എല്ലാ വകുപ്പുകളും ആറുമാസത്തിനകം പഞ്ചിങ് ഏര്‍പ്പെടുത്തണം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിങ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി.
എല്ലാ വകുപ്പുകളും ആറുമാസത്തിനകവും സിവില്‍ സ്റ്റേഷനുകള്‍ മൂന്നുമാസത്തിനകവും സ്പാര്‍ക് ബന്ധിത പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഉത്തരവില്‍ പറയുന്നു. സ്പാര്‍ക് മുഖേന ശമ്പളം ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ആധാര്‍ അധിഷ്ഠിത പഞ്ചിങ് സംവിധാനം സ്ഥാപിക്കണം.
സ്പാര്‍ക്ക് സംവിധാനം നിലവിലില്ലാത്ത ഓഫിസുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജെം (ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് ) വഴി ബയോമെട്രിക് മെഷിനുകള്‍ വാങ്ങി അറ്റന്‍ഡന്‍സ് സംവിധാനം സ്ഥാപിക്കണമെന്നും മേലധികാരികള്‍ ജീവനക്കാരുടെ ഹാജര്‍ നിരീക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പഞ്ചിങ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറില്‍ പരിശീലനം നല്‍കുന്നതിന് ജില്ലകളില്‍ കെല്‍ട്രോണിന്റെ ഓരോ ഉദ്യോഗസ്ഥരെ കെല്‍ട്രോണ്‍ മാനേജിങ് ഡയരക്ടറും എല്ലാ ജില്ലകളിലും രണ്ടുപേരെ മാസ്റ്റര്‍ ട്രെയിനര്‍മാരായി ജില്ലാ കലക്ടര്‍മാരും നിയമിക്കണം. സംസ്ഥാനവ്യാപകമായി പഞ്ചിങ് മെഷിന്‍ സ്ഥാപിക്കുന്നതിന്റെ പുരോഗതി ഐ.ടി മിഷന്‍ നിരീക്ഷിക്കണം. പഞ്ചിങ് സംവിധാനം നടപ്പാക്കേണ്ട പൂര്‍ണചുമതല അതത് വകുപ്പ് സെക്രട്ടറിമാര്‍ക്കും മേധാവിക്കുമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ബയോമെട്രിക് പഞ്ചിങ് സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
എന്നാല്‍, എത്രനാള്‍കൊണ്ട് ഈ സംവിധാനം പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നില്ല. അതിനാണ് ഇപ്പോള്‍ വ്യക്തതവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."