പ്രളയം: പിന്തുണയുമായി മഹാരാഷ്ട്രയിലെ വിദ്യാര്‍ഥികളും അധ്യാപകരും
കൊച്ചി: പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിലെ വിവിധ ജില്ലകളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി മഹാരാഷ്ട്രയിലെ കോളജ് വിദ്യാര്‍ഥികളും അധ്യാപകരും. മഹാരാഷ്ട്രയിലെ യവദ്മാള്‍ ജില്ലയിലെ മഹാത്മാ ജ്യോതിറാവു ഫൂലൈ കോളജിലെയും സാവിത്രി ജ്യോതിറാവു കോളജിലെയും സാമൂഹ്യ സേവന വിഭാഗം വിദ്യാര്‍ഥികളും അധ്യാപകരുമാണ് സേവനരംഗത്തുള്ളത്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ പ്രളയമുണ്ടായപ്പോഴും സഹായം ചെയ്യാന്‍ ഇവര്‍ ഓടി എത്തിയിരുന്നു. ഭൂകമ്പം ദുരന്തം വിതച്ച ഗുജറാത്തിലെ കച്ചില്‍, സുനാമി നാശം വിതച്ച തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍, ചുഴലിക്കാറ്റ് നാശം വിതച്ച ആന്ധ്രയുടെ തീരങ്ങളിലെല്ലാം സഹായമെത്തിച്ചവരാണിവര്‍. വയനാട്, ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് ഇവര്‍ കഴിഞ്ഞ മാസം 24 മുതല്‍ സേവനരംഗത്തുള്ളത്. 100പേരാണ് സംഘത്തിലുള്ളത്.
രാവിലെ മുതല്‍ വൈകീട്ട് വരെ തങ്ങളുടെ വീട് വൃത്തിയാക്കിയ കുട്ടികള്‍ക്ക് എന്ത് നല്‍കുമെന്ന് വിഷമിച്ച അമ്മമാരുടെ വികാരങ്ങള്‍ തങ്ങള്‍ക്ക് വലിയ അനുഭവമാണ് നല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവരില്‍ ഭൂരിഭാഗവും.
സംഘത്തിലെ 50 ശതമാനം പേര്‍ ആദ്യമായാണ് നാട്ടില്‍ നിന്നും പുറത്തേക്ക് വരുന്നത്. 80 ശതമാനം പേരും ആദ്യമായി കേരളത്തിലെത്തിയവരും. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം ഏറെ ഹൃദ്യമാണെന്ന് ഇവര്‍ പറയുന്നു. ഓരോ ദിവസത്തെ സേവനത്തിന് ശേഷവും കുട്ടികള്‍ ആ ദിവസത്തെ അനുഭവങ്ങള്‍ തങ്ങളുടെ ഡയറികളില്‍ കുറിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ സേവനം നല്‍കിയിട്ടുള്ള കോളജിലെ അധ്യാപകര്‍ ഇവിടുത്തെ ദുരിതാശ്വാസ പ്രവര്‍ത്തന രംഗം വേറിട്ടതും മികച്ചതുമാണെന്നും സാക്ഷ്യപ്പെടുത്തുന്നു. കൂടുതല്‍ ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചത് ജനങ്ങളുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണെന്ന് ഇവര്‍ കരുതുന്നു. ഈ മാസം 10 വരെ സേവനരംഗത്ത് തുടരാനാണ് ഇവരുടെ തീരുമാനം.കൂടുതല്‍ സേവനം ആവശ്യമാണെങ്കില്‍ പിന്നീടും ഇവിടെ തുടരുമെന്ന് പ്രൊഫ. രതന്‍ദിപ് ഗാംഗലെ വ്യക്തമാക്കി. റിസര്‍വേഷനില്ലാതെയാണ് തങ്ങള്‍ ട്രെയിനില്‍ ഇവിടെ എത്തിയത്. തിരിച്ചും അങ്ങനെ തന്നെപോകും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."