
റിയാദ്: വിമതരില്‍ നിന്നും മോചനം തേടി നടക്കുന്ന പോരാട്ടം യമനില്‍ അതിശക്തമായി തുടരുന്നു. നിലവില്‍ പോരാട്ടം നടക്കുന്ന ഹജ്ജാഹ് പ്രവിശ്യയുടെ വിവിധ വില്ലേജുകളും പ്രദേശങ്ങളും തങ്ങളുടെ കീഴിലായതായി ഔദ്യോഗിക സര്‍ക്കാര്‍ സൈന്യം വ്യക്തമാക്കി. രൂക്ഷമായ പോരാട്ടത്തില്‍ നിരവധി നേതാക്കളടക്കം 140 ലധികം ഹൂതികള്‍ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു. ഹജ്ജാഹ് പ്രവിശ്യക്ക് പുറമെ സഅദ പ്രവിശ്യയിലും നടക്കുന്ന പോരാട്ടത്തിനിടെയാണ് ഇത്രയധികം വിമതര്‍ കൊല്ലപ്പെട്ടതെന്ന് സഊദി വാര്‍ത്താ ചാനലായ അല്‍ ഇഖ്ബാരിയ റിപ്പോര്‍ട്ട് ചെയ്തു. സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയുടെ അകമ്പടിയോടെയാണ് യമന്‍ സൈന്യം മുന്നേറുന്നത് സുഫ്‌യാന്‍ ഡയറക്റ്ററേറ്റിലും വിമതര്‍ക്കെതിരെ നീക്കം തുടങ്ങിയിട്ടുണ്ട്. ഹുദൈദ പ്രവിശ്യയുടെ തെക്കു പടിഞ്ഞാറ് ഭാഗമായ ദുറൈഹാമിയില്‍ സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഹൂതി മിസൈല്‍ വിദഗ്ദ്ധന്‍ കൊല്ലപ്പെട്ടു. ഹൂതി കരസേനയിലെ പ്രമുഖ കണ്ടന്‍ഡര്‍മാരിലൊരാളും ബാലിസ്റ്റിക്ക് മിസൈലടക്കം വിവിധ മിസൈലുകള്‍ കൈകാര്യം ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും നേതൃത്വം വഹിക്കുകയും ചെയ്തിരുന്ന താഹ അലി അഹ്മദ് അല്‍ ഹാംലിയാണ് കൊല്ലപ്പെട്ടതെന്ന് സഖ്യ സേന അറിയിച്ചു. ഏതാനും ദിവസമായി രൂക്ഷമായ പോരട്ടം നടക്കുന്ന യമനിലേക്ക് ഹൂതികള്‍ക്കെതിരെ പോരാടാന്‍ സഖ്യ സേനയിലെ സഊദി കഴിഞ ദിവസം കൂടുതല്‍ സൈന്യത്തെ യമനിലേക്ക് അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."