അടിച്ചേല്‍പ്പിക്കരുത്: സാലറി കട്ടിനെതിരേ സി.പി.ഐ സംഘടനയും
തിരുവനന്തപുരം: അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആറു മാസം കൂടി സാലറി കട്ട് അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സി.പി.ഐ അനുകൂല സംഘടനയായ ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍. പ്രളയകാലത്തും ഈ മഹാമാരിയിലും സര്‍ക്കാരിനൊപ്പം സ്വമേധയാ സഹകരിച്ചവരാണ് അധ്യാപകരും ജീവനക്കാരും.
കൊവിഡ് പ്രതിസന്ധിയിലും ഒരു മാസത്തെ ശമ്പളം ഗഡുക്കളായി നല്‍കി സഹകരിച്ച സര്‍ക്കാര്‍ ജീവനക്കാരോട് നിരന്തര സാലറി ചലഞ്ചിലൂടെ നീതികേട് കാട്ടരുത്.
ജനങ്ങളുടെ പക്ഷത്തു നില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മികച്ച സാമ്പത്തിക പിന്തുണ നല്‍കിയത് അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരുമാണ്.
എന്നാല്‍ ഇപ്പോള്‍ സാമൂഹിക സാഹചര്യങ്ങള്‍ മാറി. വായ്പാ തിരിച്ചടവും അടിയന്തിരാവശ്യങ്ങളും ആറു മാസമായി മാറ്റിവച്ച ജീവനക്കാരോട് ഒന്‍പതുശതമാനം പലിശ ആനുകൂല്യം നല്‍കുമെന്ന വാഗ്ദാനത്തോടെ വീണ്ടും സാലറി കട്ടിന് ശ്രമിക്കുന്നത് അനീതിയാണ്.
അതിനാല്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന എ.കെ.എസ്.ടി.യു ഉള്‍പ്പെടെയുള്ള സംഘടനകളെ പ്രക്ഷോഭങ്ങളിലേക്ക് വലിച്ചിഴക്കാതെ മറ്റ് പ്രായോഗിക നിര്‍ദ്ദേശങ്ങളിലൂടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കണമെന്നും എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എന്‍. ശ്രീകുമാറും ജനറല്‍ സെക്രട്ടറി ഒ.കെ ജയകൃഷ്ണനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."