HOME
DETAILS
MAL
വിവാദ ഉത്തരവുമായി പൊതുഭരണവകുപ്പ്
backup
September 17 2020 | 03:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അതിഥി തൊഴിലാളികളില്‍ കൊവിഡ് പോസിറ്റീവാകുന്നവര്‍, രോഗലക്ഷണം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ അവരെ ജോലിക്ക് നിയോഗിക്കാമെന്ന പൊതുഭരണ വകുപ്പിന്റെ ഉത്തരവ് വിവാദത്തില്‍. സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവാകുന്നവര്‍, രോഗലക്ഷണമില്ലെങ്കിലും കുറഞ്ഞത് 10 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞതിനു ശേഷം ആന്റിജന്‍ പരിശോധന നടത്തണമെന്നും നെഗറ്റീവായാലും ഏഴു ദിവസം കൂടി ക്വാറന്റൈനില്‍ തുടരണമെന്നും നിഷ്‌കര്‍ഷിക്കുന്നയിടത്താണ് കൊവിഡ് പോസിറ്റീവായവരെ ജോലിക്ക് നിയോഗിക്കാമെന്ന വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത്ത് രാജന്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്.
കൊവിഡ് പോസിറ്റീവാകുന്ന തൊഴിലാളികള്‍ രോഗലക്ഷണം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ച് ജോലിക്ക് നിയോഗിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ ലക്ഷണമില്ലാത്ത കൊവിഡ് ബാധിതരെ ഒരേയിടത്താണ് നിയോഗിക്കേണ്ടത്. അവര്‍ മറ്റുള്ളവരുമായി ഇടപഴകാന്‍ പാടില്ല. അവര്‍ക്കുള്ള ഭക്ഷണവും താമസവും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേതിന് സമാനമായി സജ്ജമാക്കണമെന്നും ഉത്തരവില്‍ പറയുന്നു. രോഗലക്ഷണം പ്രകടിപ്പിച്ചാല്‍ ആ ദിവസം തന്നെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റണം.
അതേസമയം മടങ്ങിയെത്തുന്ന തൊഴിലാളികള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധനയില്‍ മാറ്റമില്ല. ഇവര്‍ കൊവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ക്വാറന്റൈന്‍ ചെലവ് കരാറുകാര്‍ വഹിക്കണം.
സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്വാറന്റൈന്‍ മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്ന് വ്യവസായ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."