കോര്‍പറേഷന്‍ നടപടിക്കെതിരേ പ്രതിഷേധം ശക്തം
കൊച്ചി: എറണാകുളം ബോട്ട് ജട്ടിയിലെ ജലഗതാഗത വകുപ്പിന്റെ കാന്റീന്‍ പൊളിച്ചു നീക്കിയ കോര്‍പറേഷന്‍ നടപടിക്കെതിരേ പ്രതിഷേധം ശക്തം. ഹൈക്കോടതി വിധിയും കലക്ടറുടെ ഉത്തരവും അവഗണിച്ച് കാന്റീന്‍ കെട്ടിടം പൊളിച്ചുനീക്കിയ കോര്‍പറേഷന്‍ നടപടിയെ നിയപരമായി നേരിടുമെന്ന് കരാറുകാരന്‍ വ്യക്തമാക്കി.
അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് പൊളിക്കാനുള്ള തീരുമാനവുമായി കോര്‍പറേഷന്‍ രംഗത്തെത്തുന്നത്. നഗരസഭയുടെ അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റുക എന്നത് നഗരസഭയുടെ കടമയാണെന്നു പറഞ്ഞായിരുന്നു നടപടി.
കരാറുകാരന്‍ കാന്റീന്‍ കെട്ടിടം ഏറ്റെടുക്കുന്നത് ഫെബ്രുവരിയിലാണ്. 53000 രൂപ പ്രതിമാസ വാടകയ്ക്കാണ് ജലഗതാഗതവകുപ്പില്‍ നിന്നും കാന്റീന്‍ ഏറ്റെടുക്കുന്നത്. ആ സമയം, കാന്റീന്‍ കെട്ടിടം തീര്‍ത്തും വൃത്തിഹീനമായിരുന്നു. കൂടാതെ പൊട്ടിപ്പൊളിഞ്ഞ് ഭിത്തികള്‍വരെ വീഴാറായ അവസ്ഥയിലുമായിരുന്നു.
ഈ സാഹചര്യത്തില്‍ ജലഗതാഗതവകുപ്പിന്റെ അനുമതി നേടിക്കൊണ്ട് വേഗത്തില്‍ അഴിച്ചുമാറ്റാവുന്ന തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ പഴയ കെട്ടിടം നിലനിര്‍ത്തിക്കൊണ്ട് തന്നെ ചെയ്യുകയായിരുന്നത്രേ. അതിനിടെയാണ് കെ.എസ്.ആര്‍.ടി.സി സ്ഥലത്തിന്റെ അവകാശവാദം ഉന്നയിച്ചുകൊണ്ട് ജില്ലാ കലക്ടറെ സമീപിച്ചത്. ഇതേതുടര്‍ന്ന്, കരാറുകാരന് കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോയ്ക്ക് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ലഭിക്കുകയും പണികള്‍ തുടരാന്‍ അനുമതി ലഭിക്കുകയും ചെയ്തു.
നിര്‍മാണം അനധികൃതമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നതോടെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ആഗസ്റ്റ് എട്ടിന് ഹിയറിംഗ് നടത്തിയശേഷം നടപടി സ്വീകരിക്കാന്‍ കോര്‍പറേഷന് കോടതി നിര്‍ദേശം നല്‍കി. ഹിയറിംഗ് നടത്തിയെങ്കിലും വീണ്ടും പൊളിക്കലുമായി കോര്‍പറേഷന്‍ മുന്നോട്ടു പോകുകയായിരുന്നു എന്ന് കരാറുകാരന്‍ ആരോപിക്കുന്നു.
ബുധനാഴ്ചയാണ് ആദ്യഘട്ട പൊളിക്കല്‍ നടന്നത്. ഇതിന് തുടക്കത്തില്‍തന്നെ കലക്ടര്‍ സ്റ്റേ അനുവദിച്ചു. കോടതി പരിഗണനയിലുള്ള വിഷയമായതിനാല്‍ കോര്‍പറേഷന്‍ നടപടി നിര്‍ത്തിവയ്ക്കണം എന്നായിരുന്നു കലക്ടറുടെ നിര്‍ദേശം. എന്നാല്‍, കലക്ടറുടെ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മേയര്‍ സൗമിനി ജെയിന്‍ കെട്ടിടം പൊളിച്ചു മാറ്റാന്‍ നഗരസഭയുടെ ടൗണ്‍പ്ലാനിംഗ് ഉദ്യോഗസ്ഥര്‍ക്ക് വ്യാഴാഴ്ച നിര്‍ദേശം നല്‍കിയത്.
വെകുന്നേരത്തോടെ കെട്ടിടത്തിന്റെ ഏറെക്കുറെ മുഴുവന്‍ ഭാഗങ്ങളും പൊളിച്ചു കളഞ്ഞപ്പോള്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ടുള്ള കോടതി ഉത്തരവ് വന്നു. ഇതോടെ നടപടികള്‍ നിര്‍ത്തിവച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി. ആദ്യം രണ്ടാം നിലയിലെ നിര്‍മാണവും ശേഷം താഴത്തെ നിലയും പൊളിച്ചു. പൊളിക്കല്‍ നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായപ്പോഴാണ് കോടതിയുടെ ഇടപെടല്‍. അതേസമയം, കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയും ജലഗതാഗത വകുപ്പും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് പൊളിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ഈ രണ്ടു വകുപ്പുകളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹിയറിംഗ് നടത്താനിരിക്കുകയാണ്. സ്ഥല ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് നഗരസഭയല്ല, റവന്യു വകുപ്പാണ്. എന്നാല്‍, നടപടി ക്രമങ്ങളെല്ലാം പാലിച്ചാണു അനധികൃതമായി നിര്‍മിച്ച കെട്ടിടം പൊളിക്കാന്‍ നടപടി സ്വീകരിച്ചതെന്ന് മേയര്‍ സൗമിനി ജെയിന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."