ലൈഫ് മിഷന് രേഖകള്‍ നല്‍കണം; മുഖ്യമന്ത്രിക്ക് വീണ്ടും ചെന്നിത്തലയുടെ കത്ത്
രേഖകള്‍ തന്നില്ലെങ്കില്‍ ടാസ്ക് ഫോഴ്സില്‍ നിന്നും ഒഴിവാക്കണം
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും റെഡ് ക്രസന്റും തമ്മിലും റെഡ് ക്രസന്റും യൂണിടാക്കും തമ്മിലുമുണ്ടാക്കിയിട്ടുള്ള കരാറുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നല്കി. നേരത്തെ കത്ത് നല്കി ഒരു മാസം കഴിഞ്ഞിട്ടും രേഖകള്‍ നല്കാന് സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് വീണ്ടും കത്ത് നല്‍കിയത്. രേഖകള്‍ നല്കാന് തയാറല്ലെങ്കില്‍ ലൈഫ് മിഷന്റെ ടാസ്ക് ഫോഴ്സില്‍നിന്നും തന്നെ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയ പദ്ധതിയുമായി ബന്ധപ്പെട്ട് 4.5 കോടി രൂപയുടെ കമ്മിഷന് ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുതന്നെ ചൂണ്ടിക്കാണിച്ചു. എന്നിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരു അന്വേഷണത്തിനും സര്‍ക്കാര്‍ തയാറായിട്ടില്ല. പാര്‍പ്പിട മിഷന് ടാസ്ക്ഫോഴ്സിന്റെ പ്രത്യേക ക്ഷണിതാവായി സര്‍ക്കാര്‍ പ്രതിപക്ഷ നേതാവിനെക്കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ രേഖകള്‍ പരിശോധിക്കാന്‍ അവകാശമുണ്ട്. അത് എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിനു നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒഴിവാക്കണമെന്നാണ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."