ധോണി-രോഹിത് പോരാട്ടം
ചെന്നൈ:ഐ.പി.എല്ലിലെ ആദ്യ ക്വാളിഫെറില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും. തുല്യ ശക്തികള്‍ ഏറ്റുമുട്ടുന്ന മത്സരത്തില്‍ ജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് പ്രവചനാതീതമാണ്. ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ നേതൃത്വത്തില്‍ ശക്തമായ ബാറ്റിങ്‌നിരയുമായി ഇറങ്ങുന്ന ചെന്നൈയും ഹിറ്റ്മാന്‍ രോഹിതിന്റെ കീഴില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ തന്ത്രങ്ങളുമായി ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പോരാട്ടത്തില്‍ ഇന്ന് തീപാറുമെന്നുറപ്പാണ്.
പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് മുംബൈയും ചെന്നൈയും. ഇരു ടീമുകള്‍ക്കും 18 പോയിന്റാണുള്ളതെങ്കിലും റണ്‍ ശരാശരിയില്‍ മുംബൈ ഇന്ത്യന്‍സാണ് മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു പട്ടികയില്‍ ഒന്നാമത്. അവസാന മത്സരത്തില്‍ പഞ്ചാബിനോട് പരാജയപ്പെട്ടത് കാരണമാണ് ചെന്നൈയുടെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. തൊട്ടപ്പുറത്ത് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്തയെ പരാജയപ്പെടുത്തുകയും ചെയ്തതോടെ മുംബൈ ഒന്നാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 12 പന്തുകള്‍ ബാക്കി നില്‍ക്കെ ആറ് വിക്കറ്റിനായിരുന്നു പഞ്ചാബ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ബാറ്റ്‌സ്മാന്‍മാര്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയരാത്തതായിരുന്നു തോല്‍വിക്ക് കാരണം. നാല് ഓവര്‍ എറിഞ്ഞ ഹര്‍ബജന്‍ 57 റണ്‍സായിരുന്നു വിട്ട് നല്‍കിയത്. ഇന്ത്യയുടെ കരുത്തരായ നായകന്‍മാരായ രോഹിത് ശര്‍മയും ധോണിയും നയിക്കുന്ന ടീമുകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഇന്ന് മികച്ചൊരു മത്സരം പ്രതീക്ഷിക്കാം. 14 മത്സരങ്ങള്‍ കളിച്ച ചെന്നൈ ഒമ്പത് മത്സരത്തില്‍ ജയിക്കുകയും അഞ്ചെണ്ണത്തില്‍ തോല്‍ക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ ചെന്നൈക്കെതിരേ രണ്ട് തവണ കളിച്ചപ്പോഴും മുംബൈയായിരുന്നു ജയം സ്വന്തമാക്കിയത്.
ആദ്യ മത്സരത്തില്‍ 37 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. രണ്ടാം മത്സരത്തില്‍ 46 റണ്‍സിനുമായിരുന്നു മുംബൈ ജയിച്ചത്. രണ്ടാം മത്സരത്തില്‍ ധോണി ഇല്ലാതെ ഇറങ്ങിയ ചെന്നൈ ബാറ്റിങ്‌നിര പൂര്‍ണ പരാജയമായിരുന്ന. 35 പന്തില്‍ 38 റണ്‍സെടുത്ത മുരളി വിജയിയായിരുന്നു ചെന്നൈ ബാറ്റിങ് നിരയിലെ ടോപ് സ്‌കോറര്‍. എട്ട് താരങ്ങള്‍ രണ്ടക്കം കാണാതെയാണ് പുറത്തായത്. ആദ്യ മത്സരത്തിലെ തോല്‍വിയിലും മുംബൈയുടെ ബൗളിങ്‌നിരക്ക് മുന്നിലായിരുന്നു ചെന്നൈ തകര്‍ന്നത്. അന്ന് 20 ഓവറില്‍ 133 റണ്‍സ് മാത്രമേ ചെന്നൈക്ക് എടുക്കാന്‍ കഴിഞ്ഞുള്ളു.
മൂര്‍ച്ചയുള്ള മുംബൈ ബൗളിങ് നിരക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇന്ന് ചെന്നൈയുടെ ഫൈനല്‍ മോഹങ്ങള്‍ പൂവണിയുകയുള്ളൂ. ലസിത് മലിംഗ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരടങ്ങുന്ന ബൗളിങ് നിരയാണ് മുംബൈയുടെ കരുത്ത്. ബൗളിങ് നിരയുടെ കഴിവ് മുതലെടുക്കാനായാല്‍ കരുത്തുറ്റ ചെന്നൈ ബാറ്റിങ്‌നിരയെ നിസംശയം ഇന്ന് പരാജയപ്പെടുത്താനാകും. കിരീടം നിലനിര്‍ത്താന്‍ കയ്‌മെയ് മറന്ന് പോരാടാനാണ് ചെന്നൈയുടെ തീരുമാനമെന്ന് നായകന്‍ ധോണി പറഞ്ഞു. ചെന്നൈയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത് എന്ന മുന്‍തൂക്കം ധോണിക്കും കൂട്ടര്‍ക്കുമുണ്ട്. എന്നാല്‍ രണ്ട് പ്രാവശ്യം മത്സരിച്ചപ്പോഴും ജയം കൈവരിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇറങ്ങുന്നത്. ചെന്നൈയെ ഇതുവരെ എതിരാളിയായി കണ്ടിട്ടില്ല. ചെന്നൈക്കെതിരേയുള്ള നിര്‍ണായകമായ രണ്ട് മത്സരത്തിലും ഞങ്ങളായിരുന്നു ജയിച്ചത്, ഇന്നത്തെ മത്സരത്തിലും അതു തന്നെയായിരിക്കും ഫലമെന്ന് മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. രാത്രി 7.30നാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."